അസ്താനക്കെതിരായ കൈക്കൂലിക്കേസില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവ്
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: അന്വേഷണം അട്ടിമറിക്കാനായി സി.ബി.ഐ സ്‌പെഷല്‍ ഡയരക്ടര്‍ രാകേഷ് അസ്താന മൂന്നുകോടി രൂപ കൈക്കൂലി വാങ്ങിയ കേസില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവ്. തനിക്കെതിരായ കേസ് ചോദ്യം ചെയ്ത് അസ്താനയും കഴിഞ്ഞ ദിവസം അറസ്റ്റിലായ സി.ബി.ഐ ഡല്‍ഹി ഡിവൈ.എസ്.പി ദേവേന്ദര്‍ കുമാറും നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.
ദേവേന്ദര്‍ കുമാറിനെ അസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ തനിക്കെതിരേ കടുത്ത നടപടികള്‍ പാടില്ലെന്ന് ഉത്തരവിടണമെന്നാവശ്യപ്പെട്ടാണ് അസ്താന കോടതിയെ സമീപിച്ചത്. എന്നാല്‍ അത്തരത്തില്‍ ഉത്തരവിടാന്‍ വിസമ്മതിച്ച കോടതി കേസില്‍ തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു.
കേസില്‍ സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മ്മ, ജോയിന്റ് ഡയരക്ടര്‍ എ.കെ ശര്‍മ്മ, കേന്ദ്ര ഉദ്യോഗസ്ഥകാര്യമന്ത്രാലയം എന്നിവക്ക് നോട്ടിസയക്കാനും ജസ്റ്റിസ് നജീമി വസീരി ഉത്തരവിട്ടു. മാംസക്കയറ്റുമതി വ്യവസായി മുഈന്‍ ഖുറേഷി പ്രതിയായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അട്ടിമറിക്കാന്‍ കൂട്ടുപ്രതി ഹൈദരാബാദ് സ്വദേശിയായ വ്യവസായി സന സതീഷില്‍ നിന്നു കൈക്കൂലി വാങ്ങിയെന്നാണ് അസ്താനക്കെതിരായ കേസ്.
കേസിലെ ഒന്നാം പ്രതിയായ അസ്താന, സി.ബി.ഐയുടെ അധികാരഘടനയില്‍ രണ്ടാമനുമാണ്.
അതേസമയം, ദേവേന്ദറിനെ ചോദ്യം ചെയ്യാനായി ഡല്‍ഹി പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സന്തോഷ് സ്‌നേഹി ഏഴു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. ദേവേന്ദര്‍ കേസ് അട്ടിമറിക്കുന്ന സംഘത്തിന്റെ ഭാഗമാണെന്നും ചോദ്യം ചെയ്യാനായി കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നുമുള്ള സി.ബി.ഐയുടെ ആവശ്യത്തെത്തുടര്‍ന്നാണ് നടപടി. ദേവേന്ദര്‍ കുമാറിനെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അക്കാര്യത്തില്‍ ഇടപെടാന്‍ കോടതി തയാറായില്ല. കേസ് ഈ മാസം 29ന് വീണ്ടും പരിഗണിക്കും. കേസിലെ രണ്ടാം പ്രതിയായ ദേവേന്ദര്‍ കുമാറിനെ കഴിഞ്ഞ ദിവസമാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. സി.ബി.ഐ ആസ്ഥാനത്ത് തന്നെയുള്ള അദ്ദേഹത്തിന്റെ ഓഫിസിലും വസതിയിലും റെയ്ഡ് നടത്തിയ ശേഷമാണ് ദേവേന്ദര്‍ കുമാറിനെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."