ഗോകുലം ഫൈനലില്‍
കൊല്‍ക്കത്ത: ഡ്യൂറാന്റ് കപ്പിന്റെ കിരീടത്തോട് അടുത്ത് ഗോകുലം. ഇന്നലെ നടന്ന ഫൈനലില്‍ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയതോടെയാണ് പങ്കെടുത്ത ആദ്യ ഡ്യൂറാന്റ് കപ്പില്‍ തന്നെ ഗോകുലം ഫൈനലില്‍ പ്രവേശിച്ചത്.
ശക്തമായ ചെറുത്ത് നില്‍പ്പിനൊടുവിലായിരുന്നു ഗോകുലം ഈസ്റ്റ് ബംഗാളിന്റെ തട്ടകത്തില്‍ അവരെ തറപറ്റിച്ചത്. കളിയുടെ തുടക്കം മുതല്‍ ആരാധകര്‍ ആരവങ്ങളുമായി ഈസ്റ്റ് ബംഗാളിനെ പിന്തുണച്ച് കൊണ്ടിരുന്നു. ഗാലറിയിലെ ആര്‍പ്പുവിളികള്‍ക്കിടെ ഗോകുലത്തിന്റെ നെഞ്ച് തുളച്ച് കൊണ്ട് ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഗോള്‍ പിറന്നു. 18-ാം മിനുട്ടില്‍ സമദ് അലി മല്ലിക്ക് ഈസ്റ്റ് ബംഗാളിന് ലീഡ് നേടിക്കൊടുത്തു. ആരവങ്ങള്‍ക്കിടയില്‍ ആദ്യ ഗോള്‍ വീണെങ്കിലും ഗോകുലം തളര്‍ന്നില്ല. ശക്തമായ പ്രതിരോധവും മുന്നേറ്റവും തീര്‍ത്ത് ഈസ്റ്റ് ബംഗാളിനെ വിറപ്പിച്ച് കൊണ്ടിരുന്നു. എന്നാല്‍ കളിയുടെ അവസാന നിമിഷത്തില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചതോടെ ഗോകുലം സമനില പിടിച്ചു.
ഇതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. അധിക സമയത്ത് ഗോകുലം നിരന്തരം ഈസ്റ്റ് ബംഗാള്‍ ഗോള്‍മുഖത്ത് അക്രമം അഴിച്ച് വിട്ടെങ്കിലും മലയാളി ഗോള്‍ കീപ്പര്‍ മിര്‍ഷാദ് തടയുകയായിരുന്നു. ഗോളെന്നുറച്ച രണ്ട് അവസരങ്ങള്‍ മാര്‍ക്കസ് ജോസഫിന് ലഭിച്ചെങ്കിലും മിര്‍ഷാദ് തട്ടിയകറ്റിയതോടെ ഈസ്റ്റ് ബംഗാളിന്റെ ആയുസ് നീണ്ടു. ഗോകുലം ഗോള്‍ പോസ്റ്റില്‍ ഉബൈദും കരുത്തായി നിന്നപ്പോള്‍ ഈസ്റ്റ് ബംഗാളിന്റെ ഗോളവസരങ്ങളും നഷ്ടപ്പെട്ടു. അധിക സമയത്തും ഗോള്‍ രഹിതമായതോടെ മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടു. പെനാല്‍റ്റിയില്‍ ഗോകുലം ഗോള്‍ കീപ്പര്‍ ഉബൈദ് ഹീറോ ആയതോടെയായിരുന്നു ഗോകുലം ആദ്യമായി പങ്കെടുത്ത ഡ്യൂറാന്റ് കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."