ആര്‍.എസ്.എസ് നേതാവിന്റെ വിവാദ പ്രസ്താവന; വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു
ന്യൂഡല്‍ഹി: മാംസാഹാരം കഴിക്കുന്നത് മുസ്‌ലിംകള്‍ ഒഴിവാക്കണമെന്ന ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ പരമാര്‍ശം ജാമിയ മില്ലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടയാക്കി. സംഘ്പരിവാര്‍ നേതാവിന്റെ വിവാദ പരാമര്‍ശത്തിനെതിരായ പ്രതിഷേധം തുടരുകയാണ്.
തിങ്കളാഴ്ച സംഘ്പരിവാറിന്റെ മുസ്‌ലിം വിഭാഗമായ മുസ്‌ലിം രാഷ്ട്രീയ മഞ്ച് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്. ഇഫ്താര്‍ വിരുന്നിലെ മുഖ്യാതിഥിയായിരുന്നു ഇന്ദ്രേഷ് കുമാര്‍. മാംസാഹാരം രോഗം വരുത്തും. അത് മുസ്‌ലിംകള്‍ ഒഴിവാക്കണമെന്ന് പറഞ്ഞതോടെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.
മാംസം ഒഴിവാക്കി ആവശ്യമെങ്കില്‍ പശുവിന്‍ പാല്‍ മാത്രം കഴിക്കാം എന്നും അദ്ദേഹം ഉപദേശിച്ചു. ഇതെതുടര്‍ന്ന് രൂക്ഷമായ പ്രതിഷേധമുണ്ടായതോടെ പൊലിസ് ഇടപെട്ടാണ് സംഘര്‍ഷത്തിന് അയവുവരുത്തിയത്.
ജാമിയ മില്ലിയ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ തലാത്ത് അഹമ്മദിനും ചടങ്ങിന് ക്ഷണമുണ്ടായിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കവേ മുസ്‌ലിംകള്‍ക്ക് ഉപദേശങ്ങള്‍ നല്‍കാനും അദ്ദേഹം മറന്നില്ല. ഇതിന് മുന്‍പും ഇദ്ദേഹം ഒട്ടേറെ വിവാദ പരാമര്‍ശങ്ങള്‍ നടത്തി വെട്ടിലായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു രാജ്യദ്രോഹിയാണെന്ന ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് ഇടവച്ചിരുന്നത്.്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."