തുളുനാടിന്റെ ജനനായകന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
കാസര്‍കോട്: തുളുനാടിന്റെ ജനായകന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇന്നലെ അതിരാവിലെ ജില്ലയിലെ ജനങ്ങളെ തേടിയെത്തിയത് പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ ആകസ്മികമായ വിയോഗ വാര്‍ത്തയായിരുന്നു.
ജില്ലയിലെ മദ്‌റസകളില്‍ അദ്ദേഹത്തിനുവേണ്ടി പ്രത്യേക പ്രാര്‍ഥനാസദസുകളും രാവിലെ തന്നെ നടന്നു. ജില്ലയുടെ മുഴുവന്‍ ഭാഗങ്ങളില്‍ നിന്നും കര്‍ണാടകയില്‍നിന്നും നേതാക്കളും പ്രവര്‍ത്തകരും സാധാരണക്കാരും അതിരാവിലെ തന്നെ അബ്ദുല്‍ റസാഖിന്റെ വസതിയിലേക്കൊഴുകിയതോടെ നായന്മാര്‍ മൂല പ്രദേശം ജനസമുദ്രമായി മാറി. ഇതോടെ പ്രദേശത്തെ ദേശീയപാതയില്‍ ഗതാഗത തടസം അനുഭവപ്പെട്ടു. തുടര്‍ന്ന് പൊലിസ് സംഘം സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയായിരുന്നു. രണ്ടുദിവസം മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അബ്ദുല്‍ റസാഖ് ഇന്നലെ രാവിലെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ്ജായ ശേഷം വൈകുന്നേരത്തോടെ ദുബൈയിലേക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു.
അബ്ദുല്‍ റസാഖിന്റെ പൊടുന്നനെയുള്ള വിയോഗവാര്‍ത്ത ജില്ലയെ ശോകമൂകമാക്കി. അബ്ദുല്‍ റസാഖിന്റെ വിയോഗത്തില്‍ ദുഃഖ സൂചകമായി മഞ്ചേശ്വരം മണ്ഡലത്തില്‍ കടകളും മറ്റും അടഞ്ഞു കിടന്നു. ചെര്‍ക്കളം, നായന്മാര്‍മൂല എന്നിവിടങ്ങളിലും കടകള്‍ അടഞ്ഞു കിടന്നു.
കാസര്‍കോട്ടുനിന്നു സ്വന്തം മണ്ഡലത്തിലേക്ക് പോകാന്‍ പതിനഞ്ചു കിലോമീറ്റര്‍ മാത്രം ദൂരമുണ്ടായിരുന്നപ്പോഴും ഇതൊന്നും വകവെക്കാതെ അദ്ദേഹം ഉപ്പളയില്‍ താമസിച്ചു വരുകയായിരുന്നു.
തന്റെ മണ്ഡലത്തിലുള്ള ജനങ്ങളോട് അടുത്തിടപഴകി ജീവിക്കണമെന്ന വ്യക്തമായ ധാരണയോടുകൂടിയായിരുന്നു അദ്ദേഹം ഉപ്പളയില്‍ താമസിച്ചിരുന്നത്.
ഇന്നല ഉച്ചയോടെ അബ്ദുല്‍ റസാഖിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വേണ്ടി ഉപ്പളയില്‍ കൊണ്ടുപോയി. അവിടെ മുസ്‌ലിം ലീഗ് ഓഫിസില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം വൈകുന്നേരം അഞ്ചോടെ കാസര്‍കോട്ടേക്ക് കൊണ്ടുവന്നു. ഉച്ചവരെ നായന്മാര്‍മൂലയിലെ വീട്ടിലും ഉച്ചയ്ക്കു ശേഷം ഉപ്പള മുസ്‌ലിം ലീഗ് ഓഫിസിലും ആയിരങ്ങളാണ് പ്രിയ നേതാവിന് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിയത്.
രാത്രി പത്തോടെ ആലംപാടി ജുമാ മസ്ജിദ് പരിസരത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ തുളുനാടിന്റെ ജനനായകന് വിട നല്‍കി.
1967ല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ രംഗപ്രവേശം. 1975ല്‍ മുസ്‌ലിം ലീഗ് ശാഖാ ജനറല്‍ സെക്രട്ടറിയായി. 1979 മുതല്‍ 1990 വരെ ബിസിനസ് സംബന്ധമായി സംസ്ഥാനത്തിനുപുറത്തായിരുന്ന പി.ബി അബ്ദുല്‍ റസാഖ് വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുകയായിരുന്നു.
1995ല്‍ ചെങ്കള പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയായി രംഗപ്രവേശം ചെയ്ത അബ്ദുല്‍ റസാഖിന്റെ ഉയര്‍ച്ച പിന്നീട് ചടുലവേഗത്തിലായിരുന്നു. 1997ല്‍ കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറിയും 2000ല്‍ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
ഒട്ടനവധി അവാര്‍ഡുകള്‍ അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ സര്‍ക്കാരില്‍നിന്നു പഞ്ചായത്തിന് ലഭിച്ചിരുന്നു.
2003ല്‍ ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി, 2008ല്‍ മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായും അദ്ദേഹം ഉയര്‍ന്നു. 2009ലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അദ്ദേഹം ചുമതലയേറ്റത്.
2011 മുതല്‍ മഞ്ചേശ്വരം എം.എല്‍.എ ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."