കര്‍ഷക പ്രക്ഷോഭം: പൊലിസ് വെടിവയ്പ്പ്; അഞ്ചുപേര്‍ മരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശില്‍ കര്‍ഷക പ്രതിഷേധത്തിനുനേരെ പൊലിസ് നടത്തിയ വെടിവയ്പ്പില്‍ അഞ്ചുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരുക്കേറ്റു. പിപാലിയ സ്വദേശി കനയ്യലാല്‍ പട്ടേല്‍, തക്രാവാദ് സ്വദേശി ബബ്‌ലു പട്ടേല്‍, പ്രേം സിങ് എന്നിവരാണ് മരിച്ചത്. മറ്റുരണ്ടുപേരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് പൊലിസ് അറിയിച്ചു.
പൊലിസ് വെടിവയ്പ്പും മൂന്നുപേരുടെ മരണവും ജനങ്ങളുടെ രൂക്ഷമായ പ്രതിഷേധത്തിനാണ് വഴിവച്ചത്. മൗ-നാസിറാബാദ് റോഡ് മണിക്കൂറുകളാണ് ജനങ്ങള്‍ ഉപരോധിച്ചത്. വരള്‍ച്ചയെതുടര്‍ന്ന് പ്രതിസന്ധിയിലായ കാര്‍ഷിക മേഖലക്ക് അടിയന്തര ധനസഹായം നല്‍കുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 350 കി.മീറ്റര്‍ അകലെയുള്ള മന്ദസൂര്‍ ജില്ലയില്‍ നടത്തിയ കര്‍ഷകരുടെ പ്രതിഷേധത്തിനുനേരെയാണ് വെയിവയ്പ്പുണ്ടായത്.
കാര്‍ഷിക മേഖലയിലെ തകര്‍ച്ച കാരണം രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ മരിക്കുന്ന സംസ്ഥാനം കൂടിയാണ് മധ്യപ്രദേശ്. തങ്ങളുടെ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ പൊലിസ് സ്റ്റേഷന്‍ കൊള്ളയടിക്കുകയും തുടര്‍ന്ന് അഗ്നിക്കിരയാക്കുകയും ചെയ്തു.
പ്രതിഷേധത്തെ നേരിടാനായി പ്രദേശത്തേക്ക് കൂടുതല്‍ സുരക്ഷാ സേനയെ നിയോഗിക്കുകയും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. അക്രമം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ഈ സര്‍ക്കാര്‍ കര്‍ഷകരുമായി തുറന്ന യുദ്ധത്തിലേക്ക് എത്തിയതായി എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സര്‍ക്കാര്‍ കര്‍ഷകര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ പറഞ്ഞു. എന്നാല്‍ കര്‍ഷകരുടെ പ്രക്ഷോഭത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കോണ്‍ഗ്രസിന്റെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചു.
പൊലിസ് വെടിവയ്പ്പില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സാരമായി പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നല്‍കും. കാര്‍ഷിക ലോണ്‍ എഴുതി തള്ളണമെന്നാവശ്യപ്പെട്ട് ഒരാഴ്ചയോളമായി കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിസംഗത തുടരുന്നത് കര്‍ഷകര്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.ഇതാണ് ഇന്നലെ ആളിക്കത്തി പിപാലിയ പൊലിസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ കാരണമായത്. പ്രതിഷേധത്തിനിടയില്‍ അക്രമമുണ്ടാകാന്‍ കാരണമായത് സാമൂഹിക ദ്രോഹികളുടെ ഇടപെടലാണെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് ആരോപിച്ചു. ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കര്‍ഷകന്റെ മകനാണ് താനെന്ന് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹം പൊലിസിനെ ഉപയോഗിച്ച് കര്‍ഷകരെ കൊലപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് എം.പിയുമായ ജ്യോതിരാദിത്യ സിന്ധ്യ ആരോപിച്ചു. പൊലിസ് വെടിവയ്പ്പിനെക്കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ജെ.പിയുടെ ശക്തി ദുര്‍ഗങ്ങളിലൊന്നായ സംസ്ഥാനമാണ് മധ്യപ്രദേശ്. കഴിഞ്ഞ 14 വര്‍ഷമായി ഇവിടെ തുടര്‍ച്ചയായി ഭരണം നടത്തിയിട്ടും കര്‍ഷകരുടെ ദുരിതമകറ്റാന്‍ കഴിയുന്ന തരത്തിലുള്ള നടപടികള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിന് കഴിയാത്തത് സംസ്ഥാന ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ തന്നെ കടുത്ത എതിര്‍പ്പിന് വഴിവച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ അയല്‍ സംസ്ഥാനമായ ഗുജറാത്തില്‍ നടക്കുന്നതിനിടയില്‍ മധ്യപ്രദേശില്‍ പൊലിസ് വെടിവയ്പ്പില്‍ മരിച്ച മൂവരും പട്ടേല്‍ സമുദായക്കാരായത് ബി.ജെ.പിക്ക് ഗുജറാത്തില്‍ കനത്ത തിരിച്ചടിയാകും. ഗുജറാത്തില്‍ പട്ടേല്‍ സമുദായം നിര്‍ണായക ശക്തിയാണെന്നിരിക്കെ അടുത്ത ദിവസങ്ങളില്‍ പ്രതിഷേധം ഗുജറാത്തിലും കത്തിപ്പടരുമെന്നാണ് സൂചന.
സഹായത്തിന് അപേക്ഷിച്ചവര്‍ക്ക് ബുള്ളറ്റുകൊണ്ടാണ് സര്‍ക്കാര്‍ മറുപടി നല്‍കിയതെന്നും ഇത്തരം നടപടി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറന്തള്ളാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുമെന്നും പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ ഗുജറാത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."