ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചോര്‍ച്ച അടയ്ക്കാന്‍ നടപടി
പൊന്നാനി: ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചോര്‍ച്ച അടയ്ക്കാന്‍ നടപടിയാകുന്നു. ഇതിനായി 25 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഒരു മാസത്തിനുള്ളില്‍ പ്രവൃത്തികള്‍ ആരംഭിക്കും.
ജലസേചനവും കുടിവെള്ളവും കൃഷിയും ലക്ഷ്യമിട്ടു 148 കോടി രൂപ ചെലവില്‍ നിര്‍മിച്ചതാണ് ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ്. 2012 ല്‍ ഉദ്ഘാടനം നിര്‍വഹിച്ചെങ്കിലും പദ്ധതിയുടെ ഗുണം ആര്‍ക്കും ലഭിച്ചിരുന്നില്ല. ചോര്‍ച്ചയായിരുന്നു പ്രധാന പ്രശ്‌നം. 20 ഷട്ടറുകള്‍ക്കടിയിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ന്യൂഡല്‍ഹി ഐ.ഐ.ടിയില്‍നിന്നുള്ള വിദഗ്ധ സംഘം തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചോര്‍ച്ച പരിഹരിക്കാനുള്ള നടപടി. പ്രാരംഭ ജോലികള്‍ക്കായാണ് 25 കോടി രൂപ അനുവദിച്ചത്. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി ഒരു മാസത്തിനകം പ്രവൃത്തികള്‍ ആരംഭിക്കും.
ചോര്‍ച്ച പരിഹരിക്കാന്‍ പൈലിങ്ങിനോടു ചേര്‍ന്നു തൊട്ടുതാഴെ 11.2 മീറ്റര്‍ ആഴത്തില്‍ ഷീറ്റുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശമാണ് ഇവര്‍ നല്‍കിയത്. ജില്ലയിലെ 16 പഞ്ചായത്തുകളിലും തിരൂര്‍, പൊന്നാനി നഗരസഭകളില്‍ കുടിവെള്ളത്തിനും മലപ്പുറം, തൃശൂര്‍ ജില്ലകളിലെ അയ്യായിരം ഹെക്ടര്‍ ഭൂമിയില്‍ കൃഷിക്കുമായിരുന്നു പദ്ധതി.
ഇതിനായി ചമ്രവട്ടത്ത് വെള്ളം സംഭരിക്കുകയായിരുന്നു പ്രധാനലക്ഷ്യം. റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ കുടിവെള്ളത്തിനും കൃഷിക്കുമായി വെള്ളം സംഭരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."