കശ്മിരിന്റെ മുറിവില്‍ ഉപ്പു പുരട്ടരുത്
വോട്ടുചെയ്ത ശേഷം ബന്ധുവിന്റെ വിവാഹസല്‍ക്കാരത്തിനു പോകുംവഴിയാണു ഫാറൂഖ് അഹമ്മദ് ദര്‍ സൈന്യത്തിന്റെ കസ്റ്റഡിയിലാകുന്നത്. ദറിനെ സൈനികജീപ്പിന്റെ ബോണറ്റിനോടു ചേര്‍ത്തുബന്ധിച്ച്, കല്ലേറില്‍നിന്നു രക്ഷപ്പെടാനുള്ള മനുഷ്യകവചമായി ഉപയോഗിച്ചത് അന്താരാഷ്ട്രമാധ്യമങ്ങളില്‍ പ്രാധാന്യമുളള വാര്‍ത്തയായി.
രാവിലെ 10.45 മുതല്‍ വൈകീട്ട് 7.30 വരെ ദറിനെ കെട്ടിയിട്ട ജീപ്പ് ഗ്രാമങ്ങളില്‍നിന്നു ഗ്രാമങ്ങളിലേക്കു സഞ്ചരിച്ചു. ഒരു കല്ലുപോലും ജീപ്പിനുനേരേ വന്നില്ലെന്നു സൈന്യം ചൂണ്ടിക്കാട്ടുന്നു. ഒരൊറ്റ ബുള്ളറ്റുപോലും ചെലവാക്കാതെ സൈനികരുടെയും പൊലിസുകാരുടെയും തെരഞ്ഞെടുപ്പുദ്യോഗസ്ഥരുടെയും ജീവന്‍രക്ഷിക്കാനായെന്നു 53 രാഷ്ട്രീയ റൈഫിള്‍സ് മേജര്‍ ലീതുള്‍ ഗോഗോയ് അവകാശപ്പെട്ടു!
കശ്മിരിലെ മനുഷ്യാവകാശലംഘനങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഫാറൂഖ് അഹമ്മദ് ദര്‍. ഈ സംഭവത്തിനുശേഷം ദര്‍ ഗ്രാമംവിട്ടു പുറത്തിറങ്ങിയിട്ടില്ല. ഉറങ്ങാന്‍ കഴിയുന്നില്ല, കണ്ണടയ്ക്കുമ്പോള്‍ സൈനികജീപ്പിന്റെ മുരള്‍ച്ച കേള്‍ക്കും. താന്‍ മരിച്ചാലേ ഈ ദുരിതം തീരൂവെന്നു ദര്‍ വേദന കടിച്ചമര്‍ത്തി പറയുന്നു.
മനുഷ്യാവകാശധ്വംസനം നേരിട്ട പൗരനെ രാജ്യം എങ്ങനെ പരിഗണിക്കുന്നുവെന്നതാണ് ഈ സംഭവം ഉയര്‍ത്തുന്ന രാഷ്ട്രീയമായ ചോദ്യം. ജനാധിപത്യപ്രക്രിയയിലും നിയമവ്യവസ്ഥയിലും വിശ്വസിച്ച ഒരാള്‍ക്കു നീതി ലഭ്യമാക്കേണ്ട ബാധ്യത രാജ്യത്തിനുണ്ട്. അതിനുപകരം ഈ വിമര്‍ശിക്കപ്പെട്ട കൃത്യത്തിനു നേതൃത്വം കൊടുത്ത മേജര്‍ ആദരിക്കപ്പെടുമ്പോള്‍ കശ്മിരിലെ പൗരന്മാര്‍ക്കു ലഭിക്കുന്നത് നീതിയുടെ സന്ദേശമല്ല.
സൈനികാന്വേഷണമോ പൊലിസ് അന്വേഷണമോ പൂര്‍ത്തിയാകും മുന്‍പാണ് മേജര്‍ ലീതുള്‍ ഗോഗോയിയെ കരേസേനാ മേധാവി പ്രശംസാപത്രം നല്‍കി ആദരിച്ചത്. നിരായുധനും നിസ്സഹായനുമായ പൗരനെ പകല്‍ മുഴുവന്‍ മനുഷ്യകവചമായി ഉപയോഗിക്കുന്നതില്‍ എന്താണിത്ര ധീരത. സൈനികര്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ആദരിക്കപ്പെടുന്നത് അപകടകരമായ കീഴ്‌വഴക്കമാകും സൃഷ്ടിക്കുക.
ധീരതാപത്രങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ക്കും വേണ്ടിയുള്ള വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ പോലും സായുധസേനാ പ്രത്യേകാധികാര നിയമം നിലനില്‍ക്കുന്ന ഇടങ്ങളില്‍ നടക്കാറുണ്ടെന്നിരിക്കെ, പൗരാവകാശങ്ങള്‍ ചവിട്ടിയരയ്ക്കപ്പെടാനുള്ള ഗ്രീന്‍ സിഗ്‌നലായി ഇതു മാറുമെന്നു കരുതാനും ന്യായമുണ്ട്.
അതിദേശീയതാ ആഘോഷത്തിന്റെ ചിയര്‍ ലീഡര്‍മാരായി മാധ്യമങ്ങള്‍ മാറിക്കഴിഞ്ഞ പശ്ചാത്തലത്തില്‍ ഓരോ മനുഷ്യാവകാശലംഘനവും ധീരതാപ്രഘോഷണവും വിജയാരവമായി മാറും. അവിടെ ചവിട്ടിമെതിക്കപ്പെടുന്നതു ഭരണഘടന പൗരനു നല്‍കുന്ന ജീവിക്കാനുള്ള മൗലികാവകാശമാണ്.
വ്യാജ ഏറ്റുമുട്ടലുകളിലും മനുഷ്യാവകാശലംഘനങ്ങളിലും ഉള്‍പ്പെട്ട സൈനികരെ വിചാരണചെയ്തു ശിക്ഷിച്ചിട്ടുള്ള ഉദാത്തമായ നീതിബോധമാണ് ഇന്ത്യന്‍സൈന്യത്തിനുള്ളത്. ഏറ്റവുമൊടുവില്‍ 2015ല്‍ മച്ചില്‍ വ്യാജ ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ട സൈനികരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. രാജ്യത്തിന്റെ മൂഡ് മാറുന്നതിനനുസരിച്ച് ഈ നീതിബോധം മാറരുത്.
പോര്‍വിളികളും വീരസ്യങ്ങളും യുദ്ധകാഹളങ്ങളും മുഴങ്ങുന്ന സമകാലിക മാധ്യമ- പൊതുമണ്ഡല വ്യവഹാരങ്ങളില്‍ നീതിബോധം തമസ്‌കരിക്കപ്പെടാറാണു പതിവ്. അവിടെ ഫാറൂഖ് അഹമ്മദ് ദര്‍ കല്ലേറുകാരനും തീവ്രവാദിയുമൊക്കെ ആയേക്കാം. പക്ഷേ, ഓര്‍ക്കണം സ്വന്തം ജനതയെ ശത്രുക്കളാക്കിക്കൊണ്ട് ആര്‍ക്കും വിജയം നേടാനാകില്ല. കശ്മിരിന്റെ മുറിവില്‍ ഉപ്പു പുരട്ടരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."