കാണാതായവരെ ഇന്നലെയും കണ്ടെത്താനായില്ല
എടക്കര: കവളപ്പാറ ദുരന്തത്തില്‍ കാണാതായവര്‍ക്കായി ഇന്നലെ നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല. ബുധനാഴ്ച നടത്തിയ തിരച്ചിലിലും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നില്ല. 11 മൃതദേഹങ്ങളാണ് ദുരന്ത ഭൂമിയില്‍നിന്നു കണ്ടെടുക്കാനുള്ളത്. ദുരന്തം നടന്ന് പതിനാലാം ദിവസമാണ് അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നത്.
15 മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇതുവരെ തിരച്ചില്‍ നടത്താത്ത സ്ഥലങ്ങളിലാണ് ഇന്നലെ തിരച്ചില്‍ നടത്തിയത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ദുരന്ത സ്ഥലത്ത് മഴ പെയ്തിരുന്നു. മഴയെത്തുടര്‍ന്ന് മണ്ണ് മാന്തി യന്ത്രങ്ങള്‍ മണ്ണില്‍ താഴുന്നത് തിരച്ചിലിനെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അഞ്ച് യന്ത്രങ്ങള്‍ ചളിയില്‍ താഴ്ന്ന് പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. ദുരന്ത ഭൂമിയില്‍ മിക്ക ഭാഗങ്ങളിലും മണ്ണ് ഇളക്കി മറിച്ചിട്ടിരിക്കുകയാണ്.തിരച്ചില്‍ തുടരുമെന്നാണ് അധികൃതര്‍ പറയുന്നത്.
മേപ്പാടി: പുത്തുമല ദുരന്തത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇന്നലെ നടന്ന തിരച്ചിലിലും ആരെയും കണ്ടെത്തിയില്ല.
ഇന്നലെ നിലമ്പൂര്‍ വനമേഖലയിലടക്കമാണ് തിരച്ചില്‍ നടത്തിയത്. രണ്ടു ടീമുകളായി തിരിഞ്ഞായിരുന്നു രക്ഷാപ്രവര്‍ത്തകരുടെ തിരച്ചില്‍. ഒരു ടീം വയനാട്ടിലെ കാടാശേരി സണ്‍റൈസ് വാലിക്ക് സമീപത്തുനിന്നും ആരംഭിച്ച തിരച്ചില്‍ അവസാനിച്ചത് നിലമ്പൂരിനടുത്ത മുണ്ടേരിയിലാണ്.
എന്നാല്‍ തിരച്ചിലില്‍ കാണാതായവരില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനുപുറമേ ദേശീയ ദുരന്തനിവാരണ സേന സൂചിപ്പാറക്ക് സമീപത്തെ വെള്ളക്കെട്ടുകളില്‍ സാഹസികമായി പരിശോധന നടത്തി. കാണാതായവര്‍ കുടുങ്ങി കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലായിരുന്നു പരിശോധന. കണ്ടെത്താനുള്ള അഞ്ചു പേര്‍ക്കു വേണ്ടിയാണ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."