ഇറാന്‍ എണ്ണക്കപ്പല്‍ ലബ്‌നാനിലേക്ക്
ബയ്‌റൂത്ത്: ജിബ്രാള്‍ട്ടര്‍ കോടതി വിട്ടയച്ച ഇറാനിയന്‍ കപ്പല്‍ അഡ്രിയാന്‍ ദാരിയ ലബ്‌നാന്‍ തുറമുഖത്തേക്കാണു നീങ്ങുന്നതെന്ന് തുര്‍ക്കി. എന്നാല്‍ ലബ്‌നാന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
നേരത്തെ ഗ്രേസ്-1 എന്ന പേരുണ്ടായിരുന്ന ഇറാന്‍ എണ്ണക്കപ്പല്‍ യു.എസ് ഭീഷണി മൂലം ലക്ഷ്യസ്ഥാനം മാറ്റിക്കൊണ്ടിരിക്കുകയാണ്. ജിബ്രാള്‍ട്ടര്‍ കോടതി വിട്ടയച്ചതോടെ ഗ്രീസ് ലക്ഷ്യമാക്കി നീങ്ങിയ കപ്പല്‍ അവര്‍ അസൗകര്യമറിയിച്ചതോടെ തുര്‍ക്കിയിലേക്കു തിരിക്കുകയായിരുന്നു.
അതിനിടെ ഇറാനിലേക്ക് മടങ്ങുകയാണെന്നും പ്രചാരണമുണ്ടായി. നിലവില്‍ തുര്‍ക്കിയുടെ ഇസ്‌കന്ദറന്‍ തുറമുഖത്തിനു സമീപമുള്ള കപ്പല്‍ ഉത്തര സിറിയയുടെ 200 കി.മീ അടുത്താണുള്ളത്. അതേസമയം സിറിയക്ക് എണ്ണ കൈമാറുന്നതു തടയാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് യു.എസ് മുന്നറിയിപ്പു നല്‍കിയിരുന്നു. 20 ലക്ഷം ബാരല്‍ എണ്ണയുമായി നീങ്ങുന്ന കപ്പല്‍ യൂറോപ്യന്‍ യൂനിയന്റെ ഉപരോധം നേരിടുന്ന സിറിയയിലേക്കു പോവില്ലെന്ന ഉറപ്പിലാണ് ജിബ്രാള്‍ട്ടര്‍ കോടതി മോചിപ്പിച്ചത്. എന്നാല്‍ കപ്പലിലെ എണ്ണ ഇതിനകം വിറ്റുകഴിഞ്ഞതായി ഇറാന്‍ അറിയിച്ചിരുന്നു. കപ്പലിന് ഇറാന്‍ നാവികസേനയുടെ അകമ്പടി നല്‍കുമെന്നും പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ കടുത്ത പ്രത്യാഘാതമുണ്ടാവുമെന്നും യു.എസിന് ഇറാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയ്ക്ക് സ്വാധീനമുള്ള രാജ്യമാണ് ലബ്‌നാന്‍. കപ്പല്‍ ലബ്‌നാനിലെ പ്രധാന തുറമുഖം ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി മെവല്‍റ്റ് കാവുസോഗ്‌ലു പറഞ്ഞു. എന്നാല്‍ ഇറാന്‍ കപ്പല്‍ ഇങ്ങോട്ടു വരുന്നതായി തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് ലബ്‌നാന്‍ ധനമന്ത്രി അലി ഹസന്‍ ഖലീല്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."