'പഞ്ചായത്തുകളുടെ അധികാരം കവര്‍ന്നെടുക്കുന്ന നീക്കം അവസാനിപ്പിക്കണം'
പെരിന്തല്‍മണ്ണ: തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് എ.കെ നാസര്‍ മാസ്റ്റര്‍ അധ്യക്ഷനായി.
ലൈഫ് മിഷന്‍ ഗുണഭോക്ത്യ പട്ടിക തയാറാക്കിയതിലും തുടര്‍നടപടികളിലും ഗ്രാമപഞ്ചായത്തുകള്‍ തീര്‍ത്തും നോക്കുകുത്തികള്‍ മാത്രമായിരുന്നു. ഇപ്പോള്‍ ബഡ്‌സ് സ്‌കൂളുകളിലെ നിയമനങ്ങളില്‍ കുടുംബശ്രീ ജില്ലാമിഷന്റെ ലിസ്റ്റും കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഈവനിങ് ഒ.പിയില്‍ ജില്ലാതല സമിതിയുടെ നിയമനവും ഗ്രാമപഞ്ചായത്തുകളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഗ്രാമപഞ്ചായത്തുകളുടെ തനത് ഫണ്ടില്‍നിന്നു ശമ്പളം നല്‍കുന്ന ഈ നിയമനങ്ങളില്‍ പുറത്തുനിന്നുള്ള നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് പഞ്ചായത്ത് രാജിന്റെ അന്തസത്തക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണെന്ന് യോഗം വിലയിരുത്തി.
പഞ്ചായത്തുകള്‍ക്ക് കൈമാറിക്കിട്ടിയ വകുപ്പുകളില്‍ പ്രത്യേകം ഉത്തരവുകള്‍ തദ്ദേശ വകുപ്പ് അറിയാതെ പുറത്തിറക്കുന്നതും അംഗീകരിക്കാന്‍ കഴിയില്ല. പഞ്ചായത്തുകളില്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ ഒഴിവുകള്‍ എത്രയുംവേഗം നികത്തണമെന്നും പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്കുള്ള വസ്തുക്കളുടെ ദൗര്‍ലഭ്യതക്ക് സര്‍ക്കാര്‍ അടിയന്തരമായി പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന എക്‌സിക്യു്ട്ടീവ് അംഗങ്ങളായ അഡ്വ. ഇ. സിന്ധു, കരുണാകരന്‍പിള്ള, അഹ്മദ് സഹീര്‍, ജില്ലാ ഭാരവാഹികളായ ഫൈസല്‍ എടശ്ശേരി, കോമളവല്ലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."