കുമ്പളയില്‍ സി.പി.എം- ബി.ജെ.പി സംഘര്‍ഷം
കുമ്പള: സി.ഐ.ടി.യു പ്രവര്‍ത്തകനും കുമ്പളയിലെ ചുമട്ടുത്തൊഴിലാളിയുമായ നിത്യാനന്ദ എന്ന നന്ദുവിനെ ഞായറാഴ്ച്ച രാത്രി സീതാംഗോളിയില്‍ വെച്ച് ബൈക്കു തടഞ്ഞു നിര്‍ത്തി ഒരു സംഘമാളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതിനെ തുടര്‍ന്നുണ്ടായ സി.പി.എം ബി.ജെ.പി സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തില്‍ പെട്ട നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും പൊലിസ് ബസ് ഉള്‍പ്പെടെ വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി.
നന്ദുവിനെ അക്രമിക്കുന്നത് തടയാന്‍ ചെന്ന സീതാംഗോളി എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്ന പൊലിസ് ഓഫിസര്‍ രാജിവിനു നേരെയും കൈയേറ്റമുണ്ടായി. പൊലിസ് ബസിനു നേരെയുണ്ടായ കല്ലേറില്‍ പൊലിസുകാരനായ കെ. സുഭാഷിനു പരുക്കേറ്റു. സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ രാത്രി തന്നെ വന്‍ സന്നാഹം കുമ്പളയുടെ വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിച്ചിരുന്നു. രാത്രി പതിനൊന്നരയോടെ ജില്ലാ സഹകരണാശുപത്രിക്കു സമീപത്തുവെച്ചാണ് ബൈക്കിലെത്തിയ സംഘം പൊലിസ് ബസിനു നേരെ കല്ലെറിഞ്ഞത്. കല്ലറില്‍ ബസിന്റെ ചില്ല് തകര്‍ന്നു. പിന്നീട് പുലര്‍ച്ചെ ഒരു മണിയോടെ ദേശീയ പാതയില്‍ കുമ്പള മാവിന കട്ടയില്‍ ടൂറിസ്റ്റ് ബസിനും രണ്ടു കാറിനുനേരെയും കല്ലേറുണ്ടായി. പരുക്കേറ്റ നന്ദുവിനെ പ്രവേശിപ്പിച്ച സഹകരണാശുപത്രിക്കു മുന്നിലും പിന്നീട് സംഘര്‍ഷമുണ്ടായി. ഡി. വൈ. എഫ്. ഐ മേഖലാ സെക്രട്ടറി അജിത്ത് കുമാര്‍ (34)നെയാണ് ബൈക്കുകളിലെത്തിയ സംഘം അക്രമിച്ചത്.
പരുക്കേറ്റ നന്ദുവും അജിത്ത് കുമാറും ജില്ലാ സഹകരണാശുപത്രിയില്‍ തന്നെ ചികിത്സ തേടി. അതേ സമയം ആശുപത്രി പരിസരത്ത് വച്ച് സി.പി.എം പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് മാരകായുധങ്ങളുമായി അക്രമിക്കുകായിരുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകരായ കുമ്പളയിലെ ഭരത്ത് (22) ,നിദേഷ് (21), നായ്ക്കാപ്പിലെ പവന്‍ (23) എന്നിവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
അതിനിടെ കുമ്പളയിലെ വിവിധയിടങ്ങളില്‍ ഇരുവിഭാഗങ്ങളില്‍പെട്ടയാളുകള്‍ കണ്ണില്‍ കണ്ട വാഹനങ്ങളെ തല്ലിതകര്‍ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമുണ്ടായി. ബദിയഡുക്ക റോഡിലെ പെട്രോള്‍ പമ്പിന് മുന്നില്‍ ഏറെ നേരെ സംഘര്‍ഷാവസ്ഥ തുടര്‍ന്നു.
തൊട്ടടുത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ തല്ലിതകര്‍ത്തു. സംഘര്‍ഷത്തിനു അയവു വരുത്താന്‍ കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.പ്രേംസദന്‍, എസ്.ഐ. ടി.വി. അശോകന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഏറെ പാടുപെട്ടാണ് സംഘര്‍ഷം നിയന്ത്രണ വിധേയമാക്കിയത്. പൊലിസ് ബസിനു കല്ലെറിഞ്ഞതിന് പൊലിസുകാരന്‍ കെ.സുഭാഷിന്റെ പരാതിയില്‍ അഞ്ചു പേര്‍ക്കെതിരേ കേസെടുത്തു.
അക്രമസംഭവങ്ങളില്‍ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. അതേ സമയം ചീട്ടുകളി സംഘത്തെ കുറിച്ച് പൊലിസിന് വിവരം നല്‍കിയതിനാണ് തങ്ങളെ മര്‍ദിച്ചതെന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."