ഖത്തര്‍ നയതന്ത്ര പ്രതിസന്ധി
ദോഹ: ഭക്ഷ്യക്ഷാമം തടയാന്‍ തുര്‍ക്കിയുമായും ഇറാനുമായും ഖത്തര്‍ ചര്‍ച്ച ആരംഭിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ ഇറക്കുമതി രാജ്യങ്ങളായ യു.എ.ഇയും സഊദി അറേബ്യയും വ്യാപാര-നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചതിനു പിറകെ രാജ്യത്ത് ഉടലെടുക്കാന്‍ സാധ്യതയുള്ള ഭക്ഷ്യക്ഷാമം തടയാനാണ് ഖത്തര്‍ സൗഹൃദത്തിലുള്ള മറ്റു രാജ്യങ്ങളുടെ സഹായം തേടുന്നത്.
വിഷയത്തില്‍ ഇറാന്‍, തുര്‍ക്കി അടക്കമുള്ള വിവിധ രാജ്യങ്ങളുമായി ചര്‍ച്ച ആരംഭിച്ചതായി ഖത്തര്‍ അധികൃതര്‍ അറിയിച്ചു. ഖത്തര്‍ എയര്‍വേസ് വഴി ഇവിടങ്ങളില്‍ നിന്ന് ഭക്ഷണമെത്തിക്കാനാണ് പദ്ധതി. നിലവില്‍ രാജ്യത്തിന് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ ദോഹയില്‍ സംഭരിച്ചിട്ടുണ്ടെന്നും ഭാവിയിലുണ്ടാകാനിടയുള്ള ക്ഷാമം മുന്‍കൂട്ടി കണ്ടാണ് പുതിയ നീക്കമെന്നും ഖത്തര്‍ മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞു.
ഖത്തറിന് ആവശ്യമുള്ള വെള്ളവും ഭക്ഷ്യവസ്തുക്കളും എത്തിക്കാന്‍ രാജ്യം സജ്ജമാണെന്ന് തുര്‍ക്കിയിലെ പ്രമുഖ ഭക്ഷ്യ കയറ്റുമതി കമ്പനിയായ ടര്‍ക്കിഷ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസംബ്ലി(ടി.ഐ.എം) മേധാവി മെഹ്‌മെത് ബുയൂകെക്‌സി റോയിട്ടേഴ്‌സിനോട് പറഞ്ഞു. വിവിധ രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനു തൊട്ടുപിറകെ ഖത്തറിനു പിന്തുണ അറിയിച്ച് തുര്‍ക്കി സര്‍ക്കാറും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
അതിനിടെ, ഖത്തറുമായി സൈനിക സഹകരണം ശക്തമാക്കാനായി പുതിയ ബില്ല് തുര്‍ക്കി പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വച്ചു. പുതിയ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് തുര്‍ക്കി സര്‍ക്കാരന്റെ നീക്കം. സൈനിക പരിശീലനം, ഖത്തറിലെ സൈനിക താവളത്തില്‍ കൂടുതല്‍ സേനാ വിന്യാസം എന്നിങ്ങനെ രണ്ട് വ്യത്യസ്ത ബില്ലുകളാണ് ഇന്നലെ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."