മുത്തോലിയില്‍ സ്ഥിരംസമിതി അധ്യക്ഷയായി ബി.ജെ.പി അംഗം എതിരില്ലാതെ വിജയിച്ചു
പാലാ: മുത്തോലി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കേരള കോണ്‍ഗ്രസ് എം പ്രതിനിധി വിട്ടുനിന്നതിനെതുടര്‍ന്ന് ബി.ജെ.പി വനിതാ അംഗം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് ആറാം വാര്‍ഡ് അംഗം ബി.ജെ.പി പ്രതിനിധി എന്‍. മായാദേവിയാണ് വിദ്യാഭ്യാസ-ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ സമിതി അധ്യക്ഷയായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ ബീനാ ബേബി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഉണ്ടായ ഒഴിവിലേക്ക് ബുധനാഴ്ച നടത്തിയ തെരഞ്ഞെടുപ്പിലാണ് കേരള കോണ്‍ഗ്രസ് ഒത്താശയോടെ ബി.ജെ.പി പ്രതിനിധി വിജയിച്ചത്. മൂന്നംഗ സ്ഥിരം സമിതിയില്‍ സ്വതന്ത്രയുള്‍പ്പെടെ രണ്ടംഗ പിന്തുണയുള്ള കേരള കോണ്‍ഗ്രസ് പ്രതിനിധിയായ സ്വതന്ത്രാംഗം സന്ധ്യ ജി. നായരെയാണ് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് പാര്‍ടി ഔദ്യോഗികമായി നിശ്ചയിച്ചിരുന്നത്. ഇതു പ്രകാരം രണ്ട് അംഗങ്ങള്‍ക്കും പാര്‍ടി വിപ്പും നല്‍കിയിരുന്നു.
എന്നാല്‍ ബുധനാഴ്ച ചേര്‍ന്ന സമിതി തെരഞ്ഞെടുപ്പ് യോഗത്തില്‍ മുന്‍ പ്രസിഡന്റുമായ സമിതിയംഗം മിനി മനോജ് പങ്കെടുത്തില്ല. സ്വതന്ത്രയായി വിജയിച്ച് പിന്നീട് കേരള കോണ്‍ഗ്രസിലെത്തിയ സന്ധ്യ ജി നായരും ബി.ജെ.പി പ്രതിനിധി മായാദേവിയും എത്തി മിനുട്‌സില്‍ ഹാജര്‍ രേഖപ്പെടുത്തിയെങ്കിലും പാര്‍ടി പ്രതിനിധിയാായ മിനി മനോജ് എതാത്തതിനാല്‍ സന്ധ്യ ജി നായര്‍ യോഗത്തില്‍നിന്ന് ഇറങ്ങി പോവുകയായിരുന്നു. ഇതേതുടര്‍ന്നാണ് ബി.ജെ.പി പ്രതിനിധി എന്‍. മായാദേവി സമിതി അധ്യക്ഷയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. പി.ഡബ്ല്യു.ഡി ബില്‍ഡിംഗ് വിഭാഗം ഉദ്യോഗസ്ഥന്‍ ജോസ് രാജനായിരുന്നു തെരഞ്ഞെടുപ്പ് വരണാധികാരി.
സ്ഥിരംസമിതി അധ്യക്ഷസ്ഥാനം വാഗ്ദാനം ചെയ്ത് പാര്‍ടി വഞ്ചിച്ചതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് എം ഒറ്റക്ക് ഭരിക്കുന്ന മുത്തോലി പഞ്ചായത്ത് ഭരണസമിതിക്ക് നല്‍കിവന്ന പിന്തുണ പിന്‍വലിച്ച് സ്വതന്ത്രാംഗം സന്ധ്യ ജി നായര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കി.
ഇതോടെ 13 അംഗ ഭരണസമിതിയില്‍ അംഗസംഖ്യ ആറായി ചുരുങ്ങിയ കേരള കോണ്‍ഗ്രസിന് ഭൂരിപക്ഷം നഷ്ടമായി. പാര്‍ടി വഞ്ചനയില്‍ പ്രതിഷേധിച്ച് സ്വതന്ത്രാംഗത്തിന്റെ ഭര്‍ത്താവും യൂത്ത്ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റുമായ ജി റണ്‍ദീപും സ്ഥാനം രാജി വച്ചിട്ടുണ്ട്. സ്ഥിരംസമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് അംഗങ്ങളായ രണ്ടംഗങ്ങള്‍ക്കും പാര്‍ടി വിപ്പ് നല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് പാര്‍ടി അംഗമായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി മനോജ് വോട്ട് ചെയ്യാന്‍ എത്താതിരുന്നതെന്നും ഇത്് പാര്‍ടി മണ്ഡലം പ്രസിഡന്റിന്റെ മൗനാനുവാദത്തോടെയാണെന്നും റണ്‍ദീപ് പറഞ്ഞു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് അഞ്ചും കോണ്‍ഗ്രസിന് രണ്ടും സ്ഥാനങ്ങളാണ് ലഭിച്ചത്. ബിജെപി- മൂന്ന്, എല്‍ഡിഎഫ്- രണ്ട്, ഒരു സ്വതന്ത്ര എന്നിങ്ങിനെയായിരുന്നു കക്ഷിനില. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് കാലത്താണ് ബി.ജെ.പി റിബലായി വിജയിച്ചുവന്ന സ്വതന്ത്രാംഗം സന്ധ്യ ജി നാതരെ സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്ത് കേരള കോണ്‍ഗ്രസിലേക്ക് ചേര്‍ത്തത്. ഇതിന്റെ ഭാഗമായി വനിതാംഗത്തിന്റെ ഭര്‍ത്താവിന് യുവജന സംഘടനാ ഭാരവാഹിസ്ഥാനവും നല്‍കിയിരുന്നു.
ഇതിനിടെ കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടു. പിന്നീട് എല്‍.ഡി.എഫ് സ്വതന്ത്രന്‍ മരിച്ച ഒഴിവില്‍ തെക്കുംമുറി വാര്‍ഡില്‍ നടത്തിയ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം. പ്രതിനിധി വിജയിച്ചതോടെയാണ് പാര്‍ടിക്ക് ഒറ്റക്ക് ഭൂരിപക്ഷമായത്. സ്വതന്ത്രാംഗം പിന്തുണ പിന്‍വലിച്ചതോടെ പഞ്ചായത്ത് ഭരണ സമിതിയില്‍ കേരള ഗകാണ്‍ഗ്രസിന്റെ അഗബലം ആറായി ചുരുങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."