അരക്കോടിയുടെ സ്വര്‍ണവുമായി മൂന്നംഗസംഘം മംഗളൂരുവില്‍ പിടിയില്‍
കാസര്‍കോട്: ദുബൈയില്‍ നിന്ന് കാസര്‍കോട്ടേക്ക് കടത്താന്‍ ശ്രമിച്ച അരക്കോടിയുടെ സ്വര്‍ണവുമായി മഹാരാഷ്ട്ര സ്വദേശികളായ മൂന്നംഗസംഘം മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. മഹാരാഷ്ട്ര താനെ ഉല്ലാസ് നഗര്‍ സ്വദേശികളായ ദീപക് ജന്ദര്ലാല് സിദ്വാനി(38), സുന്ദര്‍ദാസ് നിര്‍മല്‍ദാസ് ഗാല്‍വാനി(55), ബവീഷ് കിഷന് ഭാട്യ(23) എന്നിവരെയാണ് മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
രണ്ടു വിമാനങ്ങളിലായി എത്തിയ ഇവരെ കസ്റ്റംസ് വിശദമായ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് മലദ്വാരത്തില്‍ സ്വര്‍ണം സൂക്ഷിച്ചതായി കണ്ടെത്തിയത്. ദീപക്, സുന്ദര്‍ദാസ് എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. ബവീഷിന് ജാമ്യം അനുവദിച്ചു. ദീപകും സുന്ദര്‍ദാസും എയര്‍ ഇന്ത്യയുടെ വിമാനത്തിലും ബവീഷ് ജെറ്റ് എയര്വേയ്സിലുമാണ് മംഗളൂരുവിലെത്തിയത്. സ്വര്‍ണ ബിസ്കറ്റുകള്‍ ചെറിയ കഷണങ്ങളാക്കി മുറിച്ച ശേഷം കാര്‍ബണ്‍ കടലാസിലും തുടര്‍ന്ന് പ്ലാസ്റ്റികിലും പൊതിഞ്ഞ് ഒളിപ്പിച്ചുകടത്താനാണ് ഇവര്‍ ശ്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."