മദ്യനയം: സര്‍ക്കാര്‍ നിലപാട് ആപല്‍ക്കരമെന്ന് സമസ്ത
കോഴിക്കോട്: കേരളത്തില്‍ മദ്യം വ്യാപകമാക്കാനുള്ള സര്‍ക്കാര്‍ നീക്കം ആപല്‍ക്കരമാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങള്‍, ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ എന്നിവര്‍ പറഞ്ഞു. കൂടുതല്‍ മദ്യശാലകള്‍ തുറക്കുന്നത് മദ്യലഭ്യത വര്‍ധിപ്പിക്കും.
ഇത് പൗരന്മാരുടെ ആരോഗ്യ, ധന നഷ്ടങ്ങള്‍ക്കും കുടുംബ കലഹത്തിനും ധാര്‍മികത്തകര്‍ച്ചയ്ക്കും കാരണമാകും. മദ്യലഭ്യത കുറയ്ക്കാനാണ് നടപടി വേണ്ടത്. ആസക്തിയില്‍ നിന്ന് സമൂഹത്തെ പിന്തിരിപ്പിക്കാന്‍ ബോധവല്‍ക്കരണത്തോടൊപ്പം മദ്യനിരോധനവും അനിവാര്യമാണ്. തെറ്റുകളിലേക്ക് മനുഷ്യന്‍ എത്തിപ്പെടുന്നതിന് സാഹചര്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അത് മനസിലാക്കുന്നതിന് ഭരണാധികാരികള്‍ തയാറാകണം. മദ്യത്തിന്റെ വിറ്റുവരവിലൂടെ കിട്ടുന്ന കേവല ലാഭം ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നീക്കം സമൂഹത്തിന്റെ നാശത്തിലേക്കാണ് വഴിയൊരുക്കുക. സമ്പൂര്‍ണ മദ്യനിരോധനമാണ് ആവശ്യമെന്നും ഇതിനായി ഘട്ടംഘട്ടമായി മദ്യലഭ്യത കുറച്ച്‌കൊണ്ടുവരികയാണ് വേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു.
ജനവികാരമുണരണം: എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: മദ്യത്തിന്റെ ലഭ്യത കുറച്ച് ഘട്ടം ഘട്ടമായി ഒരു മഹാവിപത്തില്‍ നിന്ന് മോചിതമായി വന്നിരുന്ന കേരളീയ സമൂഹത്തില്‍ വീണ്ടും മദ്യമൊഴുക്കാനുള്ള നീക്കം അപലപനീയമാണെന്ന് എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ എന്നിവര്‍ പറഞ്ഞു. സദാചാര ബോധമുള്ള മനുഷ്യര്‍ക്ക് ഇത്തരം നിലപാടുകളോട് മൗനം പാലിക്കാനാകില്ല. ഏതാനും വര്‍ഷങ്ങളായി നടന്നുവന്നിരുന്ന നിരന്തരമായ പ്രക്ഷോഭങ്ങളിലൂടെയും ബോധവത്കരണത്തിലൂടെയും നേടിയെടുത്ത ലഹരിവിരുദ്ധ മനോഭാവം സര്‍ക്കാരിന്റെ പുതിയ നയത്തിലൂടെ തകര്‍ക്കപ്പെട്ടിരിക്കയാണ്. നിരവധി കുടുംബങ്ങളെ വീണ്ടും ദുരിതത്തിലേക്കും അരാജകത്വത്തിലേക്കും നയിക്കാന്‍ മാത്രമാണ് ചില ലോബികള്‍ക്ക് വേണ്ടി നടത്തുന്ന ഇത്തരം നയങ്ങള്‍ ഉപകാരപ്പെടൂ. ഇതിനെതിരേ ശക്തമായ ജനവികാരമുയരേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
യൂത്ത് ലീഗ് പ്രതിഷേധദിനം ഇന്ന്
കോഴിക്കോട്: കേരളത്തില്‍ മദ്യം വ്യാപിപ്പിക്കാനുള്ള ഇടത് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ യൂത്ത് ലീഗ് ഇന്ന് പ്രതിഷേധദിനം ആചരിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു.
വേദനാജനകം: എസ്.വൈ.എസ്
കോഴിക്കോട്: മുന്‍സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനിരോധനം വഴിയുണ്ടായ സാമൂഹിക സാംസ്‌കാരിക മുന്നേറ്റം തടയുന്ന പുതിയ മദ്യനയം അങ്ങേയറ്റം വേദനാജനകമാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ട്രഷറര്‍ ഹാജി കെ. മമ്മദ് ഫൈസി, വര്‍ക്കിങ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസ്താവിച്ചു.
ലോകത്ത് ഒരിടത്തും മദ്യനിരോധനം വിജയിച്ചിട്ടില്ലെന്ന ഇടതുപക്ഷ വീക്ഷണം ആശ്ചര്യകരമാണ്. നൂറുശതമാനം സാക്ഷരതയോ വൈദ്യുതീകരണമോ സംഭവിക്കാത്തതു കൊണ്ട് അത്തരം യത്‌നങ്ങള്‍ ഉപേക്ഷിക്കാറില്ല. മദ്യവര്‍ജനം എളുപ്പത്തില്‍ സാധ്യമാവുക മദ്യനിരോധനം മൂലമാണ്. കേരളീയ സാമൂഹിക പരിസരങ്ങളിലും കുടുംബങ്ങളിലും വന്‍മാറ്റം വരുത്തിയ പ്രതീക്ഷാ നിര്‍ഭരമായ മദ്യനിരോധന നടപടിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നത്.
മദ്യത്തിനെതിരായുള്ള പോരാട്ടങ്ങളില്‍ നിന്ന് പിന്‍മാറുന്നത് ജനാധിപത്യ സര്‍ക്കാരിന് ഒട്ടും ഭൂഷണമല്ലെന്നും നേതാക്കള്‍ പറഞ്ഞു. മദ്യവിമുക്ത കേരളത്തിനുവേണ്ടി സംഘടന ശക്തമായി രംഗത്തിറങ്ങുമെന്ന് നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."