സി.പി.എമ്മിലും കാലാനുസൃതമായ മാറ്റം: ക്ഷേത്ര- പള്ളിക്കമ്മിറ്റി ഭരണം പിടിക്കാന്‍ പാര്‍ട്ടി നിര്‍ദേശം
തിരുവനന്തപുരം: നിരന്തരമായ തിരിച്ചടികളും തോല്‍വികളും സി.പി.എമ്മിനെ പാഠം പഠിപ്പിച്ചുവെന്ന് കഴിഞ്ഞ നാല് ദിവസമായി തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കുറ്റസമ്മതം. അതുകൊണ്ടുതന്നെ പ്രവര്‍ത്തനശൈലിയില്‍ സമഗ്രമായ അഴിച്ചു പണി നടത്താനും പുതിയ വെല്ലുവിളികള്‍ നേരിടാന്‍ പാകത്തില്‍ പാര്‍ട്ടിയെ ഉടച്ചു വാര്‍ക്കാനും ഒരുങ്ങുകയാണ് സി.പി.എം. ഉടച്ചു വാര്‍ക്കല്‍ എങ്ങനെയെന്ന് കണ്ടറിയേണ്ടിവരും.
പുതിയ രാഷ്ട്രീയ സാഹചര്യങ്ങളേയും വെല്ലുവിളികളേയും നേരിടാന്‍ പാര്‍ട്ടിയെയും പ്രവര്‍ത്തകരേയും സജ്ജമാക്കുന്ന രീതിയിലാവും ഇനിയുള്ള പ്രവര്‍ത്തനമെന്നും സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
പുതിയ രാഷ്ട്രീയ എതിരാളി ബി.ജെ.പിയാണന്നു തിരിച്ചറിഞ്ഞ് സംഘ് പരിവാരത്തെ പ്രതിരോധിക്കുക എന്നതുതന്നെയാണ് പുതിയ അജന്‍ഡകളിലൊന്ന്. കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ് മുന്നണിയെയാണ് സി.പി.എമ്മും ഇടതുപക്ഷവും ഇതുവരേ എതിര്‍ത്തുപോന്നിരുന്നത്. ഇപ്പോള്‍ പുതിയ രാഷ്ട്രീയവൈരികള്‍ ബി.ജെ.പിയാണ്. പാര്‍ട്ടി അനുഭാവികളെയും പ്രവര്‍ത്തകരേടും വിശ്വാസികളാക്കി മാറ്റാനും പരിപാടിയുണ്ട്.
വര്‍ഗീയ ശക്തികളെ മാറ്റി നിര്‍ത്താന്‍ ക്ഷേത്രക്കമ്മിറ്റികളിലും പള്ളി മഹല്ലുകളിലും ഇനി പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണം. ഇതു നേരത്തെ ഒളിഞ്ഞായിരുന്നു നടത്തിയിരുന്നത്. ഇനി തെളിഞ്ഞുതന്നെ പ്രവര്‍ത്തിക്കാം എന്നാണ് പാര്‍ട്ടി നിലപാട്. വിശ്വാസങ്ങള്‍ കൊണ്ടു നടക്കുന്നതിന് പാര്‍ട്ടി എതിരല്ല. ക്ഷേത്രങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരേ സജീവമാക്കുന്നത് ആര്‍.എസ്.എസുകാരില്‍ നിന്ന് ക്ഷേത്ര ഭരണം തിരിച്ചുപിടിക്കാനാണ്. കേന്ദ്രഭരണത്തിന്റെ ബലത്തില്‍ ആര്‍.എസ്.എസ് പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ഇന്നും കോടിയേരി ആവര്‍ത്തിച്ചതും അതുകൊണ്ടാണ്.
എന്നാല്‍ പള്ളിക്കമ്മിറ്റികളില്‍ പാര്‍ട്ടി അനുഭാവികളെ സജീവമാക്കുന്നതോടെ മുസ്‌ലിം ലീഗ് പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ളവര്‍ക്ക് തിരിച്ചടി നല്‍കുകയാണ് ലക്ഷ്യം. ഇതെല്ലാം എങ്ങനെയാണ് പാര്‍ട്ടി നടപ്പാക്കുക എന്ന് കണ്ടറിയണം. പക്ഷേ അതിന്റെ പേരില്‍ കൂടുതല്‍ പ്രശ്‌നങ്ങളും അസ്വാരസ്യങ്ങളും ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.
പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ നാല് ദിവസമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ട്ടിയുടെ അടിത്തട്ട് മുതല്‍ നേതൃതലത്തില്‍ വരെ സമഗ്രമായ മാറ്റം കൊണ്ടുവരാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി സി.പി.എമ്മിനെ ചെറുതായല്ല ഉലച്ചത്. തെറ്റുതിരുത്താനുള്ള അവസരമാണിതെന്നുമാണ് വിലയിരുത്തല്‍.
അതിന്റെ അടിസ്ഥാനത്തില്‍ സി.പി.എമ്മിലും കാലാനുസൃതമായ മാറ്റം കൊണ്ടുവരികയാണെന്നാണ് സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നത്.. ശബരിമലയില്‍ യുവതികളെ കയറ്റുക എന്നതല്ല സി.പി.എം നിലപാട്. എന്നാല്‍ യുവതീപ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയെ പാര്‍ട്ടി ഇപ്പോഴും അംഗീകരിക്കുന്നു. അതേസമയം പാര്‍ട്ടി നിലപാടുകള്‍ക്കും ആശയങ്ങള്‍ക്കും വിധേയരായി നിന്നു വേണം അവര്‍ പ്രവര്‍ത്തിക്കാനെന്നും കോടിയേരി പറഞ്ഞു.
ബഹുജനങ്ങളുമായി നന്നായി ഇടപെട്ട് ബഹുജന നേതാക്കന്‍മാരായി ഓരോ പ്രവര്‍ത്തകനെയും വളര്‍ത്തിയെടുക്കുക എന്നത് അടിയന്തര കടമയായി കാണും. അതിനാവശ്യമായ രാഷ്ട്രീയ വിദ്യാഭ്യാസം, സംഘടനാ വിദ്യാഭ്യാസം എന്നിവ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നല്‍കും. ഇതിനാവശ്യമായ ഇടപെടല്‍ സംസ്ഥാന കമ്മിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കോടിയേരി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."