ബാങ്കുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന ഉത്തരേന്ത്യന്‍ സംഘം പിടിയില്‍
ചാലക്കുടി: ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇടപാടുകാരെ കബളിപ്പിച്ചു പണം തട്ടുന്ന സംഘത്തിലെ തലവന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ ചാലക്കുടി എ.ടി.എം കവര്‍ച്ചാ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. ഗുജറാത്ത് വല്‍സാഡ് സീട്ടിയ നഗര്‍ സ്വദേശിയും 'മോത്തി ഹാരി ഡഗ് 'എന്നറിയപ്പെടുന്ന സംഘത്തിന്റെ തലവനുമായ ഉപേന്ദ്ര പ്രതാപ് ലല്ലന്‍ സിങ് (40), ബിഹാറിലെ ചോട്ടാ ബാരിയപൂര്‍ സ്വദേശി അങ്കൂര്‍ കുമാര്‍ (28) എന്നിവരാണ് ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
ഗുജറാത്തിലെ വല്‍സാദില്‍ ബ്രോക്കറായി ജോലി ചെയ്തിരുന്ന ഉപേന്ദ്ര പ്രതാപ് ലല്ലന്‍ സിങ് സംഘാംഗങ്ങളുമൊത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിക്കുകയും ബാങ്കുകളിലും മറ്റും ഇടപാടുകള്‍ക്കായി എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളെ സമീപിച്ച് അവര്‍ അടയ്ക്കുവാനായി കൊണ്ടുവരുന്നതിനു ഇരട്ടി തുക വാഗ്ദാനം ചെയ്യുകയും കള്ളപ്പണം ആയതിനാലാണ് ഇത്രയും തുക നല്‍കുന്നതെന്നു വിശ്വസിപ്പിക്കുകയും ചെയ്താണ് തട്ടിപ്പ്. നോട്ടുകെട്ടിന്റെ മുകളിലും താഴെയും ഒറിജിനല്‍ നോട്ടുകള്‍ വയ്ക്കുകയും ഇതേ അളവിലുള്ള കടലാസുകള്‍ നടുവില്‍വച്ച് റബര്‍ ബാന്‍ഡ് ഇട്ട് കെട്ടുകളാക്കി ഇടപാടുകാരെ വിശ്വസിപ്പിക്കുകയും തുക കൈമാറി നിമിഷ നേരത്തിനകം സ്ഥലം വിടുകയുമാണ് പതിവ്. നോട്ടുകെട്ടുകള്‍ തൂവാലയില്‍ കെട്ടി ഒരു വശത്തുകൂടെ പണമടക്കാന്‍ വരുന്നവരെ കാണിക്കുകയും ഇതു കൈമാറുന്ന സമയം അതിലെ ഒറിജിനല്‍ നോട്ടുകള്‍ ഞൊടിയിടയില്‍ തട്ടിയെടുക്കുകയും ചെയ്യുന്ന വിരുതന്‍മാരാണിവര്‍.
ഇത്തവണ പൂനെയില്‍നിന്നു ഗോവയിലേക്കു വന്ന സംഘം അവിടെ തട്ടിപ്പു നടത്താന്‍ കഴിയാതെ മംഗലാപുരം വഴി കേരളത്തില്‍ എത്തുകയായിരുന്നു. സമീപ ദിവസങ്ങളില്‍ മൂന്നു ജില്ലകളിലായി നടന്ന എ.ടി.എം കവര്‍ച്ചകളോടനുബന്ധിച്ചു പൊലിസ് നടത്തിയ അന്വേഷണത്തിനിടെയാണ് 'മോത്തി ഹാരി ഡഗ് ' എന്നറിയപ്പെടുന്ന സംഘം ദക്ഷിണേന്ത്യയിലേക്കു കടന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം നടത്തിയ ആസൂത്രിതമായ നീക്കത്തിനൊടുവിലാണ് വടകര പൊലിസിന്റെ സഹായത്തോടെ ചോമ്പാലയില്‍വച്ച് ഇവരെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനുശേഷം ഇവരെ അങ്കമാലി പൊലിസിനു കൈമാറി.എസ്.ഐ വത്സകുമാര്‍, എസ്.ഐ സുബീഷ്‌മോന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സതീശന്‍ മടപ്പാട്ടില്‍, സി.എ ജോബ് , റോയ് പൗലോസ്, ടി.ജി മനോജ്, പി.എം മൂസ, വി.യു സില്‍ജോ, എ.യു റെജി, ഷിജോ തോമസ്, എം.ജെ ബിനു , അങ്കമാലി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ റോണി, ജിസ്‌മോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. അങ്കമാലി കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."