കോടതി വിധിയിലൂടെ ദലിത് കുടുംബത്തെ കുടിയൊഴിപ്പിച്ചു
കാട്ടാക്കട: കോടതി വിധിയെ തുടര്‍ന്ന് ദലിത് കുടുംബത്തെ കുടിയൊഴിപ്പിച്ചു. വീട് പൊളിച്ചതോടെ കുടുംബാംഗങ്ങള്‍ വില്ലേജാഫിസില്‍ അഭയം തേടിയെത്തി. ഒടുവില്‍ സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ സ്ഥലത്തെത്തി പ്രശ്‌നപരിഹാരം കാണാം എന്ന് ഉറപ്പു നല്‍കി. ഇതനുസരിച്ചു ഇന്ന് റവന്യൂ അധികാരികള്‍ സ്ഥലമളക്കും. അതേസമയം കുടുംബത്തെ കോടതിവിധിയിലൂടെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചു ബി.ജെ.പി ഇന്ന് കാട്ടാക്കടയില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുകയാണ്.
കാട്ടാക്കട കിള്ളി മേച്ചിറ സ്വദേശിയായ കുമാരിയെയും കുടുംബാംഗങ്ങളെയുമാണ് കോടതി വിധിയിലൂടെ ഒഴിപ്പിച്ചത്. കിള്ളി സ്വദേശിയായ ഇസ്മായില്‍ കണ്ണ് കോടതിയില്‍ നിന്നും നേടിയ അനുകൂല വിധിയെ തുടര്‍ന്നാണ് ആമീന്റെ നേതൃത്വത്തില്‍ നടപടി കൈക്കൊണ്ടത്. കോടതി വിധിപ്രകാരം നടപടികള്‍ ആരംഭിച്ചതോടെ കുമാരിയും കുടുംബാംഗങ്ങളും കുളത്തുമ്മല്‍ വില്ലേജ് ഓഫീസില്‍ ആശ്രയത്തിനായി എത്തി. ഇതോടെ ബി ജെ പി നേതാക്കള്‍ ഇടപ്പെട്ടു സമരം തുടങ്ങുകയായിരുന്നു.
തുടര്‍ന്ന് സബ് കളക്ടര്‍, തഹസില്‍ദാര്‍ ഉള്‍പ്പടെ റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മണിക്കൂറുകളോളം ചര്‍ച്ച നടത്തി. തങ്ങള്‍ക്ക് താമസിക്കാനിടം നല്‍കുന്നതുവരെ ഓഫീസ് വിട്ടു പോകില്ല എന്ന് ഇവര്‍ പറഞ്ഞു. പൊളിച്ച് മാറ്റിയ കെട്ടിടം കോടതി ഉത്തരവിലെ സര്‍വ്വേ നമ്പരിലുള്ളതല്ലെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് വിധി സമ്പാദിച്ചത് എന്നും തങ്ങളുടെ വസ്തു അളന്നു തിട്ടപ്പെടുത്തിത്തരണമെന്നും ഇവര്‍ സബ്കലക്ടറോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ കാട്ടാക്കട തഹസില്‍ദാര്‍ കലാധരകുമാറിനെ സബ്കലക്ടര്‍ ചുമതലപ്പെടുത്തി. തീരുമാനം ആകുന്നതുവരെ വില്ലേജ് ഓഫിസ് പരിസരത്ത് കഴിയാനും സ്ത്രീകള്‍ ഉള്‍പ്പെടുന്നതിനാല്‍ ഇവരെ വനിതകള്‍ക്കായുള്ള പ്രതേക സുരക്ഷാ ഉറപ്പു വരുത്താനും സബ് കലക്റ്റര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇസ്മായില്‍ കണ്ണിന്റെ വസ്തു കൈയ്യേറിയാണ് വീടു നിര്‍മിച്ചതെന്നും ഇതിനെതിരെയാണ് കോടതിയെ സമീപിച്ചതെന്നും വാദിഭാഗം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."