പി.വി.സി ഫ്‌ളക്‌സുകള്‍ക്ക് ഇന്നുമുതല്‍ നിരോധനം
നിലമ്പൂര്‍: സംസ്ഥാനത്ത് ഇനി പ്ലാസ്റ്റിക് കോട്ടിങ് ഉള്ള ഫ്‌ളക്‌സുകള്‍ കാണില്ല. പകരം തുണി നിര്‍മിത ഫ്‌ളക്‌സുകള്‍ മതിയെന്ന് സര്‍ക്കാര്‍. തദ്ദേശ സ്വയം ഭരണ (അര്‍ബന്‍) വകുപ്പ് അഡീഷനല്‍ സെക്രട്ടറിയാണ് ഫ്‌ളക്‌സ് നിരോധിച്ച് ഇന്നലെ ഉത്തരവിറക്കിയത്.
പോളി വിനൈല്‍ ക്ലോറൈഡ് (പി.വി.സി) ഫ്‌ളക്‌സ് പരിസ്ഥിതിക്ക് ഹാനികരമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. പ്രളയത്തെ തുടര്‍ന്ന് മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയപ്പോള്‍ പി.വി.സി നിര്‍മിത ഫ്‌ളക്‌സുകള്‍ പലയിടത്തും സംസ്‌കരിക്കാനാവാതെ കിടക്കുകയാണെന്നും കണ്ടെത്തിയിരുന്നു.
ഫ്‌ളക്‌സ് പരിസ്ഥിതിക്ക് കോട്ടം തട്ടുന്നതു സംബന്ധിച്ചും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നത് സംബന്ധിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ 2017ല്‍ പ്രത്യേക സമിതിയുണ്ടാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത അളവില്‍ കവിഞ്ഞ പ്ലാസ്റ്റിക് കോട്ടിങ് ഉള്ള ഫ്‌ളക്‌സുകള്‍ സര്‍ക്കാര്‍ പരിപാടികള്‍ക്ക് ഉപയോഗിക്കരുതെന്നും തുണി നിര്‍മിത ഫ്‌ളക്‌സുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. പിന്നീട് 2018 മാര്‍ച്ചില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രിന്റിങ് മേഖലയിലെ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും പരിസ്ഥിതി മലിനീകരണത്തിന് ഇടം നല്‍കാത്ത റീസൈക്കിള്‍ ചെയ്യാവുന്ന പൊളിത്തീന്‍ കോട്ടണ്‍ തുണിയോ കൊറിയന്‍ തുണിയോ ഉപയോഗിച്ച് ഫ്‌ളക്‌സുകള്‍ പ്രിന്റ് ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ മേഖലയിലെ പ്രധാന സംഘടനയായ സൈന്‍ പ്രിന്റിങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തുവെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സംസ്ഥാനത്ത് ഒട്ടാകെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി.
പ്ലാസ്റ്റിക്, പി.വി.സി എന്നിവ ഒഴിവാക്കി തുണി, പേപ്പര്‍ എന്നിവ കൊണ്ടുള്ള ബാനറുകളാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്ന് കാണിച്ച് സംസ്ഥാന ശുചിത്വ മിഷനും സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ തുടര്‍ന്നും അനിയന്ത്രിതമാകും വിധത്തില്‍ ഫ്‌ളക്‌സുകളുടെ ഉപയോഗം വര്‍ധിച്ചതോടെയാണ് പൂര്‍ണമായും നിരോധിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ പരിപാടികള്‍ക്ക് ഇനിമുതല്‍ പി.വി.സി ഫ്‌ളക്‌സുകള്‍ ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് ഉത്തരവിലുള്ളത്. പകരം പരിസ്ഥിതിക്ക് ഇണങ്ങുന്ന വസ്തുക്കള്‍ കൊണ്ട് പ്രിന്റ് ചെയ്യാമെന്നാണ് നിര്‍ദേശം.
കൂടാതെ ഇത്തരം മെറ്റീരിയലുകളില്‍ പ്രിന്റ് ചെയ്യുമ്പോള്‍ റീസൈക്ലബിള്‍, പി.വി.സി ഫ്രീ എന്നീ ലോഗോ പതിപ്പിക്കണം. എക്‌സ്‌പെയറി തിയതിയും കാണിച്ചിരിക്കണം.
ഇതിനു പുറമെ സ്ഥാപനത്തിന്റെ പേര്, പ്രിന്റിങ് നമ്പര്‍ തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തണം. മൂന്നുമാസംവരെ മാത്രമേ ഇവ ഉപയോഗിക്കാന്‍ പാടുള്ളു. പ്രിന്റിങ് സ്ഥാപനങ്ങളുടെ മുമ്പില്‍ പുനഃചംക്രമണം ചെയ്യാവുന്ന വസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രിന്റിങ് ജോലികള്‍ മാത്രമേ ഏറ്റെടുക്കൂ എന്ന് പ്രദര്‍ശിപ്പിക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."