HOME
DETAILS

ഹിജ്‌റ: അതിജീവനത്തിന്റെ ആത്മാവിഷ്‌കാരം

  
backup
August 29 2019 | 18:08 PM

t-hassan-faizy-todays-article-30-06-2019


മുസ്‌ലിം ലോകം നവവത്സരപ്പിറവിയുടെ നിറവിലാണ്. ആയുസ്സിന്റെ പുസ്തകത്തില്‍ നിന്ന് ഒരേട് പുതിയ വര്‍ഷാരംഭത്തോടെ വേര്‍പെടുന്നു. ജീവിതാന്ത്യത്തിലേക്ക് അകലം കുറയുന്നു. ഒരോ യുഗപ്പിറവിയും ആത്മ വിചാരണയുടെ നാളുകളായി വിശ്വാസികള്‍ കരുതിപ്പോരുന്നത് അതുകൊണ്ടാണ്.
ഹിജ്‌റയെ അടിസ്ഥാനമാക്കിയാണ് മുസ്‌ലിം കലണ്ടര്‍ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്. ഉമര്‍(റ)വിന്റെ ഭരണകാലത്താണ് കാലഗണനത്തിന് ഹിജ്‌റയെ ആശ്രയിച്ചു തുടങ്ങിയത്. ഹിജ്‌റയുടെ സാര്‍വകാലിക പ്രസക്തിയാണ് ഈ തിരഞ്ഞെടുപ്പിന്റെ പൊരുള്‍. നുബുവ്വത്തിന്റെ പ്രഥമ നാളില്‍ തന്നെ ദേശത്യാഗവും തന്റെ ദൗത്യത്തിന്റെ ഭാഗമാണെന്ന് നബി(സ്വ) തിരിച്ചറിഞ്ഞിരുന്നു. വേദജ്ഞാനിയായ വറഖതുബ്‌നു നൗഫലാണ് ഇക്കാര്യം നബി(സ്വ)യെ ഓര്‍മിപ്പിക്കുന്നത്. 'അവര്‍ എന്നെ നാടുകടത്തുമെന്നോ!' ആശ്ചര്യത്തോടെയാണ് നബി(സ്വ) അദ്ദേഹത്തിന്റെ മുന്നറിയിപ്പിനോട് പ്രതികരിച്ചത്. സത്യപ്രബോധകരായ പൂര്‍വ പ്രവാചകരുടെയെല്ലാം അനുഭവങ്ങള്‍ അങ്ങനെയായിരുന്നു; വറഖത്ത് തുടര്‍ന്നു.
രഹസ്യ പ്രബോധനവും പരസ്യപ്രചാരണവുമായി നബി(സ്വ) പതിമൂന്ന് സംവത്സരങ്ങള്‍ മക്കയില്‍ ചെലവഴിച്ചു. ഏതാനും ആളുകള്‍ വിശ്വസിച്ചെങ്കിലും പ്രമുഖര്‍ അധികവും എതിര്‍പക്ഷത്തായിരുന്നു. അവരുടെ എതിര്‍പ്പുകളും ദേഹോപദ്രവങ്ങളും ഉപരോധവും നബി (സ്വ )ക്കും സ്വഹാബികള്‍ക്കും അസഹ്യമായിരുന്നു. ദുര്‍ബലരായ സ്വഹാബികള്‍ സഹിച്ച യാതനകളാവട്ടെ ഹൃദയഭേദകവും. താത്കാലിക സുരക്ഷിതത്ത്വത്തിനുവേണ്ടി രണ്ട് ഘട്ടങ്ങളിലായി ഏതാനും സ്വഹാബികള്‍ എത്യോപ്യയില്‍ അഭയം തേടി. അബൂത്വാലിബിന്റെയും ഖദീജ(റ) യുടെയും നിര്യാണങ്ങളോടെ നബി (സ്വ)യും മക്ക വിട്ട് ത്വാഇഫില്‍ പോയി. തുടര്‍ന്നാണ് ഇസ്‌റാഅ്, മിഅ്‌റാജ് സംഭവങ്ങള്‍ ഉണ്ടാവുന്നത്. ഒരു നവസമൂഹസൃഷ്ടിക്കുവേണ്ടി നബി(സ്വ)യെയും വിശ്വാസികളെയും അല്ലാഹു പാകപ്പെടുത്തുകയായിരുന്നു; ഈ കാലയളവില്‍.


പരീക്ഷണങ്ങളുടെ നെരിപ്പോടില്‍ പ്രതീക്ഷയുടെ പ്രഭാകിരണങ്ങളായിരുന്നു ഹിജ്‌റാ പ്രഖ്യാപനം. നബി(സ്വ) വിളംബരം ചെയ്തു: 'രണ്ട് കരിമ്പാറകള്‍ക്കിടയില്‍ ഈന്തപ്പനകള്‍ നിറഞ്ഞ നിങ്ങളുടെ അഭയസ്ഥാനം എനിക്ക് കാണിക്കപ്പെട്ടിരിക്കുന്നു'(ബുഖാരി). മക്കയില്‍ നിന്ന് നാനൂറ്റി അമ്പത് കി.മി വഴിദൂരമുള്ള യസ്‌രിബാണ് ആ പ്രദേശം. ഇലാഹിയ്യായ തീരുമാനമായിരുന്നു അത്.
നേരം ഇരുട്ടി വെളുത്തപ്പോഴേക്ക് നബി(സ്വ) നടത്തിയ എടുത്തു ചാട്ടമായിരുന്നില്ല മദീനാ പലായനം. വിശ്വാസ സംരക്ഷണവും സുരക്ഷിതത്ത്വവും മദീനയില്‍ നബി(സ്വ) ആദ്യമേ ഉറപ്പ് വരുത്തിയിരുന്നു. ക്രി. 620ലെ ഹജ്ജ് കാലത്ത് യസ്‌രിബിലെ ചില പ്രമുഖരുമായി നബി(സ്വ) കണ്ടുമുട്ടി. അവര്‍ ഇസ്‌ലാം ആശ്ലേഷിച്ചു. നാട്ടില്‍ തിരിച്ചെത്തിയ അവര്‍ ഇസ്‌ലാമിനെ യസ്‌രിബില്‍ പരിചയപ്പെടുത്തി.
അടുത്ത ഹജ്ജ് കാലത്ത് ഔസ്, ഖസ്‌റജ് ഗോത്രങ്ങളിലെ പന്ത്രണ്ടു പേര്‍ അഖബയില്‍ വച്ച് നബി(സ്വ)യുമായി രഹസ്യ ചര്‍ച്ച നടത്തി. ബഹുദൈവ വിശ്വാസം, കവര്‍ച്ച, വ്യഭിചാരം, ശിശുഹത്യ തുടങ്ങിയ നീജകൃത്യങ്ങളെല്ലാം ഒഴിവാക്കാമെന്ന് അവര്‍ നബി(സ്വ)ക്ക് ഉറപ്പ് നല്‍കി. ഇതാണ് ഒന്നാം അഖബ ഉടമ്പടി. മിസ്അബുബ്‌നു ഉമൈര്‍(റ)വിനെ ദീന്‍ പഠിപ്പിക്കാന്‍ അവരോടൊപ്പം നബി(സ്വ) അയച്ചു.
ക്രി. 622ലെ ഹജ്ജ് കാലത്ത് അഖബയില്‍ നബി(സ്വ)യും യസ്‌രിബുകാരും വീണ്ടും ഒരുമിച്ചു. എഴുപതില്‍ അധികം മദീനക്കാരായ മുസ്‌ലിംകള്‍ രണ്ടാം അഖബ ഉടമ്പടിയില്‍ നബി(സ്വ)യുമായി കരാറിലേര്‍പ്പെട്ടു. 'സ്വന്തം മക്കളേയും ഭാര്യമാരേയും സംരക്ഷിക്കും പോലെ അങ്ങയെ ഞങ്ങള്‍ സംരക്ഷിക്കാം' എന്നതായിരുന്നു രണ്ടാം അഖബ ഉടമ്പടിയുടെ മര്‍മം. അതിനെ തുടര്‍ന്നാണ് മേല്‍ പ്രഖ്യാപനം ഉണ്ടായത്.
മറ്റു ചില ദീര്‍ഘവീക്ഷണങ്ങളും മദീനാപലായനത്തില്‍ നബി(സ്വ)ക്കുണ്ടായിരുന്നു. മദീനയുടെ ഭൂമി ശാസ്ത്ര ഘടന പടിഞ്ഞാറ് വബ്‌റാ പാറക്കെട്ടുകള്‍, കിഴക്ക് വാഖിം പാറക്കെട്ടുകളും മറ്റു ഭാഗങ്ങളില്‍ ഈന്തപ്പനകളും വിശാലമായ കൃഷിയിടങ്ങളുമായിരുന്നു. ഉത്തര ഭാഗത്തെ തുറന്ന വഴിയിലെ ചെറിയ പ്രതിരോധം പോലും ശത്രുക്കളെ ക്ലേശത്തിലാക്കും. യമനില്‍ കുടുംബ വേരുകളുള്ള ഔസ്, ഖസ്‌റജ് ഗോത്രക്കാര്‍ ഹൃദയവിശാലതയുള്ളവരാണ്. അവരോട് ചേര്‍ന്നു നില്‍ക്കുന്നത് ദീനീ പ്രബോധനത്തിന് പുതിയ മാനങ്ങള്‍ നല്‍കുമെന്ന് നബി(സ്വ) തിരിച്ചറിഞ്ഞിരുന്നു. ഇരു ഗോത്രങ്ങളും കുടുംബവഴക്കു കൊണ്ട് പൊറുതിമുട്ടിയ സന്ദര്‍ഭവുമായിരുന്നു അത്. ബുആസ് യുദ്ധം തീര്‍ത്ത വൃണങ്ങള്‍ അവര്‍ക്കിടയില്‍ നീറിപ്പുകഞ്ഞു. ഇസ്‌ലാമിലൂടെ അവരെ ഒന്നിപ്പിക്കാനുള്ള അവസരമായി ഹിജ്‌റയെ നബി(സ്വ) ഉപയോഗപ്പെടുത്തി.
വിശ്വാസത്തെ മാത്രം ചേര്‍ത്തു പിടിച്ചാണ് മുഹാജിറുകള്‍ മക്ക വിട്ടത്. പലര്‍ക്കും ജീവിതകാലമത്രയും സമ്പാദിച്ചതെല്ലാം ത്യജിക്കേണ്ടി വന്നു. ദേശത്യാഗത്തിന് കുടുംബങ്ങളെ കൈയൊഴിയേണ്ടി വന്നവരും കൂട്ടത്തിലുണ്ട്. ഹിജ്‌റക്ക് തയ്യാറെടുത്ത സ്വുഹൈബ് (റ)വിനെ ഖുറൈശികള്‍ വളഞ്ഞു. സമ്പാദ്യങ്ങളെല്ലാം ഉപേക്ഷിച്ചാല്‍ മക്ക വിടാമെന്ന് അവര്‍ ശഠിച്ചു. അപ്രകാരം എല്ലാം ഉപേക്ഷിച്ച് അദ്ദേഹം പലായനം ചെയ്തു. സ്വുഹൈബ്(റ)വിന്റെ ത്യാഗസന്നദ്ധതയെ ഖുര്‍ആന്‍ ശ്ലാഘിക്കുകയാണ്: 'അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി സ്വന്തത്തെ വില്‍പന നടത്തുന്ന ചിലര്‍ മനുഷ്യരിലുണ്ട്. അല്ലാഹു തന്റെ അടിമകളോട് ഏറെ കൃപയുള്ളവനാണ്'(2- 207).
കുടുംബത്തോടൊപ്പം ഹിജ്‌റക്കിറങ്ങിയ അബൂസലമ(റ)യെ ഭാര്യാ കുടുംബം തടഞ്ഞു. തങ്ങളുടെ മകളെ വഴിയാധാരമാക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു അവരുടെ ശാഠ്യം. കൂസലന്യേ സഹധര്‍മിണിയേയും കൈ കുഞ്ഞിനേയും വിട്ടുകൊടുത്താണ് അബൂസലമ(റ) ഹിജ്‌റാ ചരിത്രത്തില്‍ തന്റെ ഇടം അടയാളപ്പെടുത്തിയത്.
ഒരു നല്ല നായകന്റെ നേതൃഗുണം നബി(സ്വ)യില്‍ നിന്ന് ഹിജ്‌റയിലൂടെയാണ് ലോകം പകര്‍ത്തേണ്ടത്. അനുചരന്‍മാരില്‍ മുഖ്യപങ്കും സുരക്ഷിതരായി മദീനയില്‍ എത്തിയ ശേഷമാണ് നബി(സ്വ) ഹിജ്‌റക്ക് ഒരുങ്ങിയത്. തന്റെ പ്രിയ കൂട്ടുകാരന്‍ അബൂബക്കര്‍(റ) വിനോട് സഹയാത്രക്ക് തയ്യാറാകാന്‍ നബി(സ്വ) കല്‍പിച്ചു. അദ്ദേഹം യാത്രക്ക് വേണ്ട രണ്ട് ഒട്ടകങ്ങളെ നേരത്തേ വാങ്ങിയിരുന്നു. ഖസ്വ്‌വാഅ് എന്ന ഒട്ടകമാണ് നബി (സ്വ)ക്കായി അദ്ദേഹം കരുതിവെച്ചത്. അതിന്റെ വില നബി(സ്വ) അബൂബക്കര്‍(റ)നെ ഏല്‍പിച്ചു. ഹിജ്‌റയുടെ ചെറിയ പങ്കുപോലും പുറത്ത് പോകരുതെന്ന നിഷ്‌കര്‍ഷ നബി(സ്വ)ക്കുണ്ടായിരുന്നു.


നബി(സ്വ)യുടെ പഴുതടച്ച ആസൂത്രണമികവാണ് ഹിജ്‌റയുടെ മറ്റൊരു പാഠം. വഴികാട്ടിയായി അവിശ്വാസിയായ അബ്ദുല്ലാഹിബ്‌നു ഉറൈഖിത്വിനെ ചുമതലപ്പെടുത്തി. സൗര്‍ ഗുഹാ വാസദിനങ്ങളില്‍ ഭക്ഷണമെത്തിക്കാന്‍ അസ്മാഅ്(റ)യെ ഏല്‍പിച്ചു. മക്കാ നിരീക്ഷണം, വാര്‍ത്താ കൈമാറ്റം എന്നീ ചുമതലകള്‍ അബ്ദുല്ല(റ)വിനായിരുന്നു. അദ്ദേഹത്തിന്റെ പോക്കുവരവുകള്‍ തിരിച്ചറിയാതിരിക്കാനായി ആമിറുബ്‌നു ഫുഹൈറയുടെ ആടുമേക്കല്‍ സമയം ക്രമീകരിച്ചു. ശത്രുക്കള്‍ പിന്തുടരാതിരിക്കാന്‍ അവര്‍ ആലോചിക്കാത്ത വഴിയാണ് ഹിജ്‌റക്കായി കണ്ടെത്തിയത്.
മുഹാജിറുകളുടെ അസാന്നിധ്യം മുശ്‌രികുകളെ കൂടുതല്‍ അസ്വസ്ഥരാക്കി. ഔസിനോടും ഖസ്‌റജിനോടും ചേര്‍ന്നാല്‍ അത് പ്രതികൂലമായി ബാധിക്കുക തങ്ങളെയാണെന്ന് അവര്‍ ഉറപ്പിച്ചു. അതുകൊണ്ട് മുഹമ്മദ്(സ്വ)യെ വധിച്ച് ശാശ്വത പരിഹാരത്തിലെത്താമെന്ന് അവര്‍ തീരുമാനിച്ചു. കൃത്യം നിര്‍വഹിക്കാന്‍ ഓരോ ഗോത്രപ്രതിനിധികളെയും നിശ്ചയിച്ചാണ് ദാറുന്നദ്‌വയിലെ ചര്‍ച്ച പിരിഞ്ഞത്.


അവരുടെ ഗൂഢാലോചനയെ ഖുര്‍ആന്‍ ഇപ്രകാരം പരാമര്‍ശിക്കുന്നു: 'തടവിലാക്കാനോ വധിക്കാനോ നാടുകടത്താനോ സത്യനിഷേധികള്‍ താങ്കള്‍ക്കെതിരേ കുതന്ത്രം മെനഞ്ഞ സന്ദര്‍ഭം. അവര്‍ കുതന്ത്രം പ്രയോഗിക്കുന്നു; അല്ലാഹു തന്ത്രവും. തന്ത്രശാലികളില്‍ മികവുറ്റവനത്രെ അല്ലാഹു'(8 -30).
ഹിജ്‌റക്ക് നിശ്ചയിച്ച രാത്രി അവര്‍ നബി(സ്വ)യുടെ വീട് വളഞ്ഞു. അല്ലാഹു അവരുടെ കുതന്ത്രങ്ങള്‍ പരാജയപ്പെടുത്തി. അല്ലാഹുവിന് വേണ്ടി നിലയുറപ്പിച്ചാല്‍ അവന്‍ കൂടെയുണ്ടാകുമെന്ന അതിജീവനത്തിന്റെ പാഠം വിശ്വാസികള്‍ക്ക് പകര്‍ന്ന്; ഹിറാ ഗുഹയില്‍ നിന്ന് വഹിച്ച ദിവ്യപ്രകാശവുമായി നബി (സ്വ)യും ആത്മമിത്രവും ഹിജ്‌റ തുടങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  11 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  28 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  12 hours ago