വിസയ്ക്ക് കടുത്ത നിബന്ധനകള്‍; ഉംറ തീര്‍ഥാടനത്തിനു ചെലവേറും
അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: ഉംറ തീര്‍ഥാടനത്തിന് വിസ ലഭ്യമാകാന്‍ ഈവര്‍ഷം മുതല്‍ കടുത്ത നിബന്ധനകള്‍. ഓരോ തീര്‍ഥാടകന്റെയും താമസത്തിനുളള ഹോട്ടലിന്റെയും മക്കയിലും മദീനയിലും സഞ്ചരിക്കേണ്ട വാഹനത്തിന്റെയും നിരക്കുകള്‍ മുന്‍കൂട്ടി മുഴുവന്‍ അടച്ചാല്‍ മാത്രമെ ഇനിമുതല്‍ ഉംറ വിസ അനുവദിക്കുവെന്നാണ് സഊദിയുടെ പുതിയ നിബന്ധന.
പണം അടയ്ക്കുന്നതിന് പ്രത്യേക ബാങ്കിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉംറ വിസ നിരക്ക് ഇരട്ടിയായി വര്‍ധിപ്പിക്കുകയും ചെയ്തതോടെ ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷത്തെ ഉംറ തീര്‍ഥാടനത്തിന് കനത്ത സാമ്പത്തിക ചെലവേറും.
ഉംറ വിസ കഴിഞ്ഞ വര്‍ഷം വരെ 3000 രൂപയോളമുണ്ടായിരുന്നത് ഈവര്‍ഷം 7000 രൂപയോളമായി ഉയര്‍ത്തി. ഇതിനു പുറമെ ഓരോ തീര്‍ഥാടകന്റെയും താമസ സ്ഥലം, മക്കയിലും മദീനയിലും സഞ്ചരിക്കുന്ന വാഹനത്തിന്റെ നിരക്ക് എന്നിവ മുന്‍കൂട്ടി മുഴുവന്‍ തുകയും അടയ്ക്കണമെന്നാണ് നിര്‍ദേശം.
എങ്കില്‍ മാത്രമെ ഉംറ വിസ അനുവദിക്കുകയുള്ളു. സഊദി ഗവണ്‍മെന്റിന്റെ പോര്‍ട്ടലില്‍ ലഭ്യമാകുന്ന ഹോട്ടലുകള്‍ മാത്രമേ തീര്‍ഥാടകനു ബുക്ക് ചെയ്യാന്‍ അനുമതിയുള്ളു.
ഹോട്ടലുകളിലെ വാറ്റ് നികുതി പിടിച്ചെടുക്കുകയാണ് സഊദിയുടെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം താമസത്തിനും യാത്രക്കും മുന്‍കൂട്ടി പണം അടച്ച് ബുക്ക് ചെയ്യേണ്ടിയിരുന്നില്ല.
ഉംറ കമ്പനികള്‍ക്ക് മാത്രമായി സഊദി ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ പ്രത്യേക ബാങ്കിങ് സംവിധാനം വഴിയാണ് ഇനിമുതല്‍ ഉംറയ്ക്കുളള പണം അടക്കേണ്ടത്. ബന്ധുക്കളുടെ കൂടെ താമസിക്കാനുദ്ദേശിക്കുന്നവര്‍ക്കും ഹോട്ടല്‍ താമസസ്ഥലത്തിന് മുന്‍കൂട്ടി പണം അടക്കേണ്ടിവരും. യാത്ര റദ്ദാക്കിയാല്‍ മുന്‍കൂട്ടി അടച്ച പണം ലഭിക്കുകയുമില്ല. സഊദി സര്‍ക്കാരിന്റെ അംഗീകാരമുള്ള ട്രാവല്‍ ഏജന്‍സികള്‍ക്കു മാത്രമെ പുതിയ സംവിധാനത്തില്‍ ഉംറ വിസ നടത്താന്‍ കഴിയുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."