ഗോള്‍ ദാഹിയായ മാര്‍ക്കസും ചോരാത്ത കൈയുമായി ഉബൈദും
കൊല്‍ക്കത്ത: ഗോകുലം കേരള എഫ്.സിയുടെ കിരീട നേട്ടത്തിലെ നിര്‍ണായക പങ്ക് രണ്ട് പേര്‍ക്കാണ്. ഒന്ന് ട്രിനിഡാഡ് ടുബോഗിയില് നിന്നുള്ള താരം മാര്‍ക്കസ് ജോസഫിനും രണ്ടാമത്തേത് കണ്ണൂരുകാരന് ഗോള്‍ കീപ്പര്‍ ഉബൈദിനും. മുന്നേറ്റ നിരയില്‍നിന്ന് മാര്‍ക്കസ് ജോസഫ് ഗോള്‍ അടിച്ച് കൂട്ടിയപ്പോള്‍ ഗോള്‍ വലക്ക് മുന്നില്‍ ഉരുക്ക് മനുഷ്യനായി നിന്ന ഉബൈദുമാണ് ഗോകുലത്തെ കിരീടത്തിലേക്കെത്തിച്ചത്.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ചെന്നൈയിനെതിരേ 4-0 ത്തിന്റെ ജയം. ഇതില്‍ മാര്‍ക്കസ് ജോസഫ് ഹാട്രിക്കും ഉബൈദ് ക്ലീന്‍ ഷീറ്റും സ്വന്തമക്കി. രണ്ടാം മത്സരത്തില്‍ എയര്‍ ഫോഴ്സിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുക്കി. ഇതിലെ രണ്ട് ഗോളും ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫിന്റെ കാലില്‍ നിന്നായിരുന്നു. ഈ മത്സരത്തില്‍ ഗോള്‍ വഴങ്ങാതെ ഉബൈദ് ക്ലീന്‍ ഷീറ്റും സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ക്ലീന്‍ ഷീറ്റ്. മൂന്നാം മത്സരത്തില്‍ ട്രാവു എഫ്.സിക്കെതിരേ 4-1 ന്റെ മികച്ച ജയം. ഈ മത്സരത്തില്‍ വീണ്ടും മാര്‍ക്കസിന്റെ മായാജാലം. നാലില്‍ മൂന്ന് ഗോളും മാര്‍ക്കസ് ജോസഫിന്റെ വകയായിരുന്നു. സെമി ഫൈനലില്‍ ഫുട്ബോളിന്റെ ഈറ്റില്ലമായ ഈസ്റ്റ് ബംഗാളിനെയായിരുന്നു ഗോകുലം നേരിട്ടത്. നിശ്ചിത സമയത്ത് മത്സരം 1 - 1 എന്ന സ്കോറിന് സമനിലയിലായിരുന്നു. ഇതില്‍ ഒരു ഗോള്‍ മാര്‍ക്കസിന്റെ വകയായിരുന്നു. മത്സരം അധിക സമയത്തേക്ക് നീണ്ടു. ഇവിടെ ഉബൈദായിരുന്നു താരം. രണ്ട് പെനാല്‍റ്റി കിക്കുകള്‍ തടഞ്ഞ് ഗോകുലത്തെ ഫൈനലിലെത്തിച്ചത് ഉബൈദിന്റെ മിടുക്കായിരുന്നു. ഫൈനലില്‍ പിറന്ന രണ്ട് ഗോളും മാര്‍ക്കസ് ജോസഫിന്റെ വകയായിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ 11 ഗോളുകള്‍ സ്വന്തമാക്കി ടൂര്‍ണമെന്റിലെ ടോപ് സ്കോററാകാനും മാര്‍ക്കസ് ജോസഫിന് കഴിഞ്ഞു. കളത്തിന് മുന്നിലും പിന്നിലുമായി നിന്ന മാര്‍ക്കസ് ജോസഫിന്റെയും ഉബൈദ് സി.കെയുടെയും മിടുക്ക് കൊണ്ട് മാത്രമായിരുന്നു ഗോകുലം ഏറ്റവും മികച്ച പ്രകടനത്തോടെ ഡ്യൂറന്റ് കപ്പില്‍ മുത്തമിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."