യുവാവിനെ കായലില്‍ വീണ് കാണാതായി
ചാത്തന്നൂര്‍: പരവൂര്‍ ഇടവ നടയറക്കായലില്‍ വീണ് ഒരാളെ കാണാതായി. കായല്‍ തീരത്ത് പ്രവര്‍ത്തിക്കുന്ന ലേക് സാഗര്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് കേന്ദ്രത്തിലെ വാട്ടര്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് ആളെ കാണാതായത്. പാലക്കാട് വടക്കാഞ്ചേരി ആലത്തൂര്‍ കൈമനത്തറ തത്തല സാം വില്ലയില്‍ തമ്പി എബ്രഹാമിന്റെ മകന്‍സാം പോള്‍ തമ്പിയെയാ(26)ണ് കാണാതായത്.
ലേക് സാഗറിലെ ജീവനക്കാരനായ വിപിന്റെ സുഹൃത്താണ് സാം. ഇയാള്‍ കഴിഞ്ഞ ദിവസമാണ് സുഹൃത്തിനെ കാണാനായി ഇവിടെ എത്തിയത്. ഇന്നലെ രാവിലെ പത്തോടെ വിപിനൊമൊത്ത് വാട്ടര്‍ സ്‌കൂട്ടറില്‍ സാം സഞ്ചരിക്കവേ അപകടത്തില്‍പ്പെടുകയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ അമിത വേഗതയില്‍ സ്‌കൂട്ടര്‍ ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് സമീപ തീരത്ത് തൊഴിലെടുത്തു കൊണ്ടിരുന്ന ഇതരസംസ്ഥാന തൊഴിലാളി പറഞ്ഞു.
നിയന്ത്രണംതെറ്റിയ സ്‌കൂട്ടറിന്റെ ഹാന്‍ഡില്‍ ഇളകി തെറിച്ചതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. വര്‍ക്കലയില്‍ നിന്നും പരവൂര്‍ നിന്നും അഗ്‌നിശമന സേനയെത്തി കായലില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഏറെ വൈകിയും തിരച്ചില്‍ നടന്നുവരികയാണ്. പരവൂര്‍, അയിരൂര്‍ പൊലിസും സ്ഥലത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."