മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന നിലപാട് അനുവദിക്കാനാവില്ല: ഫിഷറീസ് മന്ത്രി
കൊച്ചി: മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാനുള്ള നഷ്ട പരിഹാരത്തുകയില്‍ കാലതാമസം വരുത്തുകയും അവരെ വഴിയാധാരമാക്കുകയും ചെയ്യുന്ന കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ നിലപാട് അനുവദിക്കാനാവില്ലെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ.
എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിനു വേണ്ടി മത്സ്യബന്ധനോപകരണങ്ങള്‍ നീക്കം ചെയ്തവര്‍ക്കും ചെമ്മീന്‍ കൃഷി നഷ്ടപ്പെട്ടവര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള തുക മുഴുവനായും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഇനിയും കൈമാറിയിട്ടില്ല. കൂടാതെ കണ്ടെയ്‌നര്‍ റോഡിനായി സ്ഥലമെടുത്തതിന്റെ തുകയും ഭൂവുടമകള്‍ക്ക് നല്‍കിയിട്ടില്ല. ഈ കാലവിളംബം അനുവദിക്കാനാവില്ല. പോര്‍ട്ട്ട്രസ്റ്റിന്റെ ചെയര്‍മാനും സെക്രട്ടറിയുമായി ഇതുസംബന്ധിച്ച ഉന്നതതലയോഗം ഈ മാസം വിളിച്ചു ചേര്‍ക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ഈ യോഗത്തിലും നഷ്ടപരിഹാരം സംബന്ധിച്ച് ഉടന്‍ തീരുമാനമായില്ലെങ്കില്‍ സര്‍ക്കാര്‍ നിയമനടപടികളിലേക്ക് കടക്കും.
കണ്ടെയ്‌നര്‍ ടെര്‍മിനലിനായി മത്സ്യബന്ധനോപകരണങ്ങള്‍ നീക്കം ചെയ്തവര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കുമായി 2.05 കോടി രൂപയുടെ നഷ്ടപരിഹാരപാക്കേജാണ് രണ്ടു ഘട്ടമായി മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കേണ്ടത്. ഒന്നാംഘട്ടത്തില്‍ നഷ്ടപരിഹാരത്തുകയായി 96,19,110 രൂപയാണ് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് നല്‍കേണ്ടത്. ഇതില്‍ 2742500 രൂപ മാത്രമാണ് ഇപ്പോള്‍ ഫിഷറീസ് വകുപ്പിന് കൈമാറിയിട്ടുള്ളത്. 2009-ല്‍ നിശ്ചയിച്ചതായതിനാല്‍ നഷ്ട പരിഹാരത്തുക വളരെ ചെറുതാണെന്നതിനാല്‍ പലരും തുക കൈപ്പറ്റാന്‍ തയാറല്ല. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് അധികൃതരുമായി നടത്തുന്ന ഉന്നതതല യോഗത്തില്‍ തുക വര്‍ദ്ധിപ്പിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. കണ്ടെയ്‌നര്‍ റോഡിനായി സ്ഥലമെടുത്തതിലും പോര്‍ട് ട്രസ്റ്റ് തുക കൈമാറിയിട്ടില്ല. നാഷണല്‍ ഹൈവേ അതോറിറ്റിയാണ് തുക കൈമാറേണ്ടെതെന്ന നിലപാടായിരുന്നു നേരത്തെ പോര്‍ട്ട് ട്രസ്റ്റിന്‍േറത്. എന്നാല്‍ പോര്‍ട്ട് ട്രസ്റ്റ് തന്നെ തുക കൈമാറണമെന്ന് സര്‍ക്കാര്‍ ഡിസംബറില്‍ നടന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. അതനുസരിച്ച് തുകയ്ക്കായി ഷിപ്പിങ് മന്ത്രാലയത്തിലേക്ക് കത്തയച്ചിട്ടുണ്ടെന്ന് പോര്‍ട്ട് ട്രസ്റ്റ് അധികൃതര്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ അറിയിച്ചു. ഗില്‍നറ്റ് ബോട്ടുകള്‍ തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈലിനപ്പുറത്തു മാത്രമേ മത്സ്യബന്ധനം നടത്താവൂ എന്ന് മന്ത്രി പറഞ്ഞു. ഈ ബോട്ടുടമകള്‍ക്ക് മത്സ്യം കേരളത്തില്‍ വില്‍്ക്കണമെങ്കില്‍ യൂസര്‍ഫീ ക്ഷേമനിധിബോര്‍ഡ് വഴി അടയ്ക്കണം. ജൂണ്‍ 14 രാത്രി മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനമേര്‍പ്പെടുത്തും. ബോട്ടുകളുടെ രജിസ്‌ട്രേഷന്‍ പുതുക്കലും കളര്‍കോഡിങും ഇക്കാലയളവില്‍ നടത്തണമെന്ന് മന്ത്രി ബോട്ടുടമകളോട് നിര്‍ദേശിച്ചു. ഉദ്യോഗസ്ഥര്‍ക്ക് യാനങ്ങള്‍ പരിശോധിച്ച് രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കാനുള്ള സൗകര്യത്തിനായാണിത്.
യോഗത്തില്‍ എം.എല്‍.എമാരായ ജോണ്‍ ഫെര്‍ണാണ്ടസ്, ഹൈബി ഈഡന്‍, ഫിഷറീസ് ഡയറക്ടര്‍ ഡോ. കാര്‍ത്തികേയന്‍, എ.ഡി.എം എം.പി ജോസ്, ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടര്‍ എസ്. മഹേഷ്, മുളവുകാട് പഞ്ചായത്ത് പ്രസിഡണ്ട് വിജി ഷാജന്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥര്‍, മത്സ്യത്തൊഴിലാളികളുടെയും ബോട്ടുടമകളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."