ഡല്‍ഹിയില്‍ ഡി.എം.കെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രതിഷേധം
ന്യൂഡല്‍ഹി: കശ്മിരിലെ രാഷ്ട്രീയ നേതാക്കളെ തടവിലാക്കുകയും ആശയവിനിമയ സൗകര്യങ്ങള്‍ നിശ്ചലമാക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ ഡല്‍ഹിയില്‍ ഡി.എം.കെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രതിഷേധം.
ജന്തര്‍ മന്ദിറില്‍ നടന്ന പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, സമാജ് വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ്, ലോകതാന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവ്, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ, തൃണമൂല്‍ കോണ്‍ഗ്രസ്് നേതാവ് ദിനേഷ് ദ്വിവേദി തുടങ്ങിയവര്‍ പങ്കെടുത്തു.
പി. ചിദംബരത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രതിസന്ധിയ്ക്കിടയിലും മകന്‍ കാര്‍ത്തി ചിദംബരവും പങ്കെടുക്കാനെത്തി. കശ്മിരില്‍ യഥാര്‍ഥത്തില്‍ നടക്കുന്ന ഗുരുതരമായ കാര്യങ്ങള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്ന് ഗുലാംനബി ആസാദ് പറഞ്ഞു. സത്യം പറയാന്‍ മാധ്യമങ്ങളെ അനുവദിക്കുന്നില്ല. ഇത് ജനാധിപത്യമല്ലെന്ന് നാം തിരിച്ചറിയണം. അത് മനസിലാക്കുന്നതില്‍ നാം പരാജയപ്പെട്ടാല്‍ നമ്മള്‍ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. പിന്‍വാതിലിലൂടെയാണ് 370ാം വകുപ്പ് എടുത്തു കളഞ്ഞത്. വാജ്‌പേയിയെപ്പോലൊരാളാണ് പ്രധാനമന്ത്രിക്കസേരയിലെങ്കില്‍ ഇതുപോലെയൊന്നും സംഭവിക്കില്ല- ആസാദ് പറഞ്ഞു.
ഭരണഘടനയുടെ എല്ലാ തൂണുകള്‍ക്കുമെതിരായ ഒന്നിച്ചുള്ള ആക്രമണമാണ് കശ്മിരില്‍ നടക്കുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കശ്മിരിയത്ത്, ജമ്മുറിയത്ത് ഔര്‍ ഇന്‍സാനിയത്ത് എന്ന വാജ്‌പേയിയുടെ മുദ്രാവാക്യം സര്‍ക്കാര്‍ മറന്ന് പോയി- യെച്ചൂരി പറഞ്ഞു. തടവിലുള്ള രാഷ്ട്രീയക്കാരെയും സാധാരണക്കാരെയും മോചിപ്പിക്കണമെന്നും സാധാരണ നില പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."