പുനര്‍നിര്‍മാണ പൂക്കളമിട്ട് സ്‌കൂളുകളിലെ ഓണാഘോഷം
മുക്കം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇത്തവണ ഓണാഘോഷം നടക്കുക കേരള പുനര്‍നിര്‍മാണത്തില്‍ വിദ്യാര്‍ഥികളെ കൂടി പങ്കാളികളാക്കി കൊണ്ട്. ഓണാഘോഷ ദിവസം സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനുള്ള ബോക്‌സ് സ്ഥാപിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന എന്ന ശീര്‍ഷകത്തില്‍ ''നാടിന്റെ ഉയര്‍ച്ചയ്ക്ക് അഭിമാനത്തോടെ ഞങ്ങളും'' എന്ന വാചകം ബോക്‌സില്‍ പതിപ്പിക്കും.
നാടിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ച് കുട്ടികളോട് പ്രധാനാധ്യാപകരും പ്രിന്‍സിപ്പല്‍മാരും അഭിമാനകരമായ രീതിയില്‍ സംസാരിക്കേണ്ടതും സ്വമനസാലെ സ്വരൂപിക്കുന്ന തുകകള്‍ സംഭാവനയായി നിക്ഷേപിക്കുന്നതിന് ആവേശം നല്‍കേണ്ടതുമാണെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിക്കുന്നു.
ഈ മാസം 26 ന് ആരംഭിക്കുന്ന ഓണപ്പരീക്ഷ കഴിഞ്ഞ് സെപ്റ്റംബര്‍ ആറിനാണ് വിദ്യാലയങ്ങള്‍ അടയ്ക്കുക. സെപ്റ്റംബര്‍ രണ്ടാം തിയതിയിലെ പരീക്ഷകള്‍ ആറാം തിയതിയിലേക്ക് മാറ്റിയതിനാല്‍ രണ്ടാം തിയതി ഓണാഘോഷം നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കാസര്‍ഗോഡ് ജില്ലയില്‍ അന്ന് പ്രാദേശിക അവധിയായതിനാല്‍ ഓണാഘോഷത്തിന് മറ്റൊരു ദിവസം കണ്ടെത്തണമെന്നും നിര്‍ദേശമുണ്ട്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടക്കുന്ന ഓണാഘോഷം ലളിതവും പ്രകൃതിയിലേക്കുള്ള തിരനോട്ടമായും മാറ്റണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പരിപാടിയില്‍ പ്രളയം സംബന്ധിച്ച് കുട്ടികള്‍ക്ക് അവബോധവും പുനരുജ്ജീവന സന്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ''ഓണവും പരിസ്ഥിതിയും'' എന്ന വിഷയത്തെ ആസ്പദമാക്കി പൊതു സമൂഹത്തിന്റെയും രക്ഷിതാക്കളുടെയും കൂട്ടായ്മയിലൂടെയായിരിക്കും ഓണാഘോഷം നടക്കുക. പ്രളയ ദുരിതാശ്വാസം സംബന്ധിച്ച പ്രതിജ്ഞയും ഓണാഘോഷത്തോടനുബന്ധിച്ച് തയാറാക്കിയിട്ടുണ്ട്. സ്‌കൂള്‍ അടയ്ക്കുന്ന സെപ്റ്റംബര്‍ ആറാം തിയതി പ്രധാനാധ്യാപകര്‍ കുട്ടികളുടെ സാന്നിധ്യത്തില്‍ ബോക്‌സ് തുറന്നു പണം എണ്ണിത്തിട്ടപ്പെടുത്തി തുക ബാങ്ക് അക്കൗണ്ട് മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."