പരിയാരത്ത് ആംബുലന്‍സ് തകര്‍ത്ത സംഭവം; റെയ്ഡിനെത്തിയ പൊലിസ് സംഘത്തെ തടഞ്ഞു
പയ്യന്നൂര്‍: പരിയാരം മെഡിക്കല്‍ കോളജിലെ ആംബുലന്‍സ് തകര്‍ത്ത സംഭവത്തില്‍ പ്രതികള്‍ക്കായി രാമന്തളി മൊട്ടക്കുന്നിലെത്തിയ പൊലിസിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. കേസില്‍ യഥാര്‍ഥ പ്രതികളെ മാത്രമേ അറസ്റ്റ് ചെയ്യൂവെന്ന് പൊലിസ് ഉറപ്പ് നല്‍കിയതിന് ശേഷമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പിന്‍വാങ്ങിയത്. കേസുമായി ബന്ധപ്പെട്ട് ആറു ബി.ജെ.പി പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ഇന്നലെ വൈകുന്നേരത്തോടെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി പി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍, തളിപ്പറമ്പ് സി.ഐമാര്‍ ഉള്‍പ്പെടുന്ന സംഘം മൊട്ടക്കുന്നിലെത്തിയത്. സ്ത്രീകളടക്കമുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. പൊലിസ് ദീര്‍ഘനേരം ചര്‍ച്ച നടത്തിയ ശേഷമാണ് ഇവര്‍ പിന്‍വാങ്ങിയത്. കഴിഞ്ഞ മെയ് 12ന് ആര്.എസ്.എസ് മണ്ഡലം കാര്യവാഹക് മൊട്ടക്കുന്നിലെ ചൂരക്കാട്ട് ബിജു കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ആംബുലന്‍സിന് നേരെ അക്രമമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."