ഉപരോധം പിന്‍വലിക്കാതെ യു.എസുമായി ചര്‍ച്ചയ്ക്കില്ലെന്ന് റൂഹാനി
തെഹ്റാന്: ജി-7 ഉച്ചകോടിക്കിടെ ഇറാന് പ്രസിഡന്റുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഉറച്ച മറുപടിയുമായി ഇറാന്. അന്യായമായി ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ച ശേഷമേ ട്രംപുമായി ചര്‍ച്ചയ്ക്കുള്ളൂവെന്ന് പ്രസിഡന്റ് ഹസന് റൂഹാനി വ്യക്തമാക്കി.
അപ്രതീക്ഷിത അതിഥിയായി ഉച്ചകോടി നടന്ന ബിയാരിസിലേക്ക് ഇറാന് വിദേശകാര്യമന്ത്രി ജാവേദ് ദാരിഫ് എത്തിയതിനു പിറകെയാണ് ട്രംപ് ഇറാന് ഏറെ മാറിയിട്ടുണ്ടെന്നും സാഹചര്യങ്ങള്‍ അനുകൂലമായാല്‍ റൂഹാനിയുമായി ചര്‍ച്ച നടത്താമെന്നും പറഞ്ഞത്. ഇതോടെ രണ്ടാഴ്ചയ്ക്കകം ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടന്നേക്കുമെന്ന് മധ്യസ്ഥശ്രമം നടത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ പറഞ്ഞു.
ചര്‍ച്ചയുടെ പടികള്‍ തുടങ്ങേണ്ടത് ഉപരോധം എടുത്തുകളഞ്ഞുകൊണ്ടാണെന്ന് തെഹ്റാനില്‍ നടത്തിയ ടെലിവിഷന്‍ പ്രഭാഷണത്തില്‍ പറഞ്ഞ റൂഹാനി ഇല്ലെങ്കില്‍ ആ മരണപ്പൂട്ട് പിന്നെ ഒരിക്കലും തുറക്കപ്പെടില്ലെന്നു ചൂണ്ടിക്കാട്ടി.
അമേരിക്ക ഉപരോധം എടുത്തുമാറ്റുകയും തെറ്റായ പാത ഉപേക്ഷിക്കുകയും ചെയ്യുന്നില്ലെങ്കില്‍ അനുകൂല പുരോഗതി ഉണ്ടാവില്ല. അനുകൂല മാറ്റത്തിനുള്ള താക്കോല്‍ യു.എസിന്റെ കൈയിലാണ്-റൂഹാനി തീര്‍ത്തു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."