ഇന്ത്യയിറങ്ങുന്നത് കേരളക്കരുത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്
കല്‍പ്പറ്റ: ഇറാനിലെ ടെഹ്‌റാനില്‍ നടക്കുന്ന സീനിയര്‍ ഏഷ്യന്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയിറങ്ങുന്നത് കേരളത്തിന്റെ മൂവര്‍ കരുത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്. കൊച്ചിന്‍ ബി.പി.സി.എല്ലിന്റെ മിന്നും താരങ്ങളായ അഖിന്‍ ജോസ്, അജിത് ലാല്‍, ജെറോം വിനീത് എന്നിവരാണ് ഇന്ത്യക്ക് ഏഷ്യന്‍ കടമ്പ കടക്കാനുള്ള വജ്രായുധങ്ങള്‍. തൊട്ടതെല്ലാം പൊന്നാക്കിയ ഈ താരങ്ങളില്‍ ടീം വലിയ പ്രതീക്ഷയാണ് അര്‍പ്പിക്കുന്നത്.
ഇവരില്‍ രണ്ടുപേര്‍ തനി മലാളികളാണെങ്കില്‍ ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്നെത്തി കേരളത്തിന്റെ മകനായവനാണ്. ബ്ലോക്കര്‍ പൊസിഷനില്‍ ഇന്ന് ഇന്ത്യയിലുള്ളതില്‍ ഏറ്റവും മികച്ച താരമായ അഖിന്‍ ജോസ് തിരുവനന്തപുരത്തുകാരനാണ്. കേരളത്തിനെ ദേശീയ വോളിബോള്‍ ചാംപ്യന്‍ഷിപ്പിലും ഫെഡറേഷന്‍ കപ്പിലും നയിച്ച അഖിന്റെ ഷോക്കേസിലുള്ളതില്‍ പ്രധാനപ്പെട്ടത് ഫെഡറേഷന്‍ കപ്പ് ചാംപ്യന്‍ഷിപ്പ് നേട്ടമാണ്. രണ്ടാം തവണയാണ് 28കാരനായ അഖിന്‍ രാജ്യത്തിനായി ജഴ്‌സി അണിയുന്നത്.
കഴിഞ്ഞ പ്രോ വോളി ലീഗില്‍ കോഴിക്കോട് ഹീറോസിനായി മികച്ച പ്രകടനത്തിലൂടെ കാണികളുടെ കൈയടി നേടിയ അജിത്ത് ലാല്‍ എന്ന തിരുവനന്തപുരത്തുകാരനാണ് ടീമിലുള്ള രണ്ടാമത്തെ മലയാളിയും കേരളത്തിന്റെ കരുത്തും. കേരളത്തിന്റെ ഹൈട്രജന്‍ ബോയ് എന്ന പേരിലറിയപ്പെടുന്ന അജിത് ലാല്‍ സെന്റര്‍ അറ്റാക്കര്‍ പൊസിഷനില്‍ ഇന്ത്യക്ക് പകരക്കാരനില്ലാത്ത താരമായി വളര്‍ന്നുകഴിഞ്ഞു. തന്റെ ആദ്യ സീനിയര്‍ രാജ്യാന്തര മത്സരത്തിനായി ഇറങ്ങുന്ന അജിത്‌ലാലില്‍ ടീം ഇന്ത്യ അര്‍പ്പിക്കുന്നത് ഏഷ്യന്‍ കടമ്പ കടക്കുകയെന്ന ലക്ഷ്യവും ഒളിംപിക്‌സ് യോഗ്യതയുമാണ്.
ഈ 23കാരനില്‍ രാജ്യം അര്‍പ്പിക്കുന്ന വിശ്വാസം അത്രക്കുണ്ടെന്നാണ് സീനിയര്‍ ടീമിലേക്കുള്ള വിളി സൂചിപ്പിക്കുന്നത്. കേരളക്കാരനാണെങ്കിലും മലയാളിയല്ലാത്ത ജെറോം വിനീതാണ് മൂന്നാമത്തെ കേരളത്തിന്റെ സംഭാവന. തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍നിന്ന് വന്ന് കേരളത്തിനൊരു ദേശീയ കിരീടം നേടിക്കൊടുത്ത ഓള്‍റൗണ്ടറാണ് ജെറോം വിനീത്. ചെന്നൈയില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ കേരളം കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ജെറോമായിരുന്നു കേരളത്തെ നയിച്ചിരുന്നത്.
നിലവില്‍ രാജ്യത്തിന് കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ബ്ലോക്കറും സെന്റര്‍ അറ്റാക്കറും ഓള്‍റൗണ്ടറും ഒന്നിച്ച് ജഴ്‌സിയണിയുമ്പോള്‍ മൂന്ന് പതിറ്റാണ്ട് മുന്‍പ് നേടിയ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലെ മൂന്നാം സ്ഥാനത്തിനും മുകളിലെത്താനാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഖത്തറില്‍ പരിശീലനത്തിലാണ് ഇന്ത്യന്‍ ടീമുള്ളത്. കഴിഞ്ഞ ദിവസം ഖത്തറിനെതിരേ നടന്ന സൗഹൃദ മത്സരത്തില്‍ വിജയിച്ച് തുടങ്ങിയ ഇന്ത്യക്ക് ഇനിയുള്ള സൗഹൃദ മത്സരങ്ങളില്‍ പോരടിക്കാനുള്ളത് ചൈനയോടും ആസ്‌ത്രേലിയയോടുമാണ്. ഇതിന് ശേഷം ഈമാസം 11ന് ടീം ഇറാനിലേക്ക് തിരിക്കും. 13 മുതല്‍ 21 വരെയാണ് ചാംപ്യന്‍ഷിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."