സര്‍ക്കാര്‍ നിസംഗത തുടരുന്നു; മധ്യപ്രദേശ് കര്‍ഷക പ്രക്ഷോഭം രൂക്ഷം
ഭോപ്പാല്‍: വിവിധ പ്രശ്‌നങ്ങളുന്നയിച്ച് പ്രതിഷേധിച്ച കര്‍ഷകര്‍ക്കു നേരെ പൊലിസ് നടത്തിയ വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം ആറായി. വെടിവയ്പ്പില്‍ പരുക്കേറ്റ ഒരാള്‍ ഇന്നലെ മരിച്ചതോടെയാണ് മരണ സംഖ്യ ആറായി ഉയര്‍ന്നത്. അതിനിടയില്‍ മന്ദസൂര്‍ ജില്ലയില്‍ തുടങ്ങിയ പ്രതിഷേധം സംസ്ഥാനത്തെ ആറ് ജില്ലകളിലേക്കു കൂടി വ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂണ്‍ ഒന്നുമുതല്‍ ഒറ്റപ്പെട്ട നിലയില്‍ തുടങ്ങിയ പ്രതിഷേധം ചൊവ്വാഴ്ചയാണ് അക്രമാസക്തമായത്. സംസ്ഥാന ബി.ജെ.പി സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമം ഉണ്ടാകാത്തതാണ് പ്രതിഷേധം അക്രമാസക്തമായ രീതിയിലേക്ക് എത്താന്‍ ഇടയായത്. പദ്്‌വാല്‍ ധര്‍മശാല ഭാഗത്തും മന്‍സാ റോഡിലും സംഘടിച്ച ജനക്കൂട്ടം നിരവധി വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കി. ഇവിടെ പൊലിസിനും ഫയര്‍ ഫോഴ്‌സിനും എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചാണ് അക്രമം നടത്തിയത്. ബര്‍ഖേര മേഖലയില്‍ അക്രമാസക്തമായ ജനക്കൂട്ടത്തെ ഭയന്ന് റെയില്‍ സര്‍വിസ് റൂട്ട്മാറ്റിയതായി റെയില്‍വേ അറിയിച്ചു.
ധര്‍, ഹാര്‍ദ, സെഹോര്‍ എന്നിവിടങ്ങളിലെ കര്‍ഷകര്‍ ഒരു പൊലിസ് സ്റ്റേഷന്‍ അഗ്നിക്കിരയാക്കി. മന്ദസൂരിനടുത്ത കയംപൂരിലെ ഒരു സ്വകാര്യ ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ അഗ്നിക്കിരയാക്കാനും ശ്രമമുണ്ടായി. ഹാത്തിപിപ്പിലിയയിലും ദേവാസിലും കര്‍ഷകരും പൊലിസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. പൊലിസിനു നേരെ കല്ലേറ് നടത്തിയ പ്രതിഷേധക്കാര്‍ ഫയര്‍ഫോഴ്‌സ് വാഹനം ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.
പ്രതിഷേധക്കാര്‍ക്കൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകരും അണിചേര്‍ന്നതോടെ സ്ഥിതിഗതികള്‍ രൂക്ഷമായിട്ടുണ്ടെന്നാണ് പൊലിസ് പറയുന്നത്. ഉജ്ജയിനില്‍ കര്‍ഷകര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പൊലിസുകാര്‍ക്ക് പരുക്കേറ്റു.പലയിടങ്ങളിലും മുഖ്യമന്ത്രി ശിവ്്‌രാജ് സിങ് ചൗഹാന്റെ കോലം കത്തിക്കുകയും ചെയ്തു.
അതിനിടയില്‍ പൊലിസുകാര്‍ നടത്തിയ വെടിവയ്പ്പില്‍ ആറ് പട്ടേല്‍ സമുദായക്കാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചുവെന്ന് രാഷ്ട്രീയ മസ്ദൂര്‍ കിസാന്‍ സംഘ് ദേശീയ പ്രസിഡന്റ് ശിവകുമാര്‍ ശര്‍മ അറിയിച്ചു. മുന്നറിയിപ്പില്ലാതെയാണ് പൊലിസ് വെടിവയ്പ്പ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
സുപ്രിം കോടതി മാര്‍ഗ നിര്‍ദേശം ലംഘിച്ചാണ് പ്രക്ഷോഭകര്‍ക്കെതിരേ പൊലിസ് വെടിവയ്പ്പ് നടത്തിയതെന്ന് രാഷ്ട്രീയ മസ്ദൂര്‍ കിസാന്‍ സംഘ്, ഭാരതീയ കിസാന്‍ യൂനിയന്‍, ആം കിസാന്‍ യൂനിയന്‍ എന്നിവര്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ഈ മാസം 10ന് സംസ്ഥാന വ്യാപകമായി ജയില്‍ നിറയ്ക്കല്‍ സമരത്തിന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കാര്‍ഷിക നയം പ്രഖ്യാപിക്കുക, ലോണ്‍ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജയില്‍ നിറയ്ക്കല്‍ സമരം നടത്തുക.
അതിനിടയില്‍ ജനങ്ങളോട് ശാന്തരാകാനും അക്രമ മാര്‍ഗം ഉപേക്ഷിക്കാനും മുഖ്യമന്ത്രി ശിവ്്‌രാജ് സിങ് ചൗഹാന്‍ അഭ്യര്‍ഥിച്ചു.
കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയ കളിയാണ് അക്രമത്തിന് കാരണമെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് പ്രഭാത് ഝാ ആരോപിച്ചു. കര്‍ഷകരുടെ ക്ഷേമത്തിനായിട്ടാണ് ശിവ്്‌രാജ് സര്‍ക്കാര്‍ നിലകൊള്ളുന്നത്. പൊലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കിയത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. തരംതാണ രാഷ്ട്രീയം കളിച്ച് അക്രമത്തിന് പ്രേരണ നല്‍കുന്നത് രാഹുല്‍ ഗാന്ധിയാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
ചൊവ്വാഴ്ച മരിച്ച അഞ്ചുപേരുടെ മരണാനന്തര ചടങ്ങിനിടയിലും അക്രമങ്ങളുണ്ടായി. അക്രമത്തെ തുടര്‍ന്ന് പരസ്പര ആരോപണങ്ങളുന്നയിച്ച് ഗ്വാളിയോര്‍, ഇന്‍ഡോര്‍ മേഖലകളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."