കൊട്ടാരക്കര താലൂക്ക് ആശുപത്രി; അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയില്‍
കൊട്ടാരക്കര: താലൂക്ക് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നത് രോഗികളെ വലയ്ക്കുന്നു. ഇവിടുത്തെ ഡോക്ടര്‍മാരുടെ കുറവ് രോഗികളെ വലയ്ക്കുകയാണ്. മഴക്കാല രോഗങ്ങള്‍ പടര്‍ന്ന് പിടിച്ചതോടെ നൂറ് കണക്കിന് ആളുകളാണ് താലൂക്ക് ആശുപത്രിയില്‍ എത്തുന്നത്. രാവിലെ മുതല്‍ ഒരുപോലെ തിരക്കനുഭവപ്പെടുന്ന ഇവിടെ വേണ്ടത്ര ഡോക്ടര്‍മാര്‍ ഇല്ലെന്ന പരാതി നിലനില്‍ക്കുമ്പോഴാണ് അത്യാഹിത വിഭാഗത്തിലെ ഡാക്ടര്‍മാരുടെ കുറവ്.
വിദഗ്ദ ചികിത്സ ആവശ്യമുള്ള രോഗികള്‍ ചികിത്സയ്ക്കായി രാവിലെ 6 മുതല്‍ ആശുപത്രിയിലെത്തും. ഇവര്‍ ഒ.പി ടിക്കറ്റ് കൗണ്ടറില്‍ ക്യൂ നിന്ന് ഡോക്ടര്‍മാരെ കണ്ട് മരുന്ന് വാങ്ങി മടങ്ങുമ്പോള്‍ തന്നെ ഉച്ചക്കഴിയും. മണിക്കൂറുകള്‍ ഡോക്ടറെ കാണാന്‍ നില്‍ക്കുന്ന രോഗികള്‍ കുഴഞ്ഞു വീഴുന്നതും ഇവിടെ പതിവാണ്. ഒ.പി ടിക്കറ്റ് കൗണ്ടറില്‍ വേണ്ടത്ര ജീവനക്കാരിലാത്തതും ഡോക്ടറെ കാണാനുള്ള രോഗികളുടെ ആവശ്യം നടക്കാറുമില്ല. മണിക്കുറുകള്‍ നിന്നും ഒ.പി ചീട്ടുമായി രോഗി എത്തുമ്പോഴേക്കിനും ഡോക്ടര്‍ സ്ഥലം വിട്ടുകാണും.
പനിക്കായി പ്രതേക ക്ലിനിക്ക് പലപ്പോഴും ഡോക്ടര്‍ന്മാര്‍ ഇല്ലാത്തതിനാല്‍ പ്രവര്‍ത്തിക്കുന്നില്ല. ഉച്ചയ്ക്ക്‌ശേഷം ആശുപത്രിയിലെ അത്യാഹിത വിഭാഗം മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളൂ. അവിടെയാകട്ടെ ഒരു ഡോക്ടറുടെ സേവനം മാത്രമേയുള്ളൂ. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗത്തില്‍ ഉച്ചയ്ക്ക് ശേഷം എത്തുന്ന ഡോക്ടര്‍മാര്‍ക്ക് മല ചുമക്കേണ്ടുന്ന അവസ്ഥയാണ്. ഉച്ചയ്ക്ക് ഒന്നു മുതല്‍ നേരം പുലര്‍ച്ചവരെ ഇപ്പോള്‍ പനിക്കാരെക്കൊണ്ട് അത്യാഹിതവിഭാഗം നിറഞ്ഞിരിക്കുകയാണ്.
എം.സി റോഡും നാഷണല്‍ ഹൈവേയും കടന്നുപോകുന്ന കൊട്ടാരക്കരയില്‍ ദിനംപ്രതി അപകടങ്ങള്‍ കൂടി വരികയാണ്. അപകടത്തില്‍ പരുക്കേല്‍ക്കുന്നവരെല്ലാം ചികിത്സയ്ക്കായി ആദ്യം ഇവിടെയാണ് എത്തിക്കുക. ഇതിനിടയില്‍ സംഘട്ടന കേസുകളും എത്തും. മറ്റ് ചികിത്സയ്ക്കായി അത്യാഹിത വിഭാഗത്തില്‍ ആളുകള്‍ എത്തുമ്പോഴാകും അപകടത്തില്‍പ്പെടുന്നവര്‍ എത്തുക. മണിക്കൂറുകളാണ് ഡോക്ടറെ കാണുവാന്‍ രോഗികള്‍ ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നത്. അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. പനി പടര്‍ന്നു പിടിച്ചതോടെ രാവെന്നേ പകലെന്നോ ഇല്ലാതെ നൂറ് കണക്കിന് രോഗികളാണ് ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയില്‍ എത്തുന്നത്. സാധാരണക്കാര്‍ എത്തുന്ന ആശുപത്രില്‍ ഡോക്ടര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജിലും ജില്ലാ ആശുപത്രികളിലും എം.ബി.ബി.എസ് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ഭാഗമായി നടത്തുന്ന നിര്‍ബന്ധിത സേവനം താലൂക്ക് ആശുപത്രികളില്‍ കൂടി ലഭ്യമാക്കിയാല്‍ അത്യാഹിത വിഭാഗത്തിലെ തിരക്ക് ഒരു പരിധിവരെ കുറക്കാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."