റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയ്ക്ക് കൊടിയേറി; കണ്ണൂര്‍ നോര്‍ത്ത് കുതിക്കുന്നു
സജീര്‍ കാടാച്ചിറ
കണ്ണൂര്‍: റവന്യൂ ജില്ലാ സ്കൂള്‍ കായിക മേളയ്ക്കു കണ്ണൂരില്‍ തുടക്കം. പൊലിസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യദിനം 46 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 88 പോയിന്റ് നേടി കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയാണു മുന്നില്‍.
59.5 പോയിന്റ് നേടി പയ്യന്നൂരാണു രണ്ടാംസ്ഥാനത്ത്. 32 പോയിന്റുമായി തളിപ്പമ്പ് നോര്‍ത്ത് തൊട്ടുപിന്നിലുണ്ട്. സ്കൂള്‍വിഭാഗത്തില്‍ 78 പോയിന്റോടെ എളയാവൂര് സി.എച്ച്.എം എച്ച്.എസ്.എസാണ് മുന്നില്‍. ഒന്‍പത് സ്വര്‍ണവും 11 വെള്ളിയും ഒന്‍പതു വെങ്കലവുമാണു നേടിയത്.
23 പോയിന്റോടെ പ്രാപ്പൊയില്‍ ജി.എച്ച്.എസ്.എസ് രണ്ടും 12 പോയിന്റോടെ പെരളശ്ശേരി എ.കെ.ജി സ്മാരക എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമുണ്ട്. ഡി.ഡി.ഇ നിര്‍മലാ ദേവി പതാക ഉയര്‍ത്തി. 15 ഉപജില്ലകളില്‍ നിന്നായി 2500ഓളം കായിക താരങ്ങളാണ് മത്സരിക്കുന്നത്.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. കഴിഞ്ഞവര്‍ഷം 217 പോയിന്റോടെ കണ്ണൂര്‍ നോര്ത്തിനായിരുന്നു ഒന്നാംസ്ഥാനം. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കായികമേള രണ്ടുദിവസമായി ചുരുക്കിയിട്ടുണ്ട്.
ദേശീയ താരങ്ങളുമായി സി.എച്ച്.എം
കണ്ണൂര്‍: ദേശീയ താരങ്ങളെ അണിനിരത്തിയാണ് എളയാവൂര് സി.എച്ച്.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പൊലിസ് പരേഡ് മൈതാനിയില്‍ നടക്കുന്ന ജില്ലാ സ്കൂള്‍ കായിക മേളയില്‍ പോരാട്ടത്തിനിറങ്ങിയത്.
നവംബര്‍ രണ്ടിനു ജാര്‍ഖണ്ഡില്‍ നടക്കുന്ന ജൂനിയര്‍ നാഷനല്‍ അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്ന അനുഗ്രഹ, ജാവലിന്‍ ത്രോയില്‍ മത്സരിക്കുന്ന ഐശ്വര്യ സുരേഷ് എന്നിവരോടൊപ്പം സംസ്ഥാന സ്കൂള്‍ അത്ലറ്റിക്ക് മീറ്റിലും പങ്കെടുക്കുന്ന നീണ്ടതാരനിരയുമായാണ് സ്കൂള്‍ കഴിഞ്ഞവര്‍ഷം നേടിയ വിജയം ആവര്‍ത്തിക്കാന്‍ പോരാട്ടത്തിനിറങ്ങിയത്.
സബ് ജൂനിയര്‍ 400 മീറ്ററിലും 200 മീറ്ററിലുമാണ് അനുഗ്രഹ ട്രാക്കിലിറങ്ങുന്നത്. ദേശീയ ജൂനിയര്‍ മത്സരത്തില്‍ 100 മീറ്ററിലാണ് അനുഗ്രഹ ഇറങ്ങുന്നത്. ഐശ്വര്യയാകട്ടെ ജാവലിന്‍ ത്രോയിലാണ് മത്സരിക്കുന്നത്.
ഇന്നലെ മീറ്റിന്റെ തുടക്കത്തില്‍ നടന്ന 3000 മീറ്ററില്‍ വിജയ കുതിപ്പോടെയാണ് സി.എച്ച്.എം സ്കൂളിലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ കുതിപ്പ് ആരംഭിച്ചത്.
ജൂനിയര്‍ ബോയ്സ്, ഒന്നും രണ്ടും സ്ഥാനം നേടിയപ്പോള്‍ ജൂനിയര്‍ ഗേള്‍സില്‍ ഒന്നാംസ്ഥാനവും സീനിയര്‍ ഗേള്‍സില്‍ രണ്ടാംസ്ഥാനവുമടക്കം 17 പോയിന്റാണു നേടിയെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."