വില്ലേജ് രേഖ തിരുത്തി ഭൂമാഫിയക്ക് ഒത്താശ: ഏഴ് റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ് പാലക്കാട്: വില്ലേജ് ഓഫിസിലെ രേഖകള്‍ തിരുത്തി ഭൂമാഫിയക്ക് ഒത്താശ ചെയ്തതിന് ഏഴ് റവന്യൂ
ഉദ്യോഗസ്ഥര്‍ക്കെതിരേ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലിസ് കേസെടുത്തു. പാലക്കാട് തഹസില്‍ദാറുടെ പരാതിയിലാണ് മുന്‍ എ.ഡി.എം അടക്കമുള്ളവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. പാലക്കാട് പിരായിരി വില്ലേജിലെ നിലം തരം മാറ്റിയതിനാണ് കേസ്.
2013ല്‍ പിരായിരി വില്ലേജിലെ ബി.ടി.ആര്‍ രജിസ്റ്റര്‍ ബ്ലോക്ക് ഇരുപതിലെ 3633 സര്‍വേ നമ്പറിലുള്ള നിലമാണ് പുരയിടം എന്ന് തിരുത്തിയത്. 2.58607 ഹെക്ടര്‍ നിലത്തില്‍ 0.5283 ഹെക്ടര്‍ സ്ഥലം പുരയിടം എന്ന് ബി.ടി.ആറില്‍ ബ്ലേഡ്‌കൊണ്ട് ചുരണ്ടി തിരുത്തുകയായിരുന്നു. രേഖകളില്‍ കൃത്രിമം കാണിച്ച് നിലം എന്നത് തരം മാറ്റി കൈവശം വയ്ക്കുന്നതിനും ആ രേഖകള്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നല്‍കി ബില്‍ഡിങ് പെര്‍മിറ്റുകളും മറ്റും നേടിയെടുക്കുന്നതിനും സഹായിച്ചു എന്നതിനാണ് കേസ്. പാലക്കാട് എ.ഡി.എം ആയി വിരമിച്ച വിജയന്‍, റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ മോഹന്‍ദാസ്, പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫിസര്‍ സുഭാഷ്, കൊടുമ്പ് വില്ലേജ് ഓഫിസര്‍ ഭരത്, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഓഫിസ് ക്ലര്‍ക്ക് ശശി, റവന്യൂ വകുപ്പ് ജീവനക്കാരായ രാജേഷ്, അനന്ത കൃഷ്ണന്‍ എന്നിവര്‍ക്കെതിരേയാണ് കേസ്.
ലാന്‍ഡ് റവന്യൂ കമ്മിഷണറാണ് പാലക്കാട് ജില്ലാ കലക്ടറോട് സംഭവം അന്വേഷിക്കാന്‍ ഉത്തരവിട്ടത്. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് തഹസില്‍ദാറോട് പൊലിസില്‍ പരാതി നല്‍കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു.
അന്ന് ഫയല്‍ കൈകാര്യം ചെയ്ത ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. 463, 465, 466, 467, 468, 471, 34 എന്നീ ഐ.പി.സി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."