തുമ്പരശ്ശേരി പാലം റോഡ് സഞ്ചാരയോഗ്യമാക്കിയില്ല
മാള: കര്‍ഷകര്‍ക്കായി ആറു വര്‍ഷത്തോളം മുന്‍പ് നിര്‍മാണം നടത്തിയ തുമ്പരശ്ശേരി ഭാഗത്തുള്ള പാലം റോഡ് സഞ്ചാരയോഗ്യമാക്കിയില്ല.
കുഴൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് തുമ്പരശ്ശേരിയില്‍ നിന്നും അന്നമനട പഞ്ചായത്തിലെ 16ാം വാര്‍ഡ് കീഴഡൂര്‍ വരെയെത്തുന്ന ബണ്ടിലൂടെ സഞ്ചരിക്കുന്നതിനായി തങ്ങളിനിയും എത്രകാലം കാത്തിരിക്കേണ്ടി വരുമെന്നാണ് ജനങ്ങളില്‍ നിന്നുയരുന്ന ചോദ്യം. കാലങ്ങളായി ഈയാവശ്യം ജനങ്ങളില്‍ നിന്നുയരുന്നുണ്ടെങ്കിലും ഇതൊന്നും കേട്ടഭാവം നടിക്കാത്ത നടപടിയാണ് ബന്ധപ്പെട്ട അധികൃതരില്‍ നിന്നുണ്ടാകുന്നത്. കുഴൂര്‍ പഞ്ചായത്താണ് ഇക്കാര്യത്തില്‍ കൂടുതലായി ശ്രമം നടത്തേണ്ടതെങ്കിലും പഞ്ചായത്തിന്റെ ഭാഗത്തു നിന്നും അനങ്ങാപ്പാറ നയം തുടരുകയാണ്. ഈ ബണ്ട് റോഡ് യാഥാര്‍ഥ്യമായാല്‍ കുഴൂര്‍ പഞ്ചായത്തിലുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഉപകാരപ്രഥമാകുന്നത്. റോഡു നിര്‍മാണം നടത്തിയാല്‍ മാത്രമാണ് ആറു വര്‍ഷത്തോളം മുന്‍പ് പണിത പാലം ഉപയോഗപ്രഥമാകൂ. ഇതിനായി തോടിനരികിലൂടെ ബണ്ട് റോഡ് പണിയണം. പാലത്തിന്റെ നിര്‍മാണം കഴിഞ്ഞ് ആറു വര്‍ഷത്തോളമായിട്ടും കര്‍ഷകര്‍ക്കോ മറ്റോ ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്. പാലത്തിനോടു അനുബന്ധമായുള്ള ഭാഗത്തെ റോഡ് സംരക്ഷണ ഭിത്തി കെട്ടി ഉയര്‍ത്തി സഞ്ചാരയോഗ്യമാക്കാത്തതാണു കാരണം. രണ്ടു കിലോമീറ്റര്‍ വരുന്ന ബണ്ടിലൂടെ സംരക്ഷണ ഭിത്തി കെട്ടി റോഡ് നിര്‍മാണം നടത്തിയാല്‍ ഉണ്ടാകുന്ന ഗുണങ്ങളേറെയാണ്. അന്നമനട പഞ്ചായത്തിലെ കീഴഡൂര്‍ ഭാഗത്ത് 50 മീറ്ററോളം ഭാഗത്ത് മാത്രമാണ് റോഡ് നിര്‍മാണം കഴിഞ്ഞിട്ടുള്ളത്. ബാക്കി കുഴൂര്‍ പഞ്ചായത്തില്‍ വരുന്ന ഒന്നര കിലോമീറ്ററിലധികം വരുന്ന ഭാഗം സംരക്ഷണ ഭിത്തി കെട്ടി ഉയര്‍ത്തി റോഡ് നിര്‍മാണം നടത്തിയാല്‍ നൂറുകണക്കിനു കുടുബങ്ങള്‍ക്ക് ഉപകാരമാകും. 2013 ലാണ് കെ.എല്‍.ഡി.സി കരിക്കാട്ടുചാലിലേക്കുള്ള എക്കാട്ടിത്തോട് വന്‍തോടിന് കുറുകെ പാലം പണിതീര്‍ത്തത്. കര്‍ഷകര്‍ക്കു വളവും മറ്റും പാടശേഖരത്തിലേക്കു എത്തിക്കാനും തിരികെ നെല്ലും വൈക്കോലും കൊണ്ടു പോകാനുമായാണു നബാര്‍ഡ് ഫണ്ടുപയോഗിച്ച് കെ.എല്‍.ഡി.സി പാലം നിര്‍മിച്ചത്. കുറഞ്ഞത് ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ ബണ്ട് റോഡ് നിര്‍മിച്ചാല്‍ മേലഡൂര്‍, അന്നമനട തുടങ്ങിയ പ്രദേശങ്ങളുമായി കുഴൂര്‍, തുമ്പരശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്കും തിരികേയും ഏറ്റവും എളുപ്പത്തില്‍ ബന്ധപ്പെടാം. പാലിശ്ശേരിയിലേയും പൂവ്വത്തുശ്ശേരിയിലേയും വിദ്യാലയങ്ങളിലേക്കും മേലഡൂര്‍ ഗവ. സമിതി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുമുള്ള ഒട്ടനവധി വിദ്യാര്‍ഥികള്‍ സൈക്കിളില്‍ പോകുന്ന വഴിയാണിത്. വളരെ സൂക്ഷിച്ചു പോയില്ലെങ്കില്‍ സൈക്കിളും കുട്ടികളും തോട്ടിലേക്കു വീഴാവുന്ന സാഹചര്യമാണ്. വിദ്യാര്‍ഥികളെ കൂടാതെ കൂലിപ്പണിക്കാരും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുമടക്കമുള്ളവരും സഞ്ചരിക്കുന്ന വഴിയാണ്. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പു പാടശേഖരത്തിലൂടെ തച്ചുപറമ്പ്‌മേലാംതുരുത്ത് റോഡ് പണിതിട്ടുണ്ട്. ഇതിനിടയില്‍ ഉണ്ടായിരുന്ന തോടിനു കുറുകെയുണ്ടായിരുന്ന മരപ്പാലത്തിനു പകരം കോണ്‍ഗ്രീറ്റ് പാലം നിര്‍മിച്ചത് മൂന്നു വര്‍ഷം മുന്‍പാണ്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് റോഡിന്റെ ഉയരം കൂട്ടി പണിയാനായി പദ്ധതി തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. തീരദേശ വികസന കോര്‍പ്പറേഷന് 48 ലക്ഷം രൂപയുടേയും പൊതുമരാമത്ത് വകുപ്പിന് 55 ലക്ഷം രൂപയുടേയും ചെലവ് വരുന്ന എസ്റ്റിമേറ്റാണ് സമര്‍പ്പിച്ചിരുന്നത്. എസ്റ്റിമേറ്റ് സമര്‍പ്പിച്ച് മൂന്നര വര്‍ഷം പിന്നിട്ടിട്ടും യാതൊരു നീക്കവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."