കൊട്ടിയൂര്‍ ഉത്സവം; ഇളനീര്കാര്ക്ക് കഠിനവ്രതക്കാലം
തളിപ്പറമ്പ്: കരിമ്പം കണിച്ചാമലിലെ ആലയില്‍പടിയില്‍ ഇളനീര്വ്രതക്കാര് കഠിനവ്രതത്തിലാണ്. ഭഗവാന് സമര്‍പ്പിക്കാനുളള ഇളനീര്‍ക്കാവുകളുമായി കാല്‍നടയായി കൊട്ടിയൂരെത്താനുളള ശാരീരികവും മാനസികവുമായ തയാറെടുപ്പിലാണ് ഇവര്‍. വീട്ടില്‍നിന്നും നാട്ടില്‍നിന്നും മാറി ചിട്ടയായ ജീവിതക്രമത്തിലൂടെയും പ്രാര്‍ഥനയിലൂടെയും മനസിനെയും ശരീരത്തെയും പാകപ്പെടുത്തുകയാണ് ഇവര്‍.
കരിമ്പം ഗ്രാമത്തിന്റെ പഴമയിലും ഐതിഹ്യത്തിലും ഏറെ പ്രാധാന്യമാണ് കണിച്ചാമല്‍ ആലയില്പടിക്കുള്ളത്. ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂരുമായി ബന്ധപ്പെട്ട് ഇളനീര്‍ക്കാര്‍ കഠിനമായ വ്രതനിഷ്ഠയോടെ കൂട്ടമായി താമസിക്കുന്ന സ്ഥലമാണ് പടി എന്നറിയപ്പെടുന്നത്. വേടന്റെ അമ്പേറ്റ് മുറിപ്പെട്ട് രക്തം വാര്‍ന്ന ശിവലിംഗത്തിലെ രക്തപ്രവാഹം ശമിപ്പിക്കുന്നതിനായി ഇളനീര് അഭിഷേകം നടത്തിയതിന്റെ ഐതിഹ്യമായി കൊട്ടിയൂര്‍ ഉത്സവകാലത്ത് ശിവലിംഗത്തില്‍ അഭിഷേകം ചെയ്യാനുളള ഇളനീര്കാവുകളുമായാണ് പടികളില്‍ നിന്നു ഇളനീര്വ്രതക്കാര് യാത്രതിരിക്കുന്നത്.
കഠിനവ്രതവും നിഷ്ഠയും നിര്‍ബന്ധമായതിനാല്‍ ഇളനീര്ക്കാരായി പടിയിലെത്തുന്നവരുടെ എണ്ണം ഇക്കാലത്ത് വളരെ കുറവാണെന്ന് ഇപ്പോഴത്തെ കാരണവര്‍ നാരായണന് പറയുന്നു. ഇരുപതിനടുത്ത് ആളുകള്‍ പടിയില്‍ കയറാനുണ്ടായിരുന്നു. ഇത്തവണ അഞ്ചുപേരാണ് ഉള്ളത്.
പുറക്കൂടം മുതല്‍ ആരംഭിച്ച് വ്രതനിഷ്ഠയില്‍ പടിയില്‍ കഴിഞ്ഞ് ഒരുനേരത്തിനു ശേഷം കാല്‍നടയായി പുറപ്പെട്ട് നാലുനാള്കൊണ്ട് കൊട്ടിയൂരെത്തി ഭഗവാന് ഇളനീര്‍ക്കാവുകളും സമര്‍പ്പിച്ച് തിരികെയെത്തുമ്പോള്‍ 21 ദിവസം പൂര്‍ത്തിയാകും. പടിയോടു ചേര്‍ന്നുളള മുത്തപ്പന് പൊടിക്കളത്തിലെ വെളളാട്ടത്തോടെയാണ് വ്രതം അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."