കണ്ടുതീരും മുന്‍പേ നീലവസന്തം മായുന്നു; ഇനി 2030ല്‍
തൊടുപുഴ: വ്യാഴവട്ടത്തെ കാത്തിരിപ്പിന് ശേഷം എത്തിയ കുറിഞ്ഞിവസന്തം കണ്ടുതീരും മുന്‍പേ വിടവാങ്ങുന്നു. പ്രളയവും പ്രതികൂല കാലാവസ്ഥയുമാണ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കുറിഞ്ഞിപ്പൂക്കാലം തെറ്റിച്ചത്. കാണാന്‍ മോഹിച്ചവരെ നിരാശരാക്കിയാണ് ഇനിയൊരു 12 വര്‍ഷത്തിന് ശേഷം മാത്രം എത്തുന്ന നീലക്കുറിഞ്ഞി മറയുന്നത്. നീലക്കുറിഞ്ഞി കാണാന്‍ മൂന്നാറില്‍ ഇതുവരെ എത്തിയത് ഒരു ലക്ഷം പേര്‍ മാത്രമാണ്. ഇക്കുറി എട്ട് ലക്ഷം സഞ്ചാരികള്‍ എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. 2006ലെ കുറിഞ്ഞിപൂക്കാലത്ത് അഞ്ചു ലക്ഷം പേരാണു മൂന്നാര്‍ മലനിരകളില്‍ എത്തിച്ചേര്‍ന്നത്. ഇനി ഏറിയാല്‍ ഒരാഴ്ച കൂടി മാത്രമേ കുറിഞ്ഞിപ്പൂക്കള്‍ ഉണ്ടാവുകയുള്ളൂവെന്നാണ് വനം വകുപ്പിന്റെ അനുമാനം. അടുത്ത കുറിഞ്ഞിപ്പൂക്കാലത്തിനായി 2030വരെ കാത്തിരിക്കണം. നീലക്കുറിഞ്ഞി സീസണില്‍ സഞ്ചാരികള്‍ക്ക് സൗകര്യം ഒരുക്കാന്‍ രണ്ടു കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടത്.
മൂന്ന് മാസമെങ്കിലും കാഴ്ച വിരുന്നാകുമെന്ന് പ്രതീക്ഷിച്ച കുറിഞ്ഞിപ്പൂക്കള്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രം കാഴ്ചാ സൗഭാഗ്യം നല്‍കിയാണ് അപ്രത്യക്ഷമാവുന്നത്. ഓഗസ്റ്റ് അവസാനത്തോടെയാണ് മൂന്നാറിലെ രാജമല, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, മീശപ്പുലിമല, കൊളുക്കുമല എന്നിവിടങ്ങളിലെ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ വ്യാപകമായി മൊട്ടിട്ടു തുടങ്ങിയത്. തൊട്ടടുത്ത ദിവസങ്ങളില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പൂവിരിയാന്‍ കാലതാമസം നേരിട്ടു. പ്രളയത്തിനു ശേഷം പല തവണയുണ്ടായ അതിതീവ്രമഴ മുന്നറിയിപ്പുകളും സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശങ്ങളും സഞ്ചാരികളുടെ എണ്ണം കുറച്ചു. മൂന്നാറിലേക്കുള്ള റോഡുകളും പാലങ്ങളും തകര്‍ന്നതും സഞ്ചാരികളുടെ വരവിനു തടസമായി. മഴയില്‍ പൂക്കള്‍ അഴുകി നശിച്ചതിനാല്‍ കുറിഞ്ഞി കൂട്ടമായി പൂത്തുനില്‍ക്കുന്ന മനോഹര ദൃശ്യവും പലയിടത്തും ഉണ്ടായിരുന്നില്ല. ഏറ്റവും തിരക്ക് അനുഭവപ്പെടേണ്ട സീസണില്‍ മൂന്നാറിലും സമീപ മേഖലകളിലെയും മുറികളെല്ലാം കാലിയായി കിടന്നതു മൂലം നികുതി വരുമാനത്തിലും സര്‍ക്കാരിനു വന്‍ കുറവുണ്ടായി. ഏഴായിരത്തോളം മുറികളാണ് ഈ മേഖലകളിലുള്ളത്. 12 ദിവസത്തോളം ഇടുക്കി ജില്ലയില്‍ ടൂറിസ്റ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടതും പ്രതികൂലമായി. ഹോട്ടലുകളും റിസോര്‍ട്ടുകളും വലിയ തുക മുടക്കി പാട്ടത്തിനെടുത്തവര്‍ക്കും കനത്ത നഷ്ടമാണുണ്ടായത്. രാജമലയിലേക്ക് പ്രതിദിനം 4,000 പേര്‍ക്കായിരുന്നു പ്രവേശനം. ഇതില്‍ 75 ശതമാനം ടിക്കറ്റുകളും ഓണ്‍ലൈനിലൂടെയായിരുന്നു. വിനോദസഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ രാജമലയില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കേണ്ടി വന്നത് വനം വകുപ്പിനും തിരിച്ചടിയായി.
സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ രാജമലയിലെ കുന്നിന്‍ചെരിവുകളില്‍ മാത്രമാണ് ഇപ്പോള്‍ കുറച്ചെങ്കിലും കുറുഞ്ഞിപ്പൂക്കള്‍ കാണാനുള്ളത്. ഒറ്റപ്പെട്ട ചില ചെടികളില്‍ പൂക്കളുണ്ടെങ്കിലും നീലവസന്തത്തിന്റെ ഭംഗി അതിനില്ല. മഴ തുടരുന്ന സ്ഥിതിയില്‍ കുറിഞ്ഞിവസന്തം ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കും. മൂന്നു മാസമാണ് കുറിഞ്ഞി പൂക്കുംകാലം. ഇത് ഒക്ടോബര്‍ അവസാനം വരെയാണെങ്കിലും കാലാവസ്ഥ അനുകൂലമെങ്കില്‍ ഡിസംബര്‍ തുടക്കംവരെ നീണ്ടുനില്‍ക്കാറുണ്ടായിരുന്നു. വിദേശികളുടെ എണ്ണത്തില്‍ കുറവ് വന്നതാണ് വ്യാപാര മേഖലക്ക് തിരിച്ചടിയായത്. നീലക്കുറിഞ്ഞിയുടെ പിന്‍ബലത്തില്‍ പ്രളയ ദുരിതത്തില്‍നിന്നു കരകയറാമെന്ന മൂന്നാറിന്റെ പ്രതീക്ഷയും ഇതോടെ അസ്ഥാനത്തായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."