സര്‍ക്കാരിന് മുന്നറിയിപ്പുമായി രാജസ്ഥാനിലും കര്‍ഷകര്‍
ജെയ്പൂര്‍: മധ്യപ്രദേശില്‍ രൂക്ഷമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ അലയൊലികള്‍ രാജസ്ഥാനിലേക്കും. മന്ദസൂര് ജില്ലയില്‍ ആറ് കര്‍ഷകര്‍ മരിക്കാനിടയായ സംഭവത്തില്‍ അനുശോചന യോഗത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ രാജസ്ഥാന് സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
മധ്യപ്രദേശിലെ കര്‍ഷകര്‍ ഉന്നയിച്ച വിഷയം രാജസ്ഥാനിലെ കര്‍ഷകരും നേരിടുകയാണെന്ന് അവര്‍ പറഞ്ഞു. സര്‍ക്കാര്‍ തുടരുന്ന നിസംഗമായ നിലപാടില്‍ പ്രതിഷേധിച്ച് അടുത്ത ആഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കാന്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ ബി.ജെ.പി ഭരിക്കുന്ന ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ രാജസ്ഥാനിലും കടുത്ത പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ആഭ്യന്തര രംഗം കലാപകാരികളുടെ കൈകളിലായപ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാനാകാതെ സര്‍ക്കാരുകള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
ചിറ്റോര്‍ഗഡ്, പ്രതാപ്ഗഡ് ജില്ലകളിലാണ് കര്‍ഷകര്‍ പ്രതിഷേധരംഗത്തേക്കിറങ്ങുന്നത്. തങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തിയുള്ള നിവേദനം ഇരു ജില്ലാ കലക്ടര്‍മാര്‍ക്കും സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അനുകൂല നടപടിയുണ്ടായിട്ടില്ലെങ്കില്‍ മന്ദസൂരിലുണ്ടായതുപോലുള്ള പ്രതിഷേധം രാജസ്ഥനിലും ഉണ്ടാകുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."