ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് നഷ്ടപ്പെടുത്തരുത്
വിദ്യാലയങ്ങള്‍ക്ക് നാഷനല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍(എന്‍.എസ്.പി) രജിസ്‌ട്രേഷന്‍ ഇന്നത്തോടെ പൂര്‍ത്തിയാക്കാന്‍ പറ്റിയില്ലെങ്കില്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട വിവിധ സ്‌കോളര്‍ഷിപ്പുകളാണ് നഷ്ടപ്പെടുക.വിദ്യാലയങ്ങളിലെ അനാസ്ഥകൊണ്ട് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കാണ് ഈ ആനുകൂല്യം നഷ്ടപ്പെടുന്നത്.
ഇന്നലെവരെ സംസ്ഥാനത്തെ പല വിദ്യാലയങ്ങളിലും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ല. പ്രധാന അധ്യാപകര്‍ക്കും ഓരോ വിദ്യാലയങ്ങളിലെയും നോഡല്‍ ഓഫിസര്‍മാര്‍ക്കുമാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ട ചുമതല. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനായി പലതവണ തിയതികള്‍ നീട്ടിക്കൊടുത്തതാണ്. എന്നിട്ടും നിരവധി വിദ്യാലയങ്ങള്‍ ഇതുസംബന്ധിച്ച് ശുഷ്‌കാന്തി കാണിച്ചില്ല. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ നടത്തിപ്പ് ചുമതല. എന്‍.എസ്.പി രജിസ്‌ട്രേഷന്‍ സംബന്ധിച്ച് വിദ്യാഭ്യാസ ഡയരക്ടര്‍ നേരത്തെതന്നെ ഉത്തരവ് ഇറക്കിയതാണ്.
രജിസ്‌ട്രേഷന്‍ നീട്ടിക്കൊടുക്കുന്നില്ലെങ്കില്‍ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് കിട്ടുന്ന വിദ്യാഭ്യാസ ആനുകൂല്യമായിരിക്കും ഏതാനും ചില വിദ്യാലയ അധികൃതരുടെ അനാസ്ഥയാല്‍ നഷ്ടപ്പെടുക. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍, എയ്ഡഡ്, പ്രൈവറ്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ തുടങ്ങിയവയെല്ലാം എന്‍.എസ്.പിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് വളരെ മുമ്പ് തന്നെ എല്ലാ വിദ്യാലയങ്ങള്‍ക്കും അറിയിപ്പ് നല്‍കിയതാണ്. ഈ മാസം 20നായിരുന്നു രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ട അവസാന തിയതി.
ഓഗസ്റ്റ് 20 കഴിഞ്ഞിട്ടും വിവിധ ജില്ലകളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായില്ല. വീണ്ടും നീട്ടിക്കൊടുത്ത തിയതി ഇന്നത്തോടെ തീരുകയുമാണ്. വിദ്യാഭ്യാസ വകുപ്പ് മറ്റൊരു തിയതിയിലേക്ക് നീട്ടിക്കൊടുക്കുന്നില്ലെങ്കില്‍, 2019-20 വര്‍ഷത്തേക്കുള്ള പ്രി മെട്രിക്, പോസ്റ്റ്‌മെട്രിക്, എന്‍.എം.എം.എസ് തുടങ്ങിയ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാന്‍ പറ്റുകയില്ലെന്നാണ് ഇതിനായുള്ള സംസ്ഥാന നോഡല്‍ ഓഫിസറുടെ സര്‍ക്കുലറില്‍ പറയുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സ്‌കോളര്‍ഷിപ്പുകളും ബന്ധപ്പെട്ട സേവനങ്ങളും ഏകജാലക സംവിധാനത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്ന സംവിധാനമാണ് നാഷനല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍. സ്‌കോളര്‍ഷിപ്പ് ലഭിക്കുക എന്നത് ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. ഇതുവഴി തുടര്‍പഠനം നടത്തുവാനും ജീവിതത്തിന്റെ ഉയര്‍ന്ന മേഖലകളില്‍ എത്തിപ്പെടാനുള്ള ആത്മവിശ്വാസം അവര്‍ക്ക് ലഭിക്കും. തന്റെ പഠനം അംഗീകരിക്കപ്പെടുന്നു എന്ന അഭിമാനബോധം കൂടുതല്‍ പഠിക്കുവാന്‍ അവരെ ഉത്തേജിതരാക്കും. അതിനുവേണ്ടി കൂടിയാണ് പലവിധത്തിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്.
ഏതൊക്കെ സ്ഥാപനങ്ങളാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതെന്നും രാജ്യത്ത് എത്രതരം സ്‌കോളര്‍ഷിപ്പുകള്‍ നിലവിലുണ്ടെന്നതിനെ സംബന്ധിച്ചും പല വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അറിയില്ല എന്നതാണ് യാഥാര്‍ഥ്യം. ഇതുസംബന്ധിച്ച് വിദ്യാലയ-കോളജ് അധികൃതര്‍ നോട്ടിസ് ബോര്‍ഡുകളില്‍ അറിയിപ്പുകള്‍ പതിക്കുമെങ്കിലും പല വിദ്യാര്‍ഥികളുടെയും ശ്രദ്ധയില്‍ അത് പെടാറില്ല. ഇത് ഒഴിവാക്കാനാണ് നാഷനല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ പദ്ധതി നടപ്പിലാക്കിയത്. ഇതുവഴി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചും, അപേക്ഷിക്കേണ്ട വിധത്തെക്കുറിച്ചും, ആര്‍ക്കൊക്കെയാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത എന്നതിനെക്കുറിച്ചൊക്കെയുള്ള വിവരങ്ങള്‍ ഏകജാലക സംവിധാനത്തിലൂടെ വിദ്യാര്‍ഥികളില്‍ എത്തും. ഇതിനായി വേണ്ടത് അര്‍ഹതപ്പെട്ട കുട്ടികള്‍ ഈ പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. അതാണ് പല വിദ്യാലയങ്ങളിലും ഇതുവരെയായിട്ടും നടക്കാതിരിക്കുന്നത്.
അപേക്ഷകള്‍ പരിശോധിച്ചതിനു ശേഷം അര്‍ഹരായ വിദ്യാര്‍ഥികളുടെ അക്കൗണ്ടുകളിലേക്ക് പണമെത്തുന്ന രീതിയാണിത്. ന്യൂനപക്ഷ മന്ത്രാലയം നല്‍കുന്ന പ്രിമെട്രിക്, പോസ്റ്റ്‌മെട്രിക്, മെറിറ്റ് കം മിന്‍സ് സ്‌കോളര്‍ഷിപ്പുകളില്‍ മുപ്പത് ശതമാനം ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കാണ് മാറ്റിവച്ചിരിക്കുന്നത്. വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് വാങ്ങുന്ന, വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കവിയാത്ത കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസിലെ കുട്ടികള്‍ക്ക് പ്രിമെട്രിക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്. പ്ലസ് വണ്‍ മുതല്‍ പിഎച്ച്.ഡി വരെയുള്ള കോഴ്‌സുകള്‍ക്ക് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്കും പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിനും അര്‍ഹതയുണ്ട്. പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കും ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നുണ്ട്. വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ കവിയരുതെന്ന് മാത്രം.
കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമവകുപ്പ് ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസില്‍വരെ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ് മൗലാനാ ആസാദ് ഫൗണ്ടേഷന്‍ നല്‍കുന്നത്. രാജ്യത്തെ മുസ്‌ലിംകളുടെ അരക്ഷിതാവസ്ഥയും പിന്നാക്കാവസ്ഥയും കൃത്യമായി രേഖപ്പെടുത്തിയതായിരുന്നു ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ സമിതി 2006 നവംബര്‍ 30ന് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ഇന്ത്യയിലെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പട്ടികജാതി, വര്‍ഗ വിഭാഗങ്ങളേക്കാള്‍ പിന്നാക്കമാണെന്ന് സച്ചാര്‍ സമിതി റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിരുന്നു. എന്നാല്‍ ഇത് പരിഹരിക്കാന്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. 2007-08 മുതല്‍ക്കാണ് കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയം ആസാദ് ഫൗണ്ടേഷന്‍ മുഖേന സ്‌കോളര്‍ഷിപ്പുകള്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്നത്. ഇത്‌പോലും നേടിയെടുക്കുവാന്‍ രാജ്യത്തെ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കഴിയുന്നില്ല. വിദ്യാലയ അധികൃതര്‍ കാണിക്കുന്ന അലംഭാവമാണിതിന്റെ പ്രധാനകാരണം.
നിരര്‍ഥകമായ മുദ്രാവാക്യങ്ങള്‍ വിളിച്ച്പറയുന്ന വിദ്യാര്‍ഥി സംഘടനകള്‍ ഇത്തരം സ്‌കോളര്‍ഷിപ്പുകളെ സംബന്ധിച്ച അവബോധം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കിയിരുന്നുവെങ്കില്‍ അവരുടെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം എത്രമാത്രം സാര്‍ഥകമായേനെ. എന്‍.എസ്.പിയില്‍ ഇന്ന് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരിക്കല്‍കൂടി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് തിയതി നീട്ടിക്കൊടുക്കേണ്ടത് അനിവാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."