ഗാന്ധിജിയുടെ നിരീക്ഷണവും കോണ്‍ഗ്രസിന്റെ ഭാവിയും
ലോകചരിത്രത്തിനു മുഖവുരയെഴുതിയ അല്ലാമാ ഇബ്‌നു ഖല്‍ദൂന്‍ (1332-1406) 'മുഖദ്ദിമ'യില്‍ അവതരിപ്പിച്ച ഒരു കാഴ്ചപ്പാട് ഇന്ത്യയിലെ പ്രത്യേക രാഷ്ട്രീയകാലാവസ്ഥയില്‍ ചിലര്‍ എടുത്ത് ഉദ്ധരിച്ചതായി കണ്ടു. ഭരണവംശത്തിന്റെ മൂന്നുതലമുറകള്‍ക്കു മാത്രമേ ഭരണം നിലനിര്‍ത്താനാകൂവെന്നും തുടര്‍ന്നുള്ള തലമുറകളില്‍ ആ വംശത്തിന്റെ പ്രതാപം ക്ഷയിച്ചു ഭരണം കൈമോശമാകുമെന്നുമുള്ള അഭിപ്രായം ഉദ്ധരിച്ചാണു ചിലര്‍ കോണ്‍ഗ്രസിന്റെ പ്രത്യേകിച്ചു നെഹ്‌റു കുടുംബത്തിന്റെ ഇപ്പോഴത്തെ അപചയത്തിനു സൈദ്ധാന്തികമാനം നല്‍കാന്‍ ശ്രമിച്ചത്.
എന്നാല്‍, ഇബ്‌നു ഖല്‍ദൂന്‍ അവതരിപ്പിച്ച മറ്റൊരു കാഴ്ചപ്പാടു കൂടി ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണത്തുടര്‍ച്ചയ്ക്കും കോണ്‍ഗ്രസിന്റെ തളര്‍ച്ചക്കും വഴിയൊരുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചതായി കാണാം. ഭരണം നിലനിര്‍ത്തുന്നതിലും ഭരണാധികാരികള്‍ക്കുള്ള ജനസ്വാധീനം അരക്കിട്ടുറപ്പിക്കുന്നതിലും വംശീയമോ വര്‍ഗീയമോ ആയ വികാരങ്ങള്‍ക്കുള്ള സ്ഥാനമാണ് ഇബ്‌നു ഖല്‍ദൂന്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയത്. രാജാവും പ്രജകളും തമ്മിലുള്ള ബന്ധത്തിനു വികാരവായ്പ്പിന്റെ പിന്‍ബലമുണ്ടാകുമ്പോഴേ ഭരണം നേടുന്നതിലും നിലനിര്‍ത്തുന്നതിലും വിജയിക്കാനാകൂവെന്നാണ് ആ കാഴ്ചപ്പാടിന്റെ ചുരുക്കം.
2014ല്‍ ബി.ജെ.പി ഭരണത്തിലെത്തിയതിലും ഇത്തവണ അതു നിലനിര്‍ത്തിയതിലും അവര്‍ ഉയര്‍ത്തിവിട്ട ഹിന്ദുത്വവികാരത്തിന്റെ ശക്തിയും സ്വാധീനവും പ്രകടമാണ്. സാമൂഹികശാസ്ത്രപരമായ യാഥാര്‍ഥ്യമാണ് ഇബ്‌നു ഖല്‍ദൂന്‍ ചൂണ്ടിക്കാട്ടിയത്. അതു പ്രായോഗികരംഗത്തു വിദഗ്ധമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞതാണു സംഘ്പരിവാറിനു നേട്ടമായത്.
ബി.ജെ.പിയുടെ ഈ നീക്കം തടയാന്‍ പ്രാദേശികവികാരവും മറ്റും ഇളക്കിവിട്ട ചില പ്രാദേശികകക്ഷികള്‍ക്കു ചിലയിടത്തൊക്കെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു. എങ്കിലും, വംശീയ അജന്‍ഡയുടെ താത്വികാടിത്തറയില്‍ കെട്ടിപ്പൊക്കിയ ബി.ജെ.പിയോടു പോരാടി ജയിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
കോണ്‍ഗ്രസിന്റെ തളര്‍ച്ചയ്ക്കു കാരണം പലതാണ്. കൃത്യവും ഏകീകൃതവുമായ നയമോ നിലപാടോ ഇല്ലാത്ത ആള്‍ക്കൂട്ടം മാത്രമാണു കോണ്‍ഗ്രസ് എന്ന ധാരണ പണ്ടു മുതല്‍ ശക്തമായിരുന്നു. എന്നാല്‍, എതിര്‍പക്ഷത്തു ലക്ഷണമൊത്ത ഒരു പാര്‍ട്ടിയില്ലാത്തതിനാല്‍ കോണ്‍ഗ്രസിനു കുറേക്കാലം പിടിച്ചുനില്‍ക്കാനായി. ഇന്ത്യയുടെ സ്വാതന്ത്ര്യം ലക്ഷ്യംവച്ചു രൂപം കൊണ്ട പാര്‍ട്ടിയായിരുന്നില്ല കോണ്‍ഗ്രസ്. എന്നാലും 1920 കളില്‍ സാഹചര്യങ്ങളുടെ അനിവാര്യതയ്‌ക്കൊത്ത് പാര്‍ട്ടി പൂര്‍ണ സ്വരാജ് എന്ന ആശയം സ്വാംശീകരിക്കുകയായിരുന്നു. ശേഷം ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ കോണ്‍ഗ്രസിന് പ്രസക്തിയില്ലാതായെന്ന മഹാത്മാഗാന്ധിയുടെ നിരീക്ഷണം മറികടന്നും പാര്‍ട്ടി നിലനിന്നു. സ്വാതന്ത്ര്യത്തിന് ശേഷം നിലനില്‍ക്കണമെങ്കില്‍ പാര്‍ട്ടിയുടെ നിലവിലെ നയ നിലപാടുകളും താത്വിക അസ്തിവാരവും പോരെന്ന തിരിച്ചറിവില്‍ നിന്നാകും ഗാന്ധിജി അങ്ങനെ അഭിപ്രായപ്പെട്ടത്. അത് പക്ഷെ, ചെവികൊള്ളേണ്ടവര്‍ ചെവികൊണ്ടില്ല. അവര്‍ കോണ്‍ഗ്രസിനെ അതേപടി നിലനിര്‍ത്തി.
നെഹ്‌റുവിന്റെ വ്യക്തിപ്രഭാവവും പ്രായോഗിക ബുദ്ധിയും രാജ്യതന്ത്രജ്ഞതയും ആയിരിക്കാം അതിന് ശേഷം കോണ്‍ഗ്രസിനെ നിലനിര്‍ത്തുന്നതില്‍ പ്രധാന ഘടകമായി വര്‍ത്തിച്ചത്. ചുരുങ്ങിയത് പാര്‍ട്ടിയുടെ അണികളും നേതാക്കളും എങ്കിലും അങ്ങനെ വിലയിരുത്തി. അത് കൊണ്ടാണല്ലോ സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസിന്റെ നിലനില്‍പ്പിന് പ്രധാനമായും നെഹ്‌റു കുടുംബത്തെ ആശ്രയിക്കേണ്ടി വന്നത്. സ്വതന്ത്ര ഇന്ത്യയില്‍ 20 ഓളം പേര്‍ കോണ്‍ഗ്രസിന്റെ അമരത്ത് വന്നപ്പോള്‍ അതില്‍ അഞ്ചുപേര്‍ നെഹ്‌റു കുടുംബത്തില്‍ നിന്നായിരുന്നു.
1969ല്‍ കോണ്‍ഗ്രസ് കടുത്ത വെല്ലുവിളി നേരിട്ടെങ്കിലും ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ നിഷ്പ്രയാസം അതിനെ അതിജീവിക്കാന്‍ കഴിഞ്ഞു. 1977ല്‍ അടിയന്തരാവസ്ഥയെ തുടര്‍ന്നു ഇന്ദിരയ്ക്കും കോണ്‍ഗ്രസിനും എതിരേ കടുത്ത ജന രോഷം ഉയരുകയും ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം സംഘടിതമായി പാര്‍ട്ടിയെ നേരിടുകയും ചെയ്തപ്പോള്‍ കോണ്‍ഗ്രസ് വീണ്ടും പ്രതിസന്ധിയിലായി. ഇന്ദിരയും പുത്രനും അടക്കം കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങി. ഇനിയൊരു തിരിച്ചുവരവ് അസാധ്യമെന്ന് തോന്നിച്ചെങ്കിലും കേവലം രണ്ട് വര്‍ഷം കൊണ്ട് ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥ വീണ്ടും കോണ്‍ഗ്രസിന് അനുകൂലമായി. എന്നാല്‍ അതിനുശേഷം ഇന്ത്യയിലെ സാമൂഹികാന്തരീക്ഷത്തില്‍ രൂപപ്പെട്ട പുതിയ അടിയൊഴുക്കുകളെ വേണ്ടവിധം മനസിലാക്കുവാനോ അതിനെ മറികടക്കാന്‍ ആവശ്യമായ നിലപാടോ രാജ്യതന്ത്രജ്ഞതയോ സ്വീകരിക്കുവാനോ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. മഹാത്മാഗാന്ധിയുടെ നിരീക്ഷണത്തിലെ കാതലും ക്രാന്തദര്‍ശിത്വവും വ്യക്തമാക്കുന്ന തരത്തിലുള്ള പരിണാമഗുപ്തിയിലേക്കാണ് പിന്നീട് കോണ്‍ഗ്രസ് രാഷ്ട്രീയം കൂപ്പുകുത്തിയത്.
നെഹ്‌റുവിന്റെ കാലശേഷവും കോണ്‍ഗ്രസ് കേന്ദ്രത്തിലും ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും ഭരണം നിലനിര്‍ത്തിയെങ്കിലും ജീര്‍ണതയുടെ ചിതല്‍പ്പുറ്റ് പാര്‍ട്ടിയുടെ വേരുകളെ ഗ്രസിച്ചു വരുന്ന കാര്യം പലര്‍ക്കും കാണാന്‍ കഴിഞ്ഞില്ല. ഓരോ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനുണ്ടായ തളര്‍ച്ച താല്‍ക്കാലിക പ്രതിഭാസമാണെന്നും ക്രമേണ കൂടുതല്‍ പ്രസരിപ്പോടെ തിരിച്ചുവരുമെന്നും അവര്‍ കരുതി. അങ്ങനെ സംഭവിച്ചില്ലെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്.
ഒരു പക്ഷെ ആദ്യമായി അത്തരമൊരു വെല്ലുവിളി പാര്‍ട്ടി നേരിട്ടത് തമിഴ്‌നാട്ടിലായിരിക്കാം. ഒരു കാലത്ത് കോണ്‍ഗ്രസിലെ കിങ് മേക്കറായി അറിയപ്പെട്ടിരുന്ന കാമരാജിന്റെ നാട്ടില്‍ അണ്ണാ ദുരെയുടെ നേതൃത്വത്തില്‍ ദ്രാവിഡ മുന്നേറ്റ കഴകം ശക്തി പ്രാപിക്കുകയും 1967ല്‍ സംസ്ഥാന ഭരണം കോണ്‍ഗ്രസില്‍നിന്ന് ഡി.എം.കെ പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് കോണ്‍ഗ്രസിന് പ്രതീക്ഷക്ക് വക നല്‍കുന്ന ഒരു മുന്നേറ്റവും സൃഷ്ടിക്കാനായില്ല. ഏതെങ്കിലും ദ്രാവിഡ കക്ഷിയുടെ, പ്രധാനമായും ഡി.എം.കെയുടെ ജൂനിയര്‍ പാര്‍ട്ടണറായി നിലനില്‍ക്കാനായിരുന്നു കോണ്‍ഗ്രസിന്റെ യോഗം.
ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗമായിരുന്ന പശ്ചിമ ബംഗാളില്‍ 1972-77 കാലഘട്ടത്തില്‍ ബംഗാള്‍ ഭരിച്ച സിദ്ധാര്‍ഥ ശങ്കര്‍ റായിയാണ് കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രി. അതിനുശേഷം ദീര്‍ഘകാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണം നടത്തി. പിന്നീട് കോണ്‍ഗ്രസില്‍നിന്ന് ഒരു കാലത്ത് പുറത്തുപോയി സ്വന്തം പാര്‍ട്ടി രൂപീകരിച്ച (തൃണമൂല്‍ കോണ്‍ഗ്രസ്) മമതാ ബാനര്‍ജി അവിടെയുള്ള എല്ലാ പാര്‍ട്ടികളെയും തോല്‍പ്പിച്ചു സ്വന്തം പാര്‍ട്ടിയുടെ ബലത്തില്‍ അധികാരത്തില്‍ വന്നു. പക്ഷെ, കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവിന് നേരിയ പ്രതീക്ഷ പോലും നല്‍കാതെ സംസ്ഥാനം കൈവിട്ടു പോയി.
മഹാരാഷ്ട്രയില്‍ അവിടത്തെ ശക്തനായ നേതാവ് ശരത് പവാര്‍ 1999ല്‍ പാര്‍ട്ടിവിട്ടു എന്‍.സി.പി രൂപീകരിച്ചതോടെ കോണ്‍ഗ്രസിന്റെ ശനിദശ ആരംഭിച്ചു. തനിച്ചു ഭരിക്കുന്നത് സ്വപ്നം കാണാന്‍ പോലും പറ്റാത്ത വിധം കോണ്‍ഗ്രസ് അവിടെ ദുര്‍ബലമായി. യു.പിയിലും ബീഹാറിലും സ്ഥിതി വ്യത്യസ്ഥമല്ല.1994-95 ല്‍ ഗുജറാത്ത് ഭരിച്ച ചബില്‍ ദാസ് മേത്തയാണ് അവിടത്തെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി.ഒഡിഷയില്‍ നവീന്‍ പട്‌നായിക് ബിജു ജനതാദള്‍ എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കി കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കി അവിടെ ഭരണം നടത്തിക്കൊണ്ടിരിക്കയാണ്. അടുത്ത കാലം വരെ കോണ്‍ഗ്രസിന്റെ ഉരുക്കു കോട്ടയായിരുന്ന കര്‍ണാടകയിലെ സ്ഥിതി നാം കണ്ടതാണ്.
ഏകീകൃത ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി ആന്ധ്രാ വിഭജനത്തോടെ തെലങ്കാനയുടെ ഭരണം കെ. ചന്ദ്രശേഖരറാവുവിന്റെ കയ്യില്‍ ഭദ്രമായപ്പോള്‍ ആന്ധ്രാപ്രദേശ് ഒരു ഇടവേളക്ക് ശേഷം കോണ്‍ഗ്രസിനെ വെല്ലുവിളിച്ച ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കൈകളില്‍ തന്നെ എത്തിച്ചേര്‍ന്നു. ഇവിടങ്ങളില്‍ കോണ്‍ഗ്രസിന്റെ നിലനില്‍പ്പുപോലും ഇപ്പോള്‍ ഭീഷണിയിലാണ്.
ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം പാര്‍ട്ടിയുടെ പല നേതാക്കളില്‍ ഒരാള്‍ തെറ്റിപ്പിരിഞ്ഞു നിന്ന് പിടിച്ചു വലിക്കുമ്പോഴേക്ക് കടപുഴകി വീഴാന്‍ മാത്രം ദുര്‍ബലമായ അസ്തിവാരത്തിലാണ് കോണ്‍ഗ്രസ് എന്ന വടവൃക്ഷം പല സ്ഥലങ്ങളിലും തല ഉയര്‍ത്തി നില്‍ക്കുന്നതെന്നാണ്. കൂടാതെ വലിയ നേതാക്കള്‍ പോലും ഉടലിവിടെ മനമവിടെ എന്ന പരുവത്തിലാണ്. ഇത്തരമൊരു പാര്‍ട്ടിയാണ് ഇന്ത്യയിലെ സമീപകാല രാഷ്ട്രീയ ചരിത്രത്തില്‍ സംഘടനാപരമായും സാമ്പത്തികമായും താത്വികമായും ഭരണപരമായും ഏറ്റവും കരുത്തുള്ള ബി.ജെ.പിയെ നേരിടാന്‍ രംഗത്തുള്ളത്. സംഘടനാപരവും വീക്ഷണ പരവുമായ ദൗര്‍ബല്യങ്ങള്‍ക്ക് പുറമെ ഈ പ്രതിസന്ധി ഘട്ടത്തെ നേരിടാന്‍ കെല്‍പ്പും ഭാവനാശേഷിയും ദൂരക്കാഴ്ചയുമുള്ള നേതൃത്വത്തിന്റെ അഭാവവും കോണ്‍ഗ്രസില്‍ പ്രതീക്ഷയര്‍പ്പിച്ച ജനലക്ഷങ്ങളെ നിരാശപ്പെടുത്തുന്നു. ഇന്ത്യയിലെ മതേതരത്വവും ജനാധിപത്യ സംവിധാനവും ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ വാര്‍ധക്യ സഹജമായ ഏനക്കേടുകളും ആശയപരമായ പാപ്പരത്തവും നേതൃപരമായ ദാരിദ്ര്യവും കൊണ്ട് പൊറുതിമുട്ടുന്ന കോണ്‍ഗ്രസിന് എന്തുചെയ്യാന്‍ കഴിയുമെന്നത് വലിയൊരു ചോദ്യ ചിഹ്നമാണ്. പുതിയ കാലത്തെ വെല്ലുവിളികളും സാധ്യതകളും കണ്ടറിഞ്ഞു പതിറ്റാണ്ടുകള്‍ക്കിടയില്‍ പാര്‍ട്ടിയില്‍ ഊറിക്കൂടിയ ജീര്‍ണതകള്‍ തുടച്ചു നീക്കി, പുതിയ കാഴ്ചപ്പാടുകളും വര്‍ധിത വീര്യവുമായി മുന്നേറാന്‍ പാര്‍ട്ടിയെ സജ്ജമാക്കാന്‍ കഴിയുന്ന നേതൃത്വം ഉരുത്തിരിഞ്ഞു വന്നാലേ കോണ്‍ഗ്രസ് ഇനി രക്ഷപ്പെടൂ. അല്ലെങ്കില്‍ കാലം കാത്തിരിക്കുന്ന മറ്റൊരു പാര്‍ട്ടിക്ക് വഴി മാറിക്കൊടുക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."