'കോണ്‍ഗ്രസ് ആശങ്കപ്പെടുന്നത് ഒരേഒരു യുവാവിന്റെ കാര്യത്തില്‍'- രാഹുലിനെ പരിഹസിച്ച് ബി.ജെ.പി
ന്യൂഡല്‍ഹി: രാജ്യത്ത് ഒരേഒരു യുവാവിന്റെ ഭാവി മാത്രമാണ് അപകടത്തിലായതെന്നും അത് ആരുടേതാണെന്ന് എല്ലാവര്ക്കും അറിയാമെന്നും രാഹുല്‍ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി വക്താവ് സമ്പിത് പത്ര. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയിലെ യുവാക്കളുടെ ഭാവി നശിപ്പിക്കുകയാണെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നുമുള്ള കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്കെതിരെ പ്രതികരിക്കവെയാണ് പത്രയുടെ പരിഹാസം.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പകരം രാഹുല്‍ ഗാന്ധി അധ്യക്ഷനാകുമെന്ന വാര്‍ത്തയെ അദ്ദേഹം വിമര്‍ശിച്ചു. ജനാധിപത്യം എന്താണെന്ന് കോണ്‍ഗ്രസിന് അറിയില്ല. അമ്മ പോയാല്‍ മകനെന്ന നിലപാട് വ്യക്തമാക്കുന്നത് കോണ്‍ഗ്രസിന്റെ കുടുംബാധിപത്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഒക്ടോബറിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ നവംബറില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ അംഗങ്ങള്‍ ഒറ്റക്കെട്ടായി രാഹുല്‍ നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരനാണ് രാഹുല്‍ ആഗ്രഹിക്കുന്നത്.
രാഹുല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് ചൊവ്വാഴ്ചത്തെ പ്രവര്‍ത്തകസമിതി യോഗം ചര്‍ച്ചചെയ്തോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഗുലാം നബി ആസാദിന്റെ പ്രതികരണം. രാഹുല്‍ സ്ഥാനമേല്‍ക്കുന്നത് പ്രത്യേകമായി ചര്‍ച്ചചെയ്തില്ല എന്നും അദ്ദേഹം പറഞ്ഞു.
1998 മുതല്‍ 19 വര്‍ഷമായി സോണിയയാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം വഹിച്ചുവരുന്നത്. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇത് റെക്കോഡാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."