പുഴയില്‍ വീണ യുവതിയെ രക്ഷപ്പെടുത്തിയ യുവാവിന് നാടിന്റെ ആദരം
എരുമപ്പെട്ടി: പുഴയില്‍ വീണ് ഒഴുക്കില്‍ പെട്ട യുവതിയെ അതി സാഹസികമായി രക്ഷപ്പെടുത്തിയ യുവാവിന് നാടിന്റെ സ്‌നേഹാദരം.
എരുമപ്പെട്ടി ആരനാട്ടില്‍ സുബീഷാണ് യുവജന കൂട്ടായ്മയുടെ ആദരവിന് അര്‍ഹനായത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നര മണിക്കായിരുന്നു സംഭവം. തയ്യൂര്‍ പാലത്തിന് സമീപം തന്റെ വാഹനം തകരാറിലായതിനെ തുടര്‍ന്ന് സുഹൃത്തിനെ കാത്ത് നില്‍ക്കുന്നതിനിടെയാണ് യുവതി പുഴയില്‍ മുങ്ങിത്താഴ്ന്ന് ഒഴുകിപോകുന്നത് സുബീഷിന്റെ ശ്രദ്ധയില്‍ പെട്ടത്. ശക്തമായ ഒഴുക്കിനെ ഗൗനിക്കാതെ പുഴയിലേക്ക് എടുത്ത് ചാടിയ സുബീഷ് നീന്തിച്ചെന്ന് യുവതിയെ പിടികൂടി. കരയിലേക്ക് നീന്താന്‍ പരിശ്രമിച്ചെങ്കിലും ഇരുവരും ഇരുനൂറ് മീറ്ററോളം ദൂരം ഒഴുക്കില്‍ പെട്ടു.
തന്റെ ജീവന്‍ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞിട്ടും യുവതിയെ വിട്ടുകളായാന്‍ യുവാവ് തയാറായില്ല. ഒഴുകിപോകുന്നതിനിടയിലും കരയിലേയ്ക്ക് നീന്തിയടുത്ത സുബീഷിന് ഭാഗ്യവശാല്‍ വെള്ളത്തിലേയ്ക്ക് ചാഞ്ഞ് കിടന്നിരുന്ന മരച്ചില്ലയില്‍ പിടുത്തം കിട്ടി.
അബോധാവസ്ഥയിലായ യുവതിയെ ഒരു കൈയില്‍ പിടിച്ച് സുബീഷ് പതിനഞ്ച് മിനിറ്റിലധികം സമയം മരച്ചില്ലയില്‍ തൂങ്ങി നിന്നു. ഇരുവരും ഒഴുകി പോകുന്നത് കണ്ട നാട്ടുകാര്‍ പുഴക്കരയിലൂടെ പിന്തുടര്‍ന്നെത്തി തയ്യൂര്‍ സ്വദേശി അമീറിന്റെ നേതൃത്വത്തില്‍ കയറുപയോഗിച്ച് രണ്ട് പേരേയും കരക്കെത്തിച്ചു.
ആക്ട്‌സ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച യുവതി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. യുവജന കൂട്ടായ്മയുടെ ഉപഹാരം എരുമപ്പെട്ടി അഡീഷണല്‍ എസ്.ഐ വി.ജെ ജോണ്‍ സുബീഷിന് സമര്‍പ്പിച്ചു. മുന്‍ എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് യു.കെ മണി പൊന്നാട അണിയിച്ചു. പഞ്ചായത്തംഗം വി.സി ബിനോജ്, പൊതു പ്രവര്‍ത്തകന്‍ കെ.ടി റിനോള്‍ഡ്, സുജിത്ത് അള്ളന്നൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."