ഹൃദയ വിശുദ്ധിയിലൂടെ സ്വര്‍ഗം നേടുക
നിശ്ചയം ഹൃദയത്തെ ശുദ്ധീകരിച്ചവന്‍ വിജയിച്ചിരിക്കുന്നു അതിനെ മലിനമാക്കിയവന്‍ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു. (ഖുര്‍ആന്‍ 91.9,10)
മനുഷ്യന്റെ ഇരുലോക വിജയത്തിന് ഹൃദയവിശുദ്ധി അനിവാര്യമാണെന്ന് ഈ വചനത്തില്‍ നിന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കും. മനസാണ് മനുഷ്യനെ നല്ലവനും ചീത്തയുമായി രൂപപ്പെടുത്തുന്നത്. വേഷഭൂഷാദികളിലോ രൂപഭംഗിയിലോ ഒരു മനുഷ്യനെ നമുക്ക് പൂര്‍ണമായി വിലയിരുത്താനാവുകയില്ല. കര്‍മങ്ങള്‍ കൊണ്ടുപോലും ഒരാളുടെ മഹത്വം മനസിലാക്കാന്‍ നമുക്ക് സാധ്യമാകണമെന്നില്ല. കാരണം, കര്‍മങ്ങളുടെ ഉദ്ദേശശുദ്ധി മനസിലാക്കാന്‍ സര്‍വശക്തന് മാത്രമേ സാധിക്കൂ. ഹൃദയശുദ്ധിയുള്ളവര്‍ക്ക് മാത്രമേ കര്‍മങ്ങളിലും ഇടപെടലുകളിലും ആത്മാര്‍ഥതയും സത്യസന്ധതയും പാലിക്കാന്‍ കഴിയൂ. ആതുരസേവന ജീവകാരുണ്യ രംഗങ്ങളിലൊക്കെ നമുക്ക് കാണാന്‍ സാധിക്കും. എന്നാല്‍ ഇത്തരക്കാരില്‍ പലരുടെയും സ്വാര്‍ഥതയും ക്രമക്കേടുകളും പിന്നീടാണ് തിരിച്ചറിയപ്പെടുന്നത്. സാമ്പത്തിക വിശുദ്ധിയുടെയും പിന്നാമ്പുറം ഹൃദയ വിശുദ്ധിയാണ്. പ്രവാചകന്റെ ഒരു വചനം ഇങ്ങനെ കാണാം. 'നിങ്ങള്‍ക്ക് ഒരാളെ പൂര്‍ണമായി മനസിലാക്കണമെങ്കില്‍ അയാളുമായി നിങ്ങള്‍ ധനമിടപാട് നടത്തണം'. കര്‍മങ്ങളില്‍ സ്രഷ്ടാവിന്റെ തൃപ്തി മാത്രം കാംക്ഷിക്കുന്നതാണ് വിശുദ്ധ ഹൃദയരുടെ സ്വഭാവം. അല്ലാഹുവും നിരീക്ഷിക്കുന്നത് നമ്മുടെ ഹൃദയങ്ങളെയാണ്. 'നിശ്ചയം അല്ലാഹു നിങ്ങളുടെ ശരീരത്തിലോ രൂപഭംഗിയിലോ നോക്കുകയില്ല, നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ് നോക്കുക' എന്ന് വിശുദ്ധ ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു. കാപട്യങ്ങളുടെ ലോകത്ത് അതിജയിക്കാന്‍ ഹൃദയ വിശുദ്ധി അനിവാര്യമാണ്. ഒരു മഹദ്‌വചനത്തില്‍ ഇങ്ങനെ കാണാം ' നിശ്ചയം ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നാകും. അത് മോശമായാല്‍ ശരീരം മോശമാകും. അത് ഹൃദയമാണ്.' ഹൃദയത്തെ സംസ്‌കരിക്കലാണ് വിശുദ്ധ റമദാനിന്റെ ലക്ഷ്യം. ഒരുമാസത്തെ ഉപാസനകളും ഉപവാസവും കൊണ്ട് നമ്മുടെ ഹൃദയം പരിശുദ്ധമാക്കണം. ഊതിക്കാച്ചിയെടുത്ത പത്തരമാറ്റ് പൊന്ന് പോലെ റമദാനിന്റെ പ്രതിഫലനമായി നമ്മുടെ ഹൃദയം തിളങ്ങണം. ഹൃദയം സംസ്‌കരിച്ച് വിജയിച്ചവരുടെ കൂട്ടത്തില്‍ നാഥന്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ.
(എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."