യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അട്ടിമറി ആശങ്ക ഉയര്‍ത്തി ട്രംപ്
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഹിലരി ക്ലിന്റണ്‍ പിശാചാണെന്നും നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടക്കുമെന്നും ട്രംപ് പറഞ്ഞു.
കൊളംബസിലും ഒഹിയോയിലും നടന്ന റാലിയില്‍ സംസാരിക്കവെയാണ് യു.എസ് തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയില്‍ ട്രംപ് സംശയം പ്രകടിപ്പിച്ചത്. തനിക്ക് ഇത്തരത്തില്‍ നിരവധി സൂചനകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ പെട്ടെന്ന് തെളിവ് നല്‍കാനാകില്ല. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയില്‍ സ്ഥാനാര്‍ഥി സംശയം പ്രകടിപ്പിക്കുന്നത് അപൂര്‍വമാണ്.
ഈയിടെ ഇറാഖില്‍ കൊല്ലപ്പെട്ട മുസ്‌ലിം യു.എസ് സൈനികന്റെ മാതാവിനെതിരേ അധിക്ഷേപ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് അമേരിക്കയില്‍ ട്രംപിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് പുതിയ വിവാദത്തിന് ട്രംപ് തിരികൊളുത്തിയത്.
എതിര്‍ സ്ഥാനാര്‍ഥി ഹിലരിയെ പിശാച് എന്നു വിശേഷിപ്പിച്ചതും ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ റാലിയില്‍ ഉന്നയിച്ച പ്രസ്താവന ഫോക്‌സ് ന്യൂസ് ചാനലിലൂടെയും ട്രംപ് ആവര്‍ത്തിച്ചു. നേരത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ഭാഗമായ പ്രൈമറികള്‍ അട്ടിമറിക്കപ്പെടുമെന്ന സംശയം ട്രംപ് പ്രകടിപ്പിച്ചിരുന്നു. പ്രൈമറി ഫലം അനുകൂലമായപ്പോള്‍ അദ്ദേഹം പ്രസ്താവന പിന്നീട് ആവര്‍ത്തിച്ചില്ല.
മാധ്യമങ്ങള്‍ക്കെതിരേയും വിമര്‍ശനം
വാഷിങ്ടണ്‍: മാധ്യമങ്ങളെ വിമര്‍ശിച്ച് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. സി.എന്‍.എന്‍ എന്നാല്‍ കേബിള്‍ ന്യൂസ് നെറ്റ്്‌വര്‍ക്ക് അല്ലെന്നും ക്ലിന്റന്‍ ന്യൂസ് നെറ്റ്്‌വര്‍ക്ക് ആണെന്നുമാണ് ട്രംപിന്റെ ആരോപണം. ന്യൂയോര്‍ക്ക് ടൈംസിനെ വിശ്വാസയോഗ്യമല്ലാത്ത പത്രമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ട്രംപിന്റെ മുസ്്‌ലിം വിരുദ്ധ വാര്‍ത്തകള്‍ വന്‍പ്രാധാന്യത്തോടെ നല്‍കിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
ഹിലരിയെ പിന്തുണച്ചാണ് മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. സി.എന്‍.എന്‍ തന്നെ മോശപ്പെട്ട മനുഷ്യനായി കണ്ടാണ് വാര്‍ത്ത നല്‍കുന്നതെന്നും ട്രംപ് പറഞ്ഞു. തന്റെ പരിപാടിക്കു വേണ്ടി കാത്തിരിക്കുന്നവര്‍ ഇത്തരം ചാനലുകള്‍ കാണുന്നത് അവസാനിപ്പിക്കുമെന്നും ഇത് സി.എന്‍.എന്നിന്റെ റേറ്റിങ്ങിനെ ബാധിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."