കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പദ്ധതികളുമായി ബാലാവകാശ കമ്മിഷന്
കോഴിക്കോട്: കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ബാലാവകാശ കമ്മീഷന് വിപുലമായ പരിപാടികള്‍. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമങ്ങളെ ബാല സൗഹൃദമാക്കി മാറ്റുകയാണ് ലക്ഷ്യം. ബാലാവകാശ കമ്മീഷന് അംഗങ്ങളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലെയും ബാലാവകാശ സംരക്ഷണ സമിതികളുടെ (സി.പി.സി) യോഗം ചേര്‍ന്നു പരിപാടികള്‍ ആസൂത്രണം ചെയ്തതായി ബാലാവകാശ കമ്മീഷന് ചെയര്മാന് പി. സുരേഷ് അറിയിച്ചു.
തദ്ദേശ സ്ഥാപനതലത്തില്‍ ബാലാവകാശ സംരക്ഷണ സമിതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. പോലിസ്, സൈക്കോളജിസ്റ്റ്, കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗങ്ങളിലാണ് പദ്ധതി രൂപപ്പെടുത്തിയത്. പഞ്ചായത്ത് തലത്തിലുള്ള സമിതികളെ ശാക്തീകരിക്കുന്നതാണ് അടുത്ത ഘട്ടം. ഇതിനായി ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു പരിശീലനം നല്കി കുട്ടികളുടെ അവസ്ഥാ പഠനത്തിലൂടെ ബാലസൗഹൃദ കേരളം സാധ്യമാക്കുകയാണ് ലക്ഷ്യം.
ഗ്രാമാന്തരങ്ങളില്‍ പ്രത്യേക സമിതികളുണ്ടാകുമ്പോള് കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഫലപ്രദമായി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. അതിന് സമിതികളെ പ്രാപ്തമാക്കുന്ന പരിശീലനങ്ങളാണ് ശില്പശാലകളില് നല്‍കുക. കൂടാതെ അഞ്ചു ദിവസത്തെ ലീഗല്‍ വര്‍ക്ഷോപ്പ്, കുട്ടികള്‍ക്ക് പാര്‍ലമെന്ററി അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, സ്കൂള്‍, കോളജ് തലത്തില്‍ വിവിധ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. പരിശീലന പരിപാടിയുടെ ഭാഗമായി കേരളത്തിലുടനീളം നാല്പതു ശില്പശാലകള് സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം 27നു തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ജോസഫ് റെബല്ലോ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."