വയനാടന്‍ കുരുമുളകിന്റെ വില കുത്തനെയിടിഞ്ഞു
കിസാന്‍ജനത കേന്ദ്ര വാണിജ്യമന്ത്രിക്ക് ഫാക്‌സയച്ചു
കല്‍പ്പറ്റ: വയനാടിന്റെ പ്രശസ്തി ലോകത്തെ അറിയിച്ച വയനാടന്‍ കുരുമുളകിന് ഇത് തളര്‍ച്ചയുടെ കാലമാണ്. കഴിഞ്ഞ വര്‍ഷം കിലോഗ്രാമിന് 740 രൂപ ലഭിച്ചിരുന്ന കുരുമുളകിന് ഇപ്പോള്‍ ലഭിക്കുന്നത് 480 രൂപയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മികച്ച വിലയാണ് കുരുമുളകിന് ലഭിച്ചിരുന്നത്.
വില കുറയുന്നത് കൊണ്ടുതന്നെ കച്ചവടക്കാര്‍ കുരുമുളക് വാങ്ങുന്നതിന് മടികാണിക്കുകയാണ്. വിലകുറയുന്നത് സ്റ്റോക്കുള്ള ചരക്കിനെ ബാധിക്കുമെന്ന് കച്ചവടക്കാരും ഭയക്കുന്നുണ്ട്.
കാല്‍നൂറ്റാണ്ടു മുന്‍പുവരെ രാജ്യത്ത് കുരുമുളക് കൃഷിക്ക് പ്രസിദ്ധമായ ജില്ലയായിരുന്നു വയനാട്. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കുരുമുളകില്‍ 70 ശതമാനവും വയനാട്ടിലാണ് വിളഞ്ഞിരുന്നത്. കുരുമുളകിനെ ബാധിച്ച ദ്രുതവാട്ടവും മഞ്ഞളിപ്പും മറ്റ് കുമിള്‍ രോഗങ്ങളും താങ്ങുകാലുകളെ ബാധിച്ച രോഗവും വയനാടന്‍ കുരുമുളക് കൃഷിയെ കീഴ്‌മേല്‍ മറിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മികച്ച വില ലഭിക്കുന്നതുകൊണ്ട് കുരുമുളക് കൃഷി ഉപേക്ഷിച്ച നിരവധിയാളുകള്‍ വീണ്ടും കൃഷിയിലേക്ക് തിരിച്ചുവന്നു.
ഇതോടെ കുരുമുളക് കൃഷി തിരിച്ചുവരവിന്റെ പാതയിലായിരുന്നു. ഈ സമയത്ത് കുരുമുളകിന് വിലകുറയുന്നു എന്നത് കൃഷി വീണ്ടും ആരംഭിച്ച കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
ഇന്ത്യയിലെ കുരുമുളകിന്റെ ഉല്‍പാദനം 50000 ടണ്ണോളമാണ്. എന്നാല്‍ കയറ്റുമതി ചെയ്യുന്നത് 5000 മുതല്‍ 10000 ടണ്‍ വരെയാണ്. അന്താരാഷ്ട്ര വിപണിയിലെ ആവശ്യം 50000 ടണ്ണും. ഇന്ത്യന്‍ കുരുമുളകിന് ഗുണനിലവാരം ഉള്ളതിനാല്‍ത്തന്നെ ആഭ്യന്തര വിപണിയില്‍ ആവശ്യക്കാരും കൂടുതലാണ്. എന്നാല്‍ ഇത് മുതലെടുക്കാന്‍ വിയറ്റ്‌നാം പോലുള്ള രാജ്യങ്ങള്‍ ശ്രമിക്കുമ്പോള്‍ ഉത്തരേന്ത്യന്‍ കുത്തക വ്യാപാരികളും ഇതിന് കൂട്ടുനില്‍ക്കുകയാണ്. വിയറ്റ്‌നാമില്‍ കുരുമുളകിന് ലഭിക്കുന്നത് 280 രൂപയാണ്.
ഇത്തരം ഗുണനിലവാരം കുറഞ്ഞ കുരുമുളക് വിയറ്റ്‌നാമില്‍ നിന്നും ഇറക്കുമതി ചെയ്ത് ഗുണനിലവാരം കൂടിയ ഇന്ത്യന്‍ കുരുമുളകിനൊപ്പം ചേര്‍ത്ത് അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കുകയാണ്.
ഇങ്ങനെ ചെയ്യുന്നത് ഇന്ത്യന്‍ കുരുമുളകിന്റെ ഡിമാന്‍ഡ് കുറയുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം പ്രവണത അവസാനിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് കിസാന്‍ ജനത ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് കേന്ദ്ര വാണിജ്യമന്ത്രിക്ക് ഫാക്‌സ് സന്ദേശം അയച്ചതായും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കിസാന്‍ ജനത സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ഒ ദേവസി, ജില്ലാ പ്രസിഡന്റ് വി.പി വര്‍ക്കി, കെ.കെ രവി എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."