യു.ഡി.എഫ് തുടര്‍ച്ചയായി നഗരസഭാ യോഗം തടസപ്പെടുത്തുന്നുവെന്ന് പാലക്കാട് നഗരസഭാധ്യക്ഷ
പാലക്കാട്: യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തുടര്‍ച്ചയായി നഗരസഭ യോഗവും വികസനവും തടസപ്പെടുത്തുകയാണെന്ന് നഗരസഭാധ്യക്ഷ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍, പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ എസ്.ആര്‍.ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.വികസനം തടസപ്പെടുത്തുന്ന നടപടിയാണ് യു.ഡി.എഫ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞമൂന്നുമാസമായി നഗരസഭ കൗണ്‍സില്‍ യോഗങ്ങള്‍ യു.ഡി.എഫ് തടസപ്പെടുത്തുകയാണ്. ഇത് നഗരത്തിന്റെ വികസനപദ്ധതികളെ ബാധിച്ചു. നഗരസഭ അധ്യക്ഷയെ സംസാരിക്കുവാന്‍ പോലും അനുവദിക്കാത്ത തരത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സില്‍യോഗം അലങ്കോലപ്പെടുത്തുകയാണ്.
വികസനം മുടക്കുന്ന പ്രതിഷേധം അതിരുവിട്ടതിനെ തുടര്‍ന്നാണ് അഞ്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാരെ മൂന്നുമാസത്തേക്ക് സസ്‌പെന്റ് ചെയ്തതെന്ന് പ്രമീളശശിധരന്‍ വ്യക്തമാക്കി. കൗണ്‍സിലര്‍മാരെ സസ്‌പെന്റ് ചെയ്യുന്നതിന് നഗരസഭാധ്യക്ഷക്ക് അധികാരമുണ്ടെന്നും സസ്‌പെന്‍ഷന്‍ നിലനില്‍ക്കുകയാണെന്നും ബി.ജെ.പി പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ എസ്.ആര്‍.ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു.
യോഗങ്ങള്‍ തടസപ്പെടുത്തിയതിലൂടെ അമൃത് പദ്ധതികള്‍ ഉള്‍പ്പെടെയുള്ള കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ മുടങ്ങിയതായും വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍ പറഞ്ഞു. മൂന്ന് ശുചീകരണതൊഴിലാളികളുടെ നിയമനം നിയപ്രകാരമാണെന്നും സര്‍ക്കാര്‍ ഉത്തരവ് പാലിക്കുകയാണ് നഗരസഭ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും വസ്തുതകള്‍ പരിശോധിക്കാതെ അനാവശ്യമായി വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. നഗരസഭാഭരണം അട്ടിമറിച്ച് അവിശ്വാസം കൊണ്ടുവരാനുള്ള നീക്കം നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."