മൊബൈല്‍ ടവറിനെതിരേ പ്രദേശവാസികള്‍ പ്രക്ഷോഭത്തിലേക്ക്; കലക്ടര്‍ക്ക് പരാതി നല്‍കി
അരീക്കോട്: മൊബൈല്‍ ടവറിനെതിരേ പ്രദേശവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഊര്‍ങ്ങാട്ടീരി പഞ്ചായത്തിലെ മൈത്ര കുത്തുപറമ്പ് വാര്‍ഡില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ടവറിനെതിരേയാണ് നാട്ടുകാര്‍ രംഗത്ത് വന്നിരിക്കുന്നത്. ജനവാസ മേഖലയില്‍ ടവര്‍ കൊണ്ടുവന്നാല്‍ പ്രദേശവാസികള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്നതിന് പുറമെ പാരിസ്ഥിതിക പ്രയാസങ്ങള്‍ക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ പഞ്ചായത്ത് അംഗം മസ്ഹൂദ് ചീരാന്‍തൊടിയുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ക്കൊരുങ്ങുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
സ്വകാര്യവ്യക്തിയുടെ ഭൂമി ടവര്‍ നിര്‍മാണത്തിനായി പാട്ടത്തിന് നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുടിവെട്ടാന്‍ തുടങ്ങിയെങ്കിലും നാട്ടുകാര്‍ തടഞ്ഞിരുന്നു. പിന്നീട് പഞ്ചായത്തില്‍ നിന്നും അനുമതി ലഭിച്ചെന്ന് പറഞ്ഞ് മൊബൈല്‍ കമ്പനി അധികൃതര്‍ വീണ്ടുമെത്തിയെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ച് പോവുകയായിരുന്നു.
നാട്ടുകാര്‍ ടവര്‍ നിര്‍മാണം നിര്‍ത്തിവയ്പ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയെങ്കിലും അദ്ദേഹം കൈമലര്‍ത്തിയതോടെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. കലക്ടര്‍ ചെയര്‍മാനായ ജില്ലാ ടെലിഫോണ്‍ കമ്മിറ്റിയിലെ അംഗങ്ങളായ പൊലിസ് സൂപ്രണ്ട്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, പി.ഡബ്ലിയു.ഡി, മാലിന്യനിയന്ത്രണ ബോര്‍ഡ് എന്നിവര്‍ക്കും പരാതി നല്‍കിയതായി വാര്‍ഡ് അംഗം ചീരാന്‍തൊടി മസ്ഹൂദ് പറഞ്ഞു.
ടവര്‍ നിര്‍മാണത്തിന് തെരഞ്ഞെടുത്ത സ്ഥലത്തിന് 50 മീറ്റര്‍ ചുറ്റളവിലാണ് കുത്തുപറമ്പ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ നിരവധി വീടുകളും മദ്‌റസ, ആരാധനാലയങ്ങള്‍ എന്നിവയും ഇതിന്റെ തൊട്ടടുണ്ട്. കലക്ടര്‍ അടക്കമുള്ളവര്‍ക്ക് നല്‍കിയ പരാതിയില്‍ അനുകൂല തീരുമാനമുണ്ടാകാതിരിരുന്നാല്‍ ജനകീയമായി നിര്‍മാണ പ്രവര്‍ത്തനങ്ങളെ തടയാനാണ് പ്രദേശവാസികളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."