പെപ്‌സിയിലെ കരാര്‍ തൊഴിലാളികളുടെ പ്രതിഷേധസമരത്തിനു നേരെ ലാത്തിചാര്‍ജ്
പാലക്കാട്: പെപ്‌സിയിലെ കരാര്‍ തൊഴിലാളികളുടെ പ്രതിഷേധ സമരത്തിനു നേരെ പൊലിസ് ലാത്തിചാര്‍ജ് നടത്തി. സ്ത്രീകള്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒന്‍പതു പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു പൊലിസുകാരനും പരുക്കുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് സംയുക്ത യൂനിയന്റെ ആഭിമുഖ്യത്തില്‍ ഇന്ന് കഞ്ചിക്കോട് വ്യവസായ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് വ്യവസായ ഹര്‍ത്താല്‍. മൂന്നു കരാറുകാര്‍ക്കു കീഴിലായി 248 തൊഴിലാളികളാണ് പെപ്‌സി കമ്പനിയില്‍ ജോലി ചെയ്തിരുന്നത്. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കമ്പനി ഉത്പാദനം നിര്‍ത്തിയതോടെ ഒരു കരാറുകാരനു കീഴിലുള്ള 129 പേരെ പിരിച്ചുവിട്ടിരുന്നു. ഈ കരാര്‍ തൊഴിലാളികള്‍ ദേശീയപാതയ്ക്കു സമീപം ആലാമരം ജങ്ഷനില്‍ നടത്തിയ സമരത്തിനു നേരെയാണ് ഇന്നലെ രാവിലെ ഒമ്പതരയോടെ പൊലിസ് ലാത്തിചാര്‍ജ് നടന്നത്.
നൂറോളം വരുന്ന കരാര്‍ തൊഴിലാളികള്‍ സമരം നടത്തുന്നതിനിടെ അതുവഴി കമ്പനിയിലെ സ്ഥിരം ജീവനക്കാരുമായി വന്ന വാഹനം തടഞ്ഞു. മാനേജ്‌മെന്റ് പ്രതിനിധികളുമായി സംസാരിക്കുന്നതിനിടെ പൊലിസ് ഇടപെട്ട് സമരക്കാരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. വാഹനം കടത്തിവിടാനുള്ള പൊലിസിന്റെ ശ്രമത്തിനിടെയാണ് പ്രതിഷേധക്കാര്‍ക്കു നേരെ ലാത്തിവീശിയത്.
സംഘര്‍ഷത്തില്‍ സി.ഐ.ടി.യു താലൂക്ക് യൂനിയന്‍ ജോയിന്റ് സെക്രട്ടറിയും പുതുശ്ശേരി പഞ്ചായത്ത് അംഗവുമായ ഡി. രമേഷ്, ഐ.എന്‍.ടി.യു.സി ജന.സെക്രട്ടറി കെ. സുരേഷ്, ബി.എം.എസ് മേഖല സെക്രട്ടറി രാജേഷ്, വിവിധ യൂനിയന്‍ പ്രതിനിധികളായ ഗണേശന്‍, പോള്‍ക്രൂസ്, ശേഖരന്‍, എ.പി. രാജു, മുകേഷ്, സ്വപ്ന, അജിത, ഗീത എന്നിവര്‍ക്കാണ് പരുക്കേറ്റത്. വാളയാര്‍ സ്‌റ്റേഷനിലെ സി.പി.ഒ ജയരാജനും പരുക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് സംയുക്ത യൂനിയന്‍ ഇന്ന് ചുള്ളിമടയില്‍ നിന്നു പെപ്‌സി കമ്പനി പടിക്കലിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തും.
സമാധാനമായി സമരം നടത്തിയ തൊഴിലാളികളെ മര്‍ദിച്ചതിന്
ന്യായീകരണമില്ല: എ.ഐ.ടി.യു.സി
പാലക്കാട്: കുടിവെള്ളചൂഷകരായ പെപ്‌സി കമ്പിയിലെ കരാര്‍ തൊഴിലാളികളെ അകാരണമായി പിരിച്ചുവിടുകയും അതിനെതിരേ ജീവനക്കാര്‍ സമാധാനമായി പ്രതിഷേധിച്ചതിനും നേരെ പൊലിസ് നടത്തിയ ലാത്തിചാര്‍ജ് നീതീകരിക്കനാവാത്തതാണെന്നും എ.ഐ.ടി.യു.സി സം സ്ഥാന സെക്രട്ടറി വിജയന്‍ കുനിശ്ശേരി അഭിപ്രായപ്പെട്ടു. പരുക്കേറ്റ് ജില്ലാ ആശുപത്രിയില്‍ കഴിയുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയനുകള്‍ ഇന്ന് കഞ്ചിക്കോട് വ്യവസായമേഖലയില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ നടത്തുന്ന ഹര്‍ത്താലിന് എ.ഐ.ടി.യു.സി പിന്തുണ നല്‍കുമെന്ന് ജില്ലാസെക്രട്ടറി കെ.സി ജയപാലനും അറിയിച്ചു. കുത്തക കമ്പനികളുടെ അച്ചാരം വാങ്ങി ചില പൊലിസുകാര്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും എല്ലാ തൊഴിലാളികള്‍ക്കും വീണ്ടും തൊഴില്‍ നല്‍കണമെന്നും എ.ഐ.ടി.യു.സി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."