സഊദിയില്‍ എട്ട് മണിക്കൂറിലധികം സമയം തൊഴിലെടുപ്പിക്കുന്നത് നിയമ ലംഘനം
റിയാദ്: രാജ്യത്ത് തൊഴിലെടുക്കുന്നവയുടെ അവകാശങ്ങള്‍ വ്യക്തമാക്കി സഊദി മനുഷ്യാവകാശ കമീഷന്‍. തൊഴിലാളികളുടെ വേതനം, തൊഴില്‍ സമയം, അവധി എന്നീ കാര്യങ്ങളിലാണ് തൊഴിലാളികളുടെ അവകാശങ്ങള്‍ വ്യക്തമാക്കി സഊദി മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തിയത്. തൊഴിലിടങ്ങളിലെ ദിനേനയുള്ള തൊഴില്‍ സമയം എട്ടു മണിക്കൂര്‍ അല്ലെങ്കില്‍ ആഴ്ചയില്‍ 48 മണിക്കൂറോ ആണെന്നും അതില്‍ കൂടുതല്‍ സമയം തൊഴിലെടുപ്പിക്കുന്നത് ലംഘനമാണെന്നും കമ്മീഷന്‍ അറിയിച്ചു.
റമദാനില്‍ മുസ്‌ലിംകളുടെ പ്രതിദിന തൊഴില്‍ സമയം ആറു മണിക്കൂറും പ്രതിവാര തൊഴില്‍ സമയം 36 മണിക്കൂറും ആയിരിക്കും. കൂടാതെ, തുടര്‍ച്ചയായി അഞ്ചു മണിക്കൂറില്‍ കൂടുതല്‍ നേരം ജോലി ചെയ്യിക്കരുത്. വിശ്രമത്തിനും നമസ്‌കാരം നിര്‍വഹിക്കുന്നതിനും ഭക്ഷണത്തിനും സമയം അനുവദിക്കുന്ന നിലയില്‍ തൊഴില്‍ സമയം ക്രമീകരിക്കണം. ജോലിക്കിടെ ഒരു തവണ അനുവദിക്കുന്ന വിശ്രമ സമയം അര മണിക്കൂറില്‍ കുറവാകാന്‍ പാടില്ല. ഒരു ദിവസം തൊഴിലാളി തൊഴില്‍ സ്ഥലത്ത് 12 മണിക്കൂറില്‍ കൂടുതല്‍ കഴിയുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല തുടങ്ങിയ വ്യവസ്ഥകളുമുണ്ട്.
വെള്ളി, ശനി ദിവസങ്ങള്‍ വാരാന്ത്യ അവധി ദിനങ്ങളായി അനുവദിച്ചു കൊടുക്കണം. ചില സന്ദര്‍ഭങ്ങളില്‍ ബന്ധപ്പെട്ട ലേബര്‍ ഓഫീസിനെ മുന്‍കൂട്ടി അറിയിച്ച് ചില തൊഴിലാളികള്‍ക്ക് മറ്റേതെങ്കിലും ദിവസം വാരാന്ത അവധിയായി നിശ്ചയിക്കാവുന്നതാണ്. എങ്കിലും വെള്ളിയാഴ്ച്ചയിലെ പ്രാര്‍ത്ഥനകള്‍ക്ക് തൊഴിലാളികളെ അനുവദിക്കണം. വാരാന്ത അവധിക്ക് പകരമായി പണം നല്‍കാന്‍ പാടില്ല. പൂര്‍ണ വേതനത്തോടെയാണ് വാരാന്ത അവധി നല്‍കേണ്ടത്. ഇത് തുടര്‍ച്ചയായ 24 മണിക്കൂറില്‍ കുറയരുത്.
ശമ്പളത്തില്‍ നിന്നും പിടിക്കാമെന്ന വ്യവസ്ഥയില്‍ തൊഴിലാളികള്‍ക്ക് തൊഴിലുടമ വായ്പ നല്‍കുകയാണെങ്കില്‍ ആകെ വേതനത്തിന്റെ പത്തു ശതമാനത്തില്‍ കൂടാന്‍ പാടില്ല. ഏതു സാഹചര്യത്തിലും തൊഴിലാളികളുടെ വേതനത്തില്‍നിന്ന് പിടിക്കുന്ന തുക ശമ്പളത്തിന്റെ പകുതിയില്‍ കൂടുതലാകാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ടെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."