ത്രോ ഇനങ്ങള്‍ ഇവര്‍ക്ക് വീട്ടുകാര്യം
വി.കെ പ്രദീപ്
കാസര്‍കോട്: ജില്ലാ സ്‌കൂള്‍ കായികമേളയിലെ ത്രോ ഇനങ്ങള്‍ക്ക് സിദ്ധാര്‍ഥിനും സെര്‍വനും വീട്ടുകാര്യമാണ്. കഴിഞ്ഞ തവണ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഡിസ്‌കസ് ത്രോയില്‍ ചാംപ്യനായ കുട്ടമത്ത് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയായ സിദ്ധാര്‍ഥ് ഇക്കുറി ജില്ലയില്‍ ഡിസ്‌കസ് ത്രോയിലും ഷോട്ട്പുട്ടിലും സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ അനുജന്‍ കെ.സി സെര്‍വന്‍ ഇക്കുറി ഡിസ്‌ക്‌സ് ത്രോയില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി ത്രോ ഇനങ്ങള്‍ ഇവര്‍ക്ക് വീട്ടുകാര്യമാണെന്ന് തെളിയിച്ചു.
ദുബൈയില്‍ ജിംനേഷ്യം നടത്തുന്ന പിതാവ് കെ.സി ഗിരീഷാണ് ഇരുവര്‍ക്കും പരിശീലനം നല്‍കുന്നത്. വീട്ടില്‍ തന്നെ പരിശീലനത്തിനുള്ള സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഇരുവരും ത്രോയിനങ്ങളില്‍ മിന്നും വിജയം നേടിയത്. നെല്ലിക്കാല്‍ ദേവസ്വം പബ്ലിക് സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന സെര്‍വന്‍ കഴിഞ്ഞ തവണ നാലാം സഥാനം നേടിയിരുന്നു. ഇക്കുറി മികച്ച പരിശീലനത്തിലൂടെ സെര്‍വന്‍ ഒന്നാമതെത്തുകയായിരുന്നു. ചെറുവത്തൂര്‍ മയ്യിച്ച സ്വദേശികളായ ഇരുവര്‍ക്കും പരിശീലനത്തിനു ശേഷമുള്ള ഭക്ഷണക്രമം നിയന്ത്രിക്കുന്നത് വീട്ടമ്മയായ കെ. രേഷ്മയാണ്.
കഴിഞ്ഞ തവണ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സിദ്ധാര്‍ഥ് നേടിയ ഡിസ്‌കസ് ത്രോയിലെ സ്വര്‍ണം കാസര്‍കോടിന്റെ ഏക മെഡലായിരുന്നു. ഇക്കുറിയും സംസ്ഥാന മേളയില്‍ ഈ മെഡല്‍ കാസര്‍കോടിന്റെ പ്രതീക്ഷ തന്നെയാണ്. സംസ്ഥാന അമേച്ച്വര്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണവും ആന്ധ്രാപ്രദേശില്‍ നടന്ന സൗത്ത് സോണ്‍ കായികമേളയില്‍ വെങ്കലവും സിദ്ധാര്‍ഥ് നേടിയിട്ടുണ്ട്. സിദ്ധാര്‍ഥിന്റെയും സെര്‍വന്റെയും പിതാവ് ഗിരീഷ് 1999 മുതല്‍ 2006 വരേ തുടര്‍ച്ചയായി സംസ്ഥാന അമേച്ച്വര്‍ അത്‌ലറ്റിക് മീറ്റില്‍ ചാംപ്യനായിരുന്നു. കേരളത്തിലെ കുട്ടികള്‍ തീരേ പരിശീലിക്കാത്ത ത്രോ ഇനങ്ങള്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഒരുങ്ങുകയാണ് ത്രോ ഇനങ്ങള്‍ വീട്ടുകാര്യമാക്കിയ ഈ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."